# കവിത,നാടകം,സിനിമ,സ്റ്റേജ് ഷോ,
ജീവിതത്തെ അർത്ഥവത്താക്കും
# കവിത പോസ്റ്റ് ചെയ്തതിന്റെ പേരിൽ
ഗുജറാത്ത് പൊലീസെടുത്ത കേസ് റദ്ദാക്കി
# നടപടി കോൺഗ്രസ് എം.പി ഇമ്രാൻ
പ്രതാപ്ഗഡിയുടെ ഹർജിയിൽ
ന്യൂഡൽഹി :ആവിഷ്ക്കാര സ്വാതന്ത്ര്യമില്ലെങ്കിൽ ഭരണഘടന ഉറപ്പുനൽകുന്ന അന്തസായ ജീവിതം അസാദ്ധ്യമാകുമെന്ന് സുപ്രീംകോടതി ഉറച്ചസ്വരത്തിൽ വ്യക്തമാക്കി.
ഒരു കവിത എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതിന്റെ പേരിൽ കോൺഗ്രസ് രാജ്യസഭാ എം.പി ഇമ്രാൻ പ്രതാപ്ഗഡിക്കെതിരെ ഗുജറാത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ആവിഷ്കാര സ്വാതന്ത്ര്യം സുപ്രീംകോടതി ഉയർത്തിപ്പിടിച്ചത്.
കവിത,നാടകം,സിനിമ,സ്റ്റേജ് ഷോ,ആക്ഷേപഹാസ്യം തുടങ്ങിയവ മനുഷ്യജീവിതത്തെ കൂടുതൽ അർത്ഥവത്താക്കുന്നവയാണ്. വ്യക്തികൾക്കും സംഘങ്ങൾക്കും ചിന്തകൾ, അഭിപ്രായങ്ങൾ എന്നിവ പ്രകടിപ്പിക്കാൻ സ്വാതന്ത്ര്യമുണ്ടാകണം. അത് ആരോഗ്യകരവും പരിഷ്കൃതവുമായ സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണ്.
പൊലീസും എക്സിക്യൂട്ടീവും പരാജയപ്പെട്ടാൽ കോടതികൾ ഇടപെട്ട് മൗലികാവകാശങ്ങൾ സംരക്ഷിക്കണം. മറ്റൊരു സ്ഥാപനത്തിനും അതിന് കഴിയില്ലെന്നും ജസ്റ്റിസുമാരായ അഭയ് എസ്. ഓക, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
പൗരന്മാരുടെ മൗലികാവകാശങ്ങൾ തീക്ഷ്ണതയോടെ സംരക്ഷിക്കാൻ ഭരണഘടനാ കോടതികൾ മുൻപന്തിയിൽ നിൽക്കേണ്ടതുണ്ട്. ഭരണഘടനാ അവകാശങ്ങൾ പൗരന്മാർക്ക് ഉറപ്പിച്ചു കൊടുക്കേണ്ടത് കോടതികളുടെ ഉത്തരവാദിത്തമാണ്.
കവിതകൊണ്ട് തകരില്ല
രാജ്യത്തിന്റെ അടിത്തറ
രാജ്യം റിപ്പബ്ലിക്കായി 75 വർഷങ്ങൾ പിന്നിട്ടു. ഒരു കവിതാ പാരായണമോ, സ്റ്റാൻഡ്-അപ്പ് കോമഡിയോ കേട്ട് സമുദായങ്ങൾ തമ്മിൽ ശത്രുതയിലാവുന്ന തരത്തിൽ ദുർബലമല്ല നമ്മുടെ രാജ്യത്തിന്റെ അടിത്തറയെന്ന് കോടതി ചൂണ്ടിക്കാട്ടി. വിയോജിക്കുന്നവർ കൂടുതലാണെങ്കിൽപ്പോലും അഭിപ്രായം പറയാനുള്ള വ്യക്തിയുടെ അവകാശം ബഹുമാനിക്കപ്പെടണം. സംരക്ഷിക്കപ്പെടണം.അക്രമമാർഗത്തിൽ നിന്ന് പിന്തരിഞ്ഞ്അനീതിയെ സ്നേഹമാർഗത്തിലൂടെ നേരിടാനാണ് കവിത ആഹ്വാനം ചെയ്യുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ അഖണ്ഡതയെയോ, സാമുദായിക സൗഹാർദ്ദത്തെയോ ബാധിക്കുന്നതല്ല കവിതയിലെ വരികൾ.
പ്രാഥമികാന്വേഷണം
നടത്തണം
ആവിഷ്ക്കാര - അഭിപ്രായ സ്വാതന്ത്ര്യം ഉൾക്കൊള്ളുന്ന പരാതികളിൽ പൊലീസ് പ്രാഥമികാന്വേഷണം നടത്തണമെന്ന് കോടതി. പ്രഥമദൃഷ്ട്യാ കേസുണ്ടോയെന്ന് പരിശോധിക്കണം.ഭരണഘടനയിലെ അനുച്ഛേദം 19(1)(എ) പൗരന്മാർക്ക് ആവിഷ്ക്കാര-അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുനൽകുന്നു. ആ സ്വാതന്ത്ര്യത്തെ ബഹുമാനിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ ബാദ്ധ്യസ്ഥരാണ്.പൊലീസ് ഉദ്യോഗസ്ഥർ ഭരണഘടന അനുസരിക്കുകയും അതിന്റെ ആദർശങ്ങളെ ബഹുമാനിക്കുകയും വേണമെന്ന് സുപ്രീംകോടതി ഓർമ്മിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |