കടുത്ത വിജയ് ആരാധകനെന്ന നിലയിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ മലയാളിയാണ് ഉണ്ണിക്കണ്ണൻ മംഗലംഡാം. വിജയ്‌യെ നേരിൽ കാണാനായി കഴിഞ്ഞ ഏഴു വർഷമായി നടക്കുന്നുവെന്നാണ് ഇയാൾ അവകാശപ്പെടുന്നത്. ഇതിനിടെ കഴിഞ്ഞ ജനുവരി ഒന്നിന് വിജയ്‌യുടെ പുതിയ ചിത്രമായ ജനനായകന്റെ ലൊക്കേഷനിലേക്ക് ഉണ്ണിക്കണ്ണൻ കാൽനടയായി യാത്ര ചെയ്ത് എത്തിയിരുന്നു. യാത്രയുടെ വീഡിയോയും ഉണ്ണിക്കണ്ണൻ പങ്കുവച്ചിരുന്നു. ഫെബ്രുവരിയിൽ വിജയ്‌യെ കണ്ടെന്ന് ഉണ്ണിക്കണ്ണൻ അറിയിക്കുകയും ചെയ്തു, എന്നാൽ കൂടിക്കാഴ്ചയുടെ ചിത്രങ്ങളോ വീഡിയോയോ പോസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ ഉണ്ണിക്കണ്ണൻ കളവു പറയുകയാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചാരണം നടന്നു. ഉണ്ണിക്കണ്ണനെതിരെ വ്യാപകമായി സൈബർ ആക്രമണവും നടന്നു.
ഇതിന് മറുപടിയായി പോസ്റ്റ് ചെയ്ത വീഡിയോയിൽ താൻ കള്ളം പറയില്ലെന്നും വിജയ് അണ്ണനെ കണ്ടതിന് നടി മമിത ബൈജു സാക്ഷിയാണെന്നും ഉണ്ണിക്കണ്ണൻ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഉണ്ണിക്കണ്ണന്റെ വാക്കുകളെ സാധൂകരിച്ച് മമിത ബൈജു തന്നെ രംഗത്തെത്തിയിരിക്കുകയാണ്, ഉണ്ണിക്കണ്ണൻ പോസ്റ്റ് ചെയ്ത വീഡിയോക്ക് താഴെ 'യെസ് യുവർ ഓണർ, അയാം ദി വിറ്റ്നസ്' എന്ന് മമിത ബൈജു കമന്റ് ചെയ്തു.
താൻ നുണയനല്ലെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ മമിതയോട് ഉണ്ണിക്കണ്ണൻ നന്ദി പറഞ്ഞു. തന്നെ അടുത്ത് അറിയുന്നവർ പോലും താൻ വിജയ് അണ്ണനെ കണ്ടത് കളവാണ് എന്നാണ് പറഞ്ഞത്. അതിനിടയിലാണ് തിരക്കുകൾ ഉണ്ടായിട്ടും മമിത, എന്റെ അനിയത്തിക്കുട്ടി സത്യം പറഞ്ഞത്. പലരും എന്നെയും കുടുംബത്തെയും ചീത്തവിളിച്ചു. ഞാൻ മനസ് തകർന്ന് നിൽക്കുകയായിരുന്നു, നന്ദി അനിയത്തിക്കുട്ടീ, ഉണ്ണിക്കണ്ണൻ വീഡിയോയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |