ഇസ്ലാമാബാദ്: പാകിസ്ഥാൻ ഭരണകൂടത്തിന് മേൽ കടുത്ത പ്രതിസന്ധി സൃഷ്ടിച്ച് ഇന്ത്യ - പാകിസ്ഥാൻ സംഘർഷം. പാകിസ്ഥാനുമേൽ ഇന്ത്യ ആധിപത്യം സൃഷ്ടിക്കുമ്പോഴും രാജ്യത്തെ അസ്ഥിര രാഷ്ട്രീയ കാലാവസ്ഥ മുതലെടുത്ത് ബലൂചിസ്ഥാൻ വിഘടനവാദികളായ ബി.എൽ.എസും ആക്രമണം കടുപ്പിച്ചു. തൊട്ടുപിന്നാലെ ഇമ്രാൻ ഖാനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അനുയായികൾ രാജ്യവ്യാപക പ്രക്ഷോഭത്തിന് തുടക്കമിടുകയും ചെയ്തു. അതിനിടെ ലോകരാഷ്ട്രങ്ങൾ അടക്കം പാകിസ്ഥാനെ സാമ്പത്തികമായും ഒറ്റപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.
ഇന്ത്യയെ എന്നൊക്കെ ആക്രമിച്ചിട്ടുണ്ടോ അപ്പോഴൊക്കെ തിരിച്ചടി കിട്ടുമ്പോൾ വിദേശസഹായത്തോടെ രക്ഷപ്പെടുന്ന പതിവാണ് പാകിസ്ഥാനുള്ളത്. കാർഗിൽ യുദ്ധസമയത്തും ബലാക്കോട്ടിലെ ഇന്ത്യയുടെ വ്യോമാക്രമണ സമയത്തും പാകിസ്ഥാന് യു.എസ് ഉൾപ്പെടെയുള്ള രാജ്യങ്ങളുടെയും ചൈനയുടെയും സഹായമുണ്ടായി. എന്നാൽ, പഹൽഗാമിലെ ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ആക്രമിക്കുകയും അതിന് പിന്നാലെ പാകിസ്ഥാൻ പ്രകോപനം തുടങ്ങുകയും ചെയ്തിട്ടും മുമ്പുള്ളതുപോലെ സഹായങ്ങൾ ലഭിക്കുന്നില്ലെന്നത് പാകിസ്ഥാനെ കുഴക്കിയെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
നിലവിൽ ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ ഇടപെടില്ലെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് പ്രതികരിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ യു.എസിനെ കൂട്ടുപിടിച്ച് വെടിനിറുത്തൽ നടപ്പാക്കാൻ പാകിസ്ഥാൻ കുറച്ച് ബുദ്ധിമുട്ടേണ്ടി വരും. അതേസമയം, സംഘർഷം ഒഴിവാക്കാൻ ഇരുരാജ്യങ്ങളോടും അഭ്യർത്ഥിക്കാമെന്ന് വാൻസ് പറഞ്ഞിട്ടുണ്ട്. യു.എസ് പ്രധാനമായും ഇന്ത്യയ്ക്കാണ് പ്രധാന്യം നൽകുന്നത്. അടുത്ത സുഹൃത്തായ ചൈനപോലും സംഘർഷം അവസാനിപ്പിക്കാൻ ഇടപെടുന്നില്ല എന്നതാണ് നിലവിൽ പാകിസ്ഥാൻ നേരിടുന്ന വേറൊരു പ്രതിസന്ധി. സംഘർഷം തുടങ്ങിയ സമയത്ത് ഇരുരാജ്യങ്ങളും ഞങ്ങളുടെ അയൽക്കാരാണെന്ന പ്രതികരണമാണ് ചൈനയുടെ ഭാഗത്തുനിന്നുണ്ടായത്. നിലവിലെ ആഗോള സാഹചര്യത്തിൽ ഇന്ത്യയെ യു.എസ് ചേരിയിലേക്ക് തള്ളിവിടാൻ ചൈന താത്പര്യപ്പെടുന്നില്ല. അതിനാൽ നിഷ്പക്ഷ നിലപാടാണ് ചൈന കൈക്കൊണ്ടത്. എങ്കിലും പാകിസ്ഥാനുള്ള മാനസിക പിന്തുണ ആവർത്തിക്കുകയും ചെയ്തു.
നിലവിൽ ആണവായുധ ശേഷിയുള്ള രാജ്യമായിട്ടും ഇപ്പോൾ പാകിസ്ഥാൻ രണ്ടേ രണ്ട് രാജ്യങ്ങൾക്കേ ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുള്ളൂ. തുർക്കി, അസർബൈജൻ. അസർബൈജാൻ ഇന്ത്യയെ എതിർക്കുന്ന രാജ്യമാണ്. കാരണം അവരുടെ എതിരാളിയായ അർമേനിയയ്ക്ക് ആയുധങ്ങൾ നൽകുന്നത് ഇന്ത്യയാണ്. അതിന്റെ പേരിലാണ് അവർ മനസില്ലാ മനസോടെ പാകിസ്ഥാനെ പിന്തുണയ്ക്കുന്നത്. ഇന്ത്യയുടെ പതനം ആഗ്രഹിക്കുന്ന മറ്റൊരു രാജ്യമാണ് തുർക്കി. പാകിസ്ഥാന് ആയുധങ്ങൾ ഉൾപ്പെടെ നൽകുന്നത് തുർക്കിയാണ്. കഴിഞ്ഞ ദിവസം പാകിസ്ഥാൻ ഇന്ത്യയിലേക്ക് തൊടുത്തുവിട്ട ഡ്രോണുകളെല്ലാം തന്നെ തുർക്കിയുടേതാണെന്നതും ശ്രദ്ധേയമാണ്. എന്നാൽ അതിനപ്പുറം കടന്ന് സംഘർഷം ഒഴിവാക്കാനുള്ള ഇടപെടൽ നടത്താനുള്ള ശ്രമം തുർക്കിയുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ല.
അതേസമയം, വിഷയത്തിൽ മദ്ധ്യസ്ഥ ശ്രമത്തിന് പാകിസ്ഥാന്റെ സുഹൃത്തുക്കളായ ഗൾഫ് രാജ്യങ്ങളും ശ്രമിക്കുന്നുണ്ട്. എന്നാൽ ഇന്ത്യയുമായുള്ള ബന്ധം ഉലയാതിരിക്കാനുള്ള മുൻകരുതലും അവരുടെ നീക്കങ്ങളിലുണ്ട്. അതേസമയം, കൂടുതൽ രാജ്യങ്ങളുമായി പാകിസ്ഥാൻ അത്ര നല്ല ബന്ധത്തിൽ അല്ലാത്തതും ശ്രദ്ധേയമാണ്. ഇവരുടെ ഒക്കെ സപ്പോർട്ടും സഹായങ്ങളും ഇന്ത്യയ്ക്കാണ്. അതുകൊണ്ട് തന്നെ പാകിസ്ഥാൻ എത്ര നാൾ ഇങ്ങനെ തന്നെ തുടമെന്ന കാര്യത്തിൽ ഉറപ്പുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |