ന്യൂഡൽഹി : വി.ഡി. സവർക്കർക്കെതിരെ മോശം പരാമർശം നടത്തിയെന്ന കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലക്‌നൗവിലെ അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ നേരിട്ട് ഹാജരാകണം. കീഴ്‌ക്കോടതിയുടെ സമൻസ് റദ്ദാക്കണമെന്ന രാഹുലിന്റെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി. രാഹുൽ ലക്‌നൗവിലെ കോടതിയെ തന്നെ സമീപിക്കണമെന്ന് ജസ്റ്റിസ് സുഭാഷ് വിദ്യാർത്ഥി നിർദ്ദേശിച്ചു. 2022ലെ ഭാരത് ജോഡോ യാത്രയ്‌ക്കിടെ സർവർക്കർക്കെതിരെ രാഹുൽ അപകീർത്തികരമായ പരാമർശം നടത്തിയെന്നും സമൂഹത്തിൽ വിദ്വേഷമുണ്ടാക്കാൻ ശ്രമിച്ചെന്നുമാണ് ഹർജിക്കാരനും അഭിഭാഷകനുമായ നൃപേന്ദ്ര പാണ്ഡെയുടെ ആരോപണം.
സവർക്കർ ബ്രിട്ടീഷുകാരുമായി സഹകരിച്ചു പ്രവർത്തിച്ച വ്യക്തിയാണെന്നും, അവരിൽ നിന്ന് പെൻഷൻ വാങ്ങിയിരുന്നുവെന്നും രാഹുൽ പറഞ്ഞതായി ഹർജിയിൽ ചൂണ്ടിക്കാട്ടി. വിദ്വേഷം പടർത്തൽ,പൊതുശല്യം തുടങ്ങിയ കുറ്റങ്ങൾക്ക് രാഹുലിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. പരാതിയിൽ പ്രഥമദൃഷ്‌ട്യാ കഴമ്പുണ്ടെന്ന് വ്യക്തമാക്കി രാഹുലിന് സമൻസ് അയക്കാൻ എ.സി.ജെ.എം അലോക് വെർമ തീരുമാനിക്കുകയായിരുന്നു. നേരിട്ടു ഹാജരാകാനും നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |