ഇന്ത്യൻ സൈന്യത്തിന്റെ കരുത്തിന് തെളിവായി ഓപ്പറേഷൻ സിന്ദൂർ. വരും ദിനങ്ങളിൽ ഭീകരപ്രവർത്തനങ്ങളെ യുദ്ധമായി കണക്കാക്കുമെന്നാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്. ആ പോരാട്ടം തുടരാനുള്ള അംഗീകാരം കൂടിയായി കഴിഞ്ഞ ദിവസം ഉണ്ടായ സംഭവങ്ങളും. ഭീകരവാദത്തിന്റെ കാര്യത്തിൽ പാകിസ്ഥാന് വലിയ തിരിച്ചടി തന്നെയാണ് ഓപ്പറേഷൻ സിന്ദൂർ.
ഇന്നലെ രാവിലെ പാകിസ്ഥാനിലെ സൈനിക കേന്ദ്രങ്ങളിൽ ഉൾപ്പെടെ ഇന്ത്യ നടത്തിയ തിരിച്ചടിയുടെ ആഘാതം അവർക്ക് താങ്ങാനാകുമെന്ന് തോന്നുന്നില്ല. അതിന്റെ പേരിൽ അവർക്ക് പൂർണതോതിൽ ഒരു യുദ്ധത്തിന് ഇറങ്ങാനുള്ള ശേഷിയുമില്ല. പോരാത്തതിന് സംഘർഷം തുടങ്ങിയശേഷം ഗുരുതരമായ ആഭ്യന്തരപ്രശ്നങ്ങളിലേക്ക് ആ രാജ്യം വഴുതി വീണു. വിശേഷിച്ച് ബലൂചിസ്ഥാനിൽ പാക് സൈന്യത്തിന് നേരെയുണ്ടായ ആക്രമണങ്ങൾ അവരെ വലിയ പ്രതിരോധത്തിലാക്കി. സംഘർഷം അവസാനിപ്പിക്കുക എന്നതല്ലാതെ പാകിസ്ഥാന് മുന്നിൽ വഴികളൊന്നും ഉണ്ടായിരുന്നില്ല. സിവിലിയൻ വിമാനത്തിന്റെ മറവിലൂടെ ഇന്ത്യയ്ക്കുനേരെ ഡ്രോൺ ആക്രമണം നടത്തിയത് അന്താരാഷ്ട്രതലത്തിൽ പാകിസ്ഥാന്റെ പൊയ്മുഖം തുറന്നുകാട്ടി. ഉത്തരവാദിത്വത്തോടെയും അന്താരാഷ്ട്ര മര്യാദകൾ പാലിച്ചും ഇന്ത്യ ഈ സംഭവം കൈകാര്യം ചെയ്ത രീതി എന്തായാലും ലോകം ശ്രദ്ധിച്ചിട്ടിട്ടുണ്ടാകും.
പഹൽഗാം ഭീകരാക്രമണത്തിലൂടെ പാകിസ്ഥാൻ സൃഷ്ടിച്ചതാണ് ഈ സംഘർഷാവസ്ഥ. ഓപ്പറേഷൻ സിന്ദൂർ അവരുടെ പൊയ്മുഖം കീറിയെറിയുകയായിരുന്നു. ഇന്ത്യൻ തിരിച്ചടിയിൽ പ്രമുഖരായ ഒട്ടനവധി തീവ്രവാദി നേതാക്കളെ കാലപുരിക്കയക്കാൻ സാധിച്ചു. തുടർന്ന് നടന്ന ആക്രമണങ്ങളിൽ പാകിസ്ഥാനിൽ ഇന്ത്യൻ സൈന്യം വരുത്തിയ നാശനഷ്ടങ്ങൾ വളരെ ഗുരുതരമാണ്. ഒരു സിവിലിയൻ മേഖലയെയും ഇന്ത്യ ആക്രമിച്ചില്ലെങ്കിലും നമ്മുടെ സൈനിക കേന്ദ്രങ്ങളെയും സിവിലിയൻമാരെയും ലക്ഷ്യമാക്കാനായിരുന്നു പാകിസ്ഥാൻ ശ്രമങ്ങളെല്ലാം. അവരുടെ ദുഷ്ടബുദ്ധിയാണ് ഇതിലൂടെ വെളിച്ചത്തുവന്നത്. ഇന്നലെ വെടിനിറുത്തൽ ധാരണ വന്ന ശേഷം രാത്രി വൈകി പാകിസ്ഥാന്റെ ഭാഗത്തുനിന്നും പ്രകോപനങ്ങൾ ഉണ്ടായി. വെടിനിറുത്തൽ ഏറ്റവും ആവശ്യം പാകിസ്ഥാനാണെന്നത് അവർ മനസിലാക്കുന്നത് നല്ലത്.
സിന്ധു നദീജല കരാർ റദ്ദാക്കിയശേഷം കഴിഞ്ഞ ദിവസങ്ങളിൽ ഡാമുകളിൽ നിന്നുള്ള വെള്ളം തുറന്നുവിട്ടത് പ്രാദേശികമായി പാകിസ്ഥാനിലുണ്ടാക്കിയ വൈഷമ്യങ്ങളും നിസാരമല്ല. ഡാം തുറക്കുന്നതിന്റെ അറിയിപ്പ് നൽകാൻ ബാദ്ധ്യത ഇന്ത്യയ്ക്ക് ഇല്ലാതായതോടെ ആ മേഖലയിലെ ജനങ്ങളുടെ സമാധാനവും നഷ്ടപ്പെട്ടു. അന്താരാഷ്ട്ര സമ്മർദ്ദവും പാകിസ്ഥാനെ പ്രതിരോധത്തിലാക്കി. അന്താരാഷ്ട്ര നാണയ നിധിയുടെ ഇടപെടൽ തന്നെയാണ് ഉദാഹരണം. അവരുടെ ഒരു ബില്യൺ ഡോളർ സഹായ വാഗ്ദാനത്തിൽ വെടിനിറുത്തൽ ഉൾപ്പെടെയുള്ള വ്യവസ്ഥകളും ഉണ്ടായിരിക്കണം. ഇക്കാര്യത്തിൽ ഉറപ്പായും അമേരിക്ക ഇടപെട്ടിട്ടുണ്ടാകാം. ഇന്നലെ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യൻ വിദേശകാര്യമന്ത്രിയുമായും പാക് വിദേശകാര്യമന്ത്രിയുമായും സംസാരിച്ചിരുന്നു. അതിലും പ്രധാനപ്പെട്ട കാര്യം പാക് സൈനിക മേധാവി ജനറൽ അസീം മുനീറുമായി റൂബിയോ സംഭാഷണം നടത്തി എന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |