ഇസ്ലാമാബാദ്: വെടിനിറുത്തൽ തീരുമാനത്തിൽ പാകിസ്ഥാന് ആശ്വസിക്കാം. എന്നാൽ പാകിസ്ഥാനിലെ ബലൂചിസ്ഥാന്റെ മുന്നേറ്റം തുടരുകയാണ്. പാകിസ്ഥാന്റെ വിവിധ ഭാഗങ്ങൾ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബി.എൽ.എ) പിടിച്ചടക്കുന്നുവെന്നാണ് റിപ്പോർട്ട്. തലസ്ഥാനമായ ക്വറ്റ പിടിച്ചെടുത്തതിന് പിന്നാലെ കലാട്ട് ജില്ലയിലെ മംഗോച്ചർ നഗരത്തിന്റെ നിയന്ത്രണവും ബലൂചികൾ പൂർണ്ണമായും ഏറ്റെടുത്തു. ബലൂചിസ്ഥാനിലെ 39 വ്യത്യസ്ത മേഖലകളുടെ ആക്രമണങ്ങളുടെ ഉത്തരവാദിത്വം 'ഫത്തേ സ്ക്വാഡ്' ഏറ്റെടുക്കുന്നുവെന്നും കൂടുതൽ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണെന്നും ബി.എൽ.എ വക്താവ് ജിയാൻഡ് ബലൂച്ച് ഇന്നലെ അറിയിച്ചു. മംഗോച്ചറിൽ ബാലൂചിസ്ഥാൻ പോരാളികൾ അവരുടെ പതാക ഉയർത്തുകയും ചെയ്തു.
അതിനിടെ, ബലൂചിസ്ഥാനിലെ ധാതുസമ്പത്ത് അനധികൃതമായി വേർതിരിച്ചെടുക്കാൻ പുറത്തുള്ളവരെ സഹായിക്കുന്നുവെന്ന് ആരോപണം നേരിടുന്ന സൈനിക വാഹനവ്യൂഹങ്ങളെ ബലൂചികൾ ആക്രമിച്ചു. കൂടാതെ പ്രദേശത്തെ വിവിധ പൊലീസ് സ്റ്റേഷനുകൾ ഇവർ പിടിച്ചെടുത്തു. ദേശീയ പാതകൾ ഉപരോധിക്കുകയും ചെയ്തു. ഖാസിനായിൽ വച്ച് പാക് പൊലീസ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തെങ്കിലും ഇവരെ പിന്നീട് മോചിപ്പിച്ചു. പാകിസ്ഥാന്റെ സൈനിക താവളങ്ങളിൽ ബാലൂചികൾ ഇപ്പോഴും ആക്രമിക്കുന്നതായും റിപ്പോർട്ടുണ്ട്. ഇതിനിടെ, ബലൂച് വിമതരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് പാകിസ്ഥാൻ സൈനികർ കൂടി കൊല്ലപ്പെട്ടു.
ഇന്ത്യ-പാക് സംഘർഷം കഴിഞ്ഞ ഒരാഴ്ചയായി കടുത്ത സമയത്താണ് പാകിസ്ഥാൻ സൈന്യത്തിന് നേരെ വൻതോതിൽ ആക്രമണങ്ങൾ ബാലൂചികൾ അഴിച്ചുവിട്ടത്. പ്രധാനമായും പടിഞ്ഞാറൻ പ്രദേശങ്ങളിൽ വിമതർ ശക്തമായ മുന്നേറ്റം നടത്തി. വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന പാകിസ്ഥാന്റെ പതാക പിഴുതെറിഞ്ഞ് സ്വന്തം പതാക സ്ഥാപിക്കുന്ന വീഡിയോകളും ഇതിനകം പുറത്തുവന്നു. ബി.എൽ.എയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ള പ്രഹരം പാകിസ്ഥാന് വലിയ തോതിൽ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്. കഴിഞ്ഞ ദിവസം തടവുകാരുമായി പോയ പാക് സൈന്യത്തിന്റെ വാഹനം ബി.എൽ.എ തടഞ്ഞിരുന്നു. തടവുകാരെ മോചിപ്പിച്ച ശേഷം ഏഴു സൈനികരെയാണ് അവർ വധിച്ചത്. അതിനുമുമ്പ് സൈനിക വാഹനത്തിന് നേരെ നടത്തിയ സ്ഫോടനത്തിൽ 20 സൈനികരെ വധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വ്യാഴാഴ്ച അർദ്ധരാത്രിയോടെ ബി.എൽ.എ ക്വറ്റയിൽ ആധിപത്യം സ്ഥാപിച്ചതും.
ഇന്ധനക്ഷാമം രൂക്ഷം:
പരക്കം പാഞ്ഞ് പാക് ജനത
ഇസ്ലാമാബാദ്: വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നെങ്കിലും പാക്- ഇന്ത്യ സംഘർഷത്തിന്റെ ഫലമെന്നോണം പാകിസ്ഥാനിൽ രൂക്ഷമായ ഇന്ധന ക്ഷാമം നേരിടുന്നതായി റിപ്പോർട്ട്. ഇസ്ലാമാബാദ് തലസ്ഥാന മേഖലയിലെ എല്ലാ പെട്രോൾ, ഡീസൽ സ്റ്റേഷനുകളും അടുത്ത 48 മണിക്കൂർ നേരത്തേക്ക് അടച്ചിടാൻ അധികൃതർക്ക് നിർദ്ദേശം നൽകി. ഇന്നലെ രാവിലെയാണ് പെട്രോൾ, ഡീസൽ പമ്പുകൾ അടച്ചിടാനുള്ള നിർദ്ദേശം ഇസ്ലാമാബാദ് ക്യാപിറ്റൽ ടെറിട്ടറി അഡ്മിനിസ്ട്രേഷൻ നൽകിയത്. എന്നാൽ, ഇതിന് പിന്നിലുള്ള കാരണമെന്താണെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം, ഗതാഗത സംവിധാനത്തെയും ജനറേറ്ററുകളെ ആശ്രയിക്കുന്ന വ്യാപാര സ്ഥാപനങ്ങളെയും ഉൾപ്പെടെ ഇത് ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. നിലവിലുള്ള കരുതൽ ശേഖരം കൈകാര്യം ചെയ്യാനും ഇന്ധനലഭ്യതയെ കുറിച്ചുള്ള പരിഭ്രാന്തി ഇല്ലാതാക്കാനും പൂഴ്ത്തിവയ്പ്പ് തടയാനും ലക്ഷ്യമിട്ടാണ് പെട്രോൾ പമ്പുകൾ അടച്ചുപൂട്ടിയതെന്നാണ് ഒരു വാദം. കൂടുതൽ നിയന്ത്രിതമായ രീതിയിലായിരിക്കും വിതരണം പുനഃസ്ഥാപിക്കുകയെന്നും റിപ്പോർട്ടുണ്ട്.
വ്യോമാതിർത്തി
തുറന്നു
ഇന്ത്യയുമായി വെടിനിറുത്തൽ ധാരണയിലെത്തിയതിന് പിന്നാലെ വ്യോമാതിർത്ത് തുറന്ന് പാകിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ കടുത്ത നടപടികൾ സ്വീകരിച്ചതോടെ പാകിസ്ഥാൻ അടിയന്തരമായി വ്യോമമേഖല അടച്ചിരുന്നു. മറുപടിയായി ഇന്ത്യയും വ്യോമാതിർത്തി അടച്ചുപൂട്ടി.
ഭൂചലനവും
പാകിസ്ഥാനിൽ റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി ഇന്ത്യയുടെ ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ പുലർച്ചെ 1.44ഓടെയാണ് ഭൂചലനമുണ്ടായത്. നാശനഷ്ടത്തിന്റെയും ആളപായത്തിന്റെയോ കണക്കുകൾ ലഭ്യമായിട്ടില്ല. ബലൂചിസ്ഥാൻ മേഖലയിലെ നോഷ്കിക്ക് സമീപമാണ് ഭൂചലനം. ഭൂനിരപ്പിൽ നിന്ന് 10 കി.മീ ആഴത്തിലാണ് പ്രഭവകേന്ദ്രം.
മലയാളികൾക്ക്
യാത്രാ സൗകര്യം
ഒരുക്കി ഒമർ
ന്യൂഡൽഹി: സംഘർഷ ബാധിത പ്രദേശത്ത് കുടുങ്ങിയ മലയാളി വിദ്യാർത്ഥികൾക്ക് നാട്ടിലെത്താൻ സുരക്ഷയും യാത്രാ സൗകര്യവും ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായി കെ.സി.വേണുഗോപാൽ എം.പി ആശയവിനിമയം നടത്തി. മതിയായ സുരക്ഷയോടെ യാത്രാ സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി. വേണുഗോപാൽ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ റെയിൽ ബോർഡ് ചെയർമാന്റെ നിർദ്ദേശപ്രകാരം ഡൽഹിയിൽ നിന്ന് ഇന്നലെ പുറപ്പെട്ട മംഗളാ എക്സ്പ്രസിൽ അധികമായി സീറ്റ് അനുവദിച്ചു. വരും ദിവസങ്ങളിലും ഇതേ റിസർവേഷൻ ക്രമീകരണം ഉറപ്പുവരുത്തണമെന്നും എം.പി ആവശ്യപ്പെട്ടിട്ടുണ്ട്.
ഭീകരവാദത്തിനെതിരെ സി.എം.പി ക്യാമ്പെയിൻ
തിരുവനന്തപുരം : ഭീകരവാദത്തിനെതിരെ സി.എം.പി ക്യാമ്പെയിൻ ആരംഭിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിൽ സി.എം.പി ജനറൽ സെക്രട്ടറി സി.പി.ജോൺ ഉത്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി എം.ആർ.മനോജ് അദ്ധ്യക്ഷത വഹിച്ചു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ.എം.ആർ.തമ്പാൻ, ജില്ല ജോയിന്റ് സെക്രട്ടറി പി.ജി.മധു, എക്സിക്യൂട്ടീവ് അംഗം അലക്സ് സാം ക്രിസ്മസ്, ഏരിയ സെക്രട്ടറിമാരായ തിരുവല്ലം മോഹനൻ, രണ്ടാംചിറ മണിയൻ, പേയാട് ജ്യോതി, വിശ്വനാഥൻ കേരള മഹിളാ ഫെഡറേഷൻ ജില്ല പ്രസിഡന്റ് വി.ആർ.സിനി, സെക്രട്ടറി ചന്ദ്രവല്ലി, രേണുക തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |