ന്യൂഡൽഹി: വിവാദമായ വഖഫ് ഭേദഗതി ബിൽ 'ഇന്ത്യ" സഖ്യത്തിന്റെ കടുത്ത എതിർപ്പിനും ബഹളത്തിനുമിടെ ലോക്സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ ഭേദഗതി നിർദ്ദേശങ്ങൾ വോട്ടിനിട്ട് തള്ളി. മുനമ്പം പ്രശ്നത്തിന് ഇനി പരിഹാരമുണ്ടാകുമെന്ന് ചർച്ചയ്ക്ക് മറുപടി നൽകിയ കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി കിരൺ റിജിജു പറഞ്ഞു. ഇതിനിടെ എ.ഐ.എം.ഐ.എം പാർട്ടി നേതാവ് ഒവൈസി ബില്ല് സഭയിൽ കീറി.
മുസ്ലിം സമുദായത്തിനിടയിൽ നിർണായക സ്വാധീനമുള്ള എൻ.ഡി.എയിലെ സഖ്യകക്ഷികളായ ടി.ഡി.പി, ജെ.ഡിയു, എൽ.ജെ.പി, ആർ.എൽ.ഡി എന്നിവ കേന്ദ്രത്തിനൊപ്പം നിന്നു. ഇന്നലെ ഉച്ചയ്ക്ക് 12.05ഓടെ ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജുവാണ് ബിൽ അവതരിപ്പിച്ചതെങ്കിലും 10 മണിക്കൂറിലേറെ നീണ്ട ചർച്ചയിൽ മറുപടി പറഞ്ഞതും പ്രതിപക്ഷത്തെ കടന്നാക്രമിച്ചതും ആഭ്യന്തരമന്ത്രി അമിത് ഷാ ആയിരുന്നു. തമിഴ്നാട്ടിലെ തിരുചെന്ദുരൈ ഗ്രാമത്തിലെ 1500ൽപ്പരം വർഷം പഴക്കമുള്ള ചന്ദ്രശേഖര സ്വാമി ക്ഷേത്രം തുടങ്ങി നിരവധി ഇടങ്ങൾ വഖഫ് ഭൂമിയാണെന്ന് അവകാശവാദമുയർത്തുകയാണെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസാരിച്ചില്ല. ബില്ല് നിയമപരമായി നിലനിൽക്കില്ലെന്ന് ആർ.എസ്.പി അംഗം എൻ.കെ.പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി. 2024 ആഗസ്റ്റിൽ ലോക്സഭയിൽ അവതരിപ്പിച്ച ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിട്ടിരുന്നു. ബഡ്ജറ്റ് സമ്മേളനം നാളെ വരെയാണ്. ഈ സാഹചര്യത്തിൽ ഇന്നുതന്നെ രാജ്യസഭയിലും പാസാക്കിയെടുക്കാനാണ് ശ്രമം.
മതവിഷയത്തിൽ അമുസ്ലിം
അംഗങ്ങൾ ഇടപെടില്ല
കേന്ദ്ര വഖഫ് കൗൺസിലിലും സംസ്ഥാന വഖഫ് ബോർഡിലും രണ്ടു വീതം അമുസ്ലിങ്ങൾക്ക് അംഗങ്ങളാകാമെന്ന വ്യവസ്ഥയിൽ അമിത് ഷാ വ്യക്തത വരുത്തി. വഖഫ് മതപരമാണ്. മതപരമായ ഒരു കാര്യത്തിലും അമുസ്ലിം അംഗങ്ങൾ ഇടപെടില്ല. വഖഫ് നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ഭരണവും മേൽനോട്ടവുമാണ് അവരുടെ ചുമതല. സംഭാവനകൾ, അതിനായി നൽകിയ കാര്യത്തിന് തന്നെയാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കും.
മുനമ്പവും കെ.സി.ബി.സിയും
ബില്ലിനോടുള്ള ക്രിസ്ത്യൻ സംഘടനകളുടെ അനുകൂല നിലപാട് അമിത് ഷാ എടുത്തു പറഞ്ഞു. കെ.സി.ബി.സി, കാത്തലിക് ബിഷപ്പ്സ് കൗൺസിൽ, കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഒഫ് ഇന്ത്യ, കാത്തലിക് കോൺഗ്രസ് കേരള തുടങ്ങിയവ ബില്ലിനെ അനുകൂലിക്കുന്നതായി ചൂണ്ടിക്കാട്ടി. മുനമ്പത്ത് 600ൽപ്പരം കുടുംബങ്ങൾ നേരിടുന്ന പ്രതിസന്ധിയെ കുറിച്ചാണ് മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി എം.പിയുമായ അനുരാഗ് താക്കൂർ പറഞ്ഞത്.
മുസ്ലിം സമുദായത്തിലെ പിന്നാക്ക വിഭാഗങ്ങളെ അടക്കം ചേർത്തുപിടിക്കുന്നതാണ് പുതിയ നിയമം. ഇപ്പോൾ കൊണ്ടുവന്നില്ലെങ്കിൽ ഇന്ത്യൻ പാർലമെന്റ് പോലും വഖഫ് സ്വത്തായി പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ടാകും. 1970ൽ ഡൽഹി വഖഫ് ബോർഡ് അങ്ങനെയൊരു അവകാശവാദമുന്നയിച്ചിരുന്നു.
-കിരൺ റിജിജു,
കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി
കേന്ദ്രസർക്കാർ ഇപ്പോൾ മുസ്ലിങ്ങൾക്ക് എതിരാണ്. നാളെ ക്രിസ്ത്യൻ, സിഖ്, ജൈന സമുദായങ്ങൾക്ക് എതിരെയാവും നീക്കം.
-കെ.സി. വേണുഗോപാൽ,
കോൺഗ്രസ്
ബി.ജെ.പി സർക്കാർ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ മാനസികമായും ശാരീരികമായും സാമൂഹ്യമായും സാമ്പത്തികമായും പീഡിപ്പിക്കുന്നു. ബിൽ മുസ്ലിങ്ങൾക്ക് കൂടുതൽ അനീതി സമ്മാനിക്കും.
-ഇ.ടി.മുഹമ്മദ് ബഷീർ,
മുസ്ളിം ലീഗ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |