ന്യൂഡൽഹി: തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതിനായി യു.എസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് ഇന്ത്യയ്ക്ക് 21 മില്യൺ ഡോളർ അനുവദിച്ചെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ‌്താവന ആശങ്കാജനകമെന്ന് വിദേശകാര്യ മന്ത്രാലയം. യു.എസ് പ്രസിഡന്റിന്റെ അവകാശവാദങ്ങൾ അസ്വസ്ഥത ഉളവാക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലെ വിദേശ ഇടപെടലുകളെ സംബന്ധിച്ച് ആശങ്ക ഉയർത്തുന്നു. ബന്ധപ്പെട്ട വകുപ്പുകളും ഏജൻസികളും ഈ വിഷയം പരിശോധിച്ചുവരികയാണ്. വിശദമായ പ്രതികരണം പിന്നീടുണ്ടാകുമെന്നും വക്താവ് അറിയിച്ചു.
അതിനിടെ,2008 മുതൽ ഇന്ത്യയിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു പദ്ധതികൾക്കും യു.എസ് എ.ഐഡി ഗ്രാന്റ് അനുവദിച്ചിട്ടില്ലെന്ന് ഒരു ദേശീയ മാദ്ധ്യമത്തെ ഉദ്ധരിച്ച് കോൺഗ്രസ് ചൂണ്ടിക്കാട്ടി. 2012ൽ യു.പി.എ ഭരണകാലത്ത് യു.എസ് സഹായം ലഭിച്ചെന്ന് ആരോപിക്കുന്ന ബി.ജെ.പി 2014ലെ തിരഞ്ഞെടുപ്പ് വിജയിച്ചത് അതുപയോഗിച്ചാണോ എന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പവൻ ഖേര ചോദിച്ചു.
21 മില്യൺ യുഎസ് ഡോളർ,ഇന്ത്യയിലെ ആസ്ഥികൾ നിലനിറുത്താൻ ചിലർ ഉപയോഗിച്ചെന്ന് കോൺഗ്രസിനെ പരാമർശിച്ചുകൊണ്ട് ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാൾവിയ ആരോപിച്ചു. പണം ഇന്ത്യയിൽ രാഷ്ട്രീയ നീക്കങ്ങൾക്കായി ഉപയോഗിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫണ്ട് നൽകിയത് ബംഗ്ലാദേശിന്
തിരഞ്ഞെടുപ്പുകളിൽ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കാൻ യു.എസ് 21മില്യൺ ഡോളർ (160 കോടി) ധനസഹായം നൽകിയത് ബംഗ്ലാദേശിനെന്ന് റിപ്പോർട്ട്. ഒരു ദേശീയ മാദ്ധ്യമാണ് ഇത് സംബന്ധിച്ച രേഖകൾ പുറത്തുവിട്ടത്. ബംഗ്ലാദേശിലെ വിദ്യാർത്ഥി സംഘടനകൾക്കാണ് പണം നൽകിയതെന്നാണ് രേഖകൾ. 2014ൽ ബംഗ്ലാദേശിലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായാണ് 13.4 മില്യൺ ഡോളർ ചെലവഴിക്കപ്പെട്ടത്. 2024 ആഗസ്റ്റിൽ വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് ഷെയ്ഖ് ഹസീന സർക്കാർ അട്ടിമറിക്കപ്പെട്ടിരുന്നു. യു.എസ്.എ.ഐ.ഡി (യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡവലപ്‌മെന്റ്)യുടെ ധനസഹായം ലഭിച്ചതായി ബംഗ്ലാദേശ് ഔദ്യോഗിക വൃത്തങ്ങൾ നേരത്തേ സമ്മതിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |