ന്യൂഡൽഹി: പുൽവാമയിൽ 2019 ഫെബ്രുവരി 14ന് 40 ജവാന്മാരുടെ വീരമൃത്യുവിന് ഇടയാക്കിയ ഭീകരാക്രമണത്തിന് ശേഷം ജമ്മു കാശ്‌മീരിനെ ഞെട്ടിച്ച മറ്റൊരു കൂട്ടക്കൊലയാണ് പഹൽഗാമിലെ വിനോദ സഞ്ചാര മേഖലയിൽ ഇന്നലെ നടന്നത്. 2019ൽ ലക്ഷ്യമിട്ടത് സൈനികരെ ആയിരുന്നെങ്കിൽ ഇന്നലെ അക്രമിക്കപ്പെട്ടത് സിവിലിയൻമാരായ വിനോദ സഞ്ചാരികൾ ആണെന്ന വ്യത്യാസം. പുൽവാമയ്‌ക്ക് തിരിച്ചടിയായി 2019 ഫെബ്രുവരിയിൽ ഇന്ത്യ വ്യോമാതിർത്തി ലംഘിച്ച് പാകിസ്ഥാനിൽ കടന്ന് ജയ്ഷെ മുഹമ്മദ് ഭീകരരുടെ മൂന്ന് ക്യാമ്പുകൾ ബോംബിട്ട് തകർത്ത് 325 ഭീകരരെ കൊന്നതും ഈ സന്ദർഭത്തിൽ ഓർക്കാം. ഇത്തരം തിരിച്ചടി പഹൽഗാമിന് പകരമായി ഇന്ത്യ നടത്തുമോ എന്നതാണ് ഏവരും ഉറ്റു നോക്കുന്നത്.
പുൽവാമയിലെ ആക്രമണം
ജമ്മു-ശ്രീനഗർ ദേശീയപാതയിൽ ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ച വാഹനവ്യൂഹം പുൽവാമ ജില്ലയിലെ ലെതപോറയിൽ എത്തിയപ്പോൾ സ്‌ഫോടക വസ്‌തുക്കൾ നിറച്ച വാഹനം ഭീകരൻ ഇടിച്ചു കയറ്റുകയായിരുന്നു. 40 സി.ആർ.പി.എഫ് ഉദ്യോഗസ്ഥരും, ചാവേറായ ഭീകരൻ കാശ്‌മീർ സ്വദേശി ആദിൽ അഹമ്മദ് ദാറും കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തു.
ആക്രമണം ഇന്ത്യ-പാകിസ്ഥാൻ നയതന്ത്ര ബന്ധത്തെ ബാധിച്ചു. പാകിസ്ഥാന് വ്യാപാര ഇളവുകൾ നൽകിയിരുന്ന അതീവ സൗഹൃദരാജ്യ പദവി പിൻവലിച്ചു. ആക്രമണത്തിന്റെ ഗൂഢാലോചനയിലും ആസൂത്രണത്തിലും മുഖ്യപങ്കാളിയായിരുന്ന ജയ്‌ഷെ ഭീകരൻ മുഹമ്മദ് ഇസ്മയിൽ അൽവിയെ 2021 ജൂലായിൽ സുരക്ഷാ സേന വെടിവച്ചു കൊന്നു. ജെയ്ഷെ മുഹമ്മദ് സ്ഥാപകൻ മൗലാന മസൂദ് അഷറിന്റെ അനന്തരവനാണ്.
പുൽവാമ സംഭവത്തിന് പിന്നാലെ തിരിച്ചടി നൽകാൻ ഇന്ത്യൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകിയ കേന്ദ്രസർക്കാർ, ഭീകരസംഘടനകളെ പോറ്റുന്ന പാകിസ്ഥാനെ അന്താരാഷ്‌ട്ര തലത്തിൽ ഒറ്റപ്പെടുത്താനും നീക്കം തുടങ്ങി. ജവാന്മാരുടെ വീരമൃത്യു വിഫലമാവില്ലെന്നും ഇന്ത്യ തിരിച്ചടിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. തിരിച്ചടിക്കാനുള്ള സമയവും സ്ഥലവും പ്രഹരം എങ്ങനെ വേണമെന്നും സൈന്യത്തിന് തീരുമാനിക്കാമെന്നും മോദി പറഞ്ഞു. കോൺഗ്രസ് അടക്കമുള്ള ദേശീയ പാർട്ടികൾ കേന്ദ്രസർക്കാരിന് പിന്തുണ പ്രഖ്യാപിച്ചു.
ബാലാകോട്ടെ വൻ പ്രഹരം
40 സി.ആർ.പി.എഫ് ജവാൻമാരെ കൂട്ടക്കുരുതി ചെയ്‌തതിന് പ്രതികാരമായി 12ദിവസങ്ങൾക്ക് ശേഷം 2019 ഫെബ്രുവരി 26ന് ഇന്ത്യൻ പോർവിമാനങ്ങൾ വ്യോമാതിർത്തി ലംഘിച്ച് പാകിസ്ഥാനിൽ കടന്ന് ജയ്ഷെ മുഹമ്മദ് ഭീകരരുടെ മൂന്ന് ക്യാമ്പുകൾ ബോംബാക്രമണത്തിൽ ചുട്ടെരിച്ചു. ജയ്ഷെ തലവൻ മസൂദ് അസറിന്റെ വലംകൈയും ഭാര്യാ സഹോദരനുമായ യൂസുഫ് അസറും ഇന്ത്യ നോട്ടമിട്ടിരുന്ന മറ്റ് ചില കൊടും ഭീകരരും അടക്കം 325 പേർ കൊല്ലപ്പെട്ടു.
പുലർച്ചെ 3.45 മുതൽ 4.06 വരെയുള്ള 21 മിനിട്ട് നീണ്ട ഓപ്പറേഷനിൽ പന്ത്രണ്ട് മിറാഷ് 2000 യുദ്ധവിമാനങ്ങൾ സൂക്ഷ്‌മ പ്രഹരശേഷിയുള്ള 1000 കിലോ ലേസർ നിയന്ത്രിത ബോംബുകൾ വർഷിച്ചു. ജയ്ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ ഭീകര പരിശീലന കേന്ദ്രമായ ബലാകോട്ട്, അധിനിവേശ കാശ്‌മീരിലെ മുസാഫറാബാദ്, ചകോതി എന്നിവിടങ്ങളിലെ ക്യാമ്പുകളാണ് തകർത്തത്. മുസാഫറാബാദിലായിരുന്നു ആദ്യ ആക്രമണം. രാജ്യമെങ്ങും ദേശീയ വികാരം ആളിക്കത്തിച്ച പുൽവാമാ ആക്രമവും പിന്നാലെ നടന്ന തിരിച്ചടിയും ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന് മാസങ്ങൾക്ക് ശേഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേട്ടമായതും ചരിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |