ഇന്ത്യയുമായുള്ള സംഘർഷം മുറുകിയപ്പോൾ പാകിസ്ഥാൻ ഏറ്റവും ഭയന്ന പേര് അജിത്കുമാർ ഡോവൽ എന്ന ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റേതാണ്. ഡോവലിന്റെ ആവനാഴിയിലെ തന്ത്രങ്ങൾ അവസാനിക്കില്ലെന്ന് അവർക്കറിയാം. ഇന്ന് ഇന്ത്യൻ ഭരണ സിരാകേന്ദ്രത്തിലെ ഏറ്റവും കരുത്തനായ വ്യക്തിയാണ് ഡോവൽ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ആഭ്യന്തരമന്ത്രി അമിത്ഷായുടേയും വിശ്വസ്ഥൻ. ഒരിക്കൽ ചെയ്തതൊന്നും ആവർത്തിക്കുകയില്ല. ഓരോ വിഷയത്തിലും എതിരാളിക്ക് പ്രതീക്ഷിക്കാൻ കഴിയാത്ത വ്യത്യസ്ഥമായ നിലപാടുകൾ സ്വീകരിക്കും. ഇതാണ് ഡോവലിന്റെ വലിയ പ്രത്യേകതകളിലൊന്ന്. ഇപ്പോൾ ഡൽഹിയിൽ നടക്കുന്ന എല്ലാ ചർച്ചകളിലും അജിത് ഡോവൽ നിർണായക റോൾ വഹിക്കുന്നുണ്ട്. കൃത്യമായ മേൽക്കൈയോടെ വെടിനിറുത്തൽ ഉണ്ടായതിലും വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്റെ ബന്ധങ്ങൾക്കൊപ്പം ഡോവലിന്റെ തന്ത്രങ്ങളുമുണ്ട്. വെടിനിറുത്തൽ കരാർ ലംഘിക്കാൻ പാകിസ്ഥാൻ ശ്രമിക്കുമ്പോൾ ഡോവലിന്റെ അടുത്ത നീക്കം വിവിധ രാഷ്ട്രങ്ങളിലെ സൈനിക നയതന്ത്രജ്ഞർ ഉറ്റുനോക്കുന്നുണ്ട്
കേരള കേഡർ
1968ലെ കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായ ഡോവൽ ഇന്ത്യകണ്ട ഏറ്റവും മികച്ച രഹസ്യാന്വേഷണ ഉദ്യോഗസ്ഥനും ഇന്റലിജൻസ് ഓപ്പറേഷനുകളുടെ സൂത്രധാരനുമാണ്. അയൽ രാജ്യങ്ങളുമായി സ്വയം പ്രതിരോധമെന്ന ചിന്തയിൽ നിന്ന് ഇന്ത്യയെ തിരിച്ചടിക്കാൻ പ്രാപ്തമാക്കിയ ആശയങ്ങൾ ഡോവലിന്റേതായിരുന്നു. ബാലക്കോട്ട് മാത്രമല്ല, പല ഉദാഹരണങ്ങളും ചൂണ്ടിക്കാട്ടാനുണ്ട്. കാശ്മീർ വിഷയത്തിൽ കടുത്ത തീരുമാനങ്ങൾ എടുക്കാൻ മോദി സർക്കാരിനെ പ്രേരിപ്പിച്ചതും ഡോവലായിരുന്നു.
തലശേരി കലാപം ഒതുക്കി
'ഞങ്ങൾ മൂന്നു പേരായിരുന്നു 1968 ബാച്ചിൽ കേരള കേഡറിലെത്തിയത്. ഞാനും അജിത് ഡോവലും തപേശ്വർ ശർമ്മയും." ബാച്ച് മേറ്റായ അജിത് കുമാർ ഡോവലിനെക്കുറിച്ച് കേരളത്തിലെ മുൻ ഡി.ജി.പി.യും റിസർച്ച് ആൻഡ് അനാലിസിസ് വിംഗിന്റെ (റാ) മുൻ മേധാവിയുമായ ഹോർമീസ് തരകൻ കേരളകൗമുദിയോട് പറഞ്ഞിട്ടുണ്ട്. 'അജിത് അന്നേ മിടുക്കനാണ്. കേരളത്തിൽ അജിത്തിന്റെ ആദ്യ പോസ്റ്റിംഗ് കോട്ടയം എ.എസ്.പിയായിട്ടായിരുന്നു. തലശ്ശേരി ലഹള ഉണ്ടായപ്പോൾ അന്നത്തെ ആഭ്യന്തരമന്ത്രി കെ.കരുണാകരന്റെ നിർദ്ദേശ പ്രകാരം അവിടെ പോയി. ഫലപ്രദമായി പ്രവർത്തിച്ചു. അധികം വൈകാതെ അജിത് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിലേക്കുപോയി. സിവിൽ സർവീസ് പരീക്ഷയിൽ മുന്നിൽ വരുന്ന പത്തുപേരെ ഐ.ബിയിലേക്ക് നേരിട്ടെടുക്കാറുണ്ട്. അങ്ങനെ അജിത് ഐ.ബിയിലെത്തി. 2005ൽ ഐ.ബി ചീഫായി വിരമിക്കുന്നതുവരെ സ്തുത്യർഹമായ അനവധി സേവനങ്ങൾ. കാണ്ഡഹാറിൽ ഇന്ത്യൻ എയർലൈൻസ് ഐ.സി 814 വിമാനം റാഞ്ചിയപ്പോൾ ഭീകരരുമായി ചർച്ച നടത്താൻ പോയതടക്കം രാജ്യത്തിന്റെ പല ഇന്റലിജൻസ് ഓപ്പറേഷനുകളിലും നിർണായക പങ്കുവഹിച്ചു." ഹോർമിസ് തരകൻ പറഞ്ഞു. ഹോർമിസ് തരകന്റെ വിവാഹ സത്കാരത്തിനും ഡോവൽ അന്ന് കൊച്ചിയിലെത്തിയിരുന്നു.
ഭിന്ദ്രൻവാലയെ സ്പോട്ട് ചെയ്തു
ഖാലിസ്ഥാൻ ഭീകരർ സുവർണക്ഷേത്രം കൈയ്യടക്കിയപ്പോൾ ക്ഷേത്രത്തിൽ കടന്ന് ഭീകരരുടെ നീക്കങ്ങൾ മുൻകൂട്ടി അറിയുകയും ഭിന്ദ്രൻവാലയെ സ്പോട്ട് ചെയ്തതും അജിത് ഡോവലായിരുന്നു. ഓപ്പറേഷൻ ബ്ളൂ സ്റ്റാറിന് ആ വിവരങ്ങൾ നിർണായകമായി മാറി. പാകിസ്ഥാനിൽ കൗണ്ടർ ഇന്റലിജൻസ് പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്. സർവീസിൽ നിന്ന് വിരമിച്ച ഉടൻ വിവേകാനന്ദ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ സ്ഥാപക ഡയറക്ടറായി. ബി.ജെ.പി നേതാക്കളുമായി ഉറ്റ ബന്ധത്തിലേക്ക് എത്തുന്നത് അങ്ങനെയാണ്. 2014ൽ നരേന്ദ്ര മോദി സർക്കാർ അജിത് ഡോവലിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചു. അന്ന് കേന്ദ്ര സഹമന്ത്രിയുടെ (മിനിസ്റ്റർ ഒഫ് സ്റ്റേറ്റ്) റാങ്കായിരുന്നെങ്കിൽ പിന്നീട് അത് കേന്ദ്ര ക്യാബിനറ്റ് മന്ത്രിയുടെ റാങ്കാക്കി. അതിന് രണ്ടു കാരണങ്ങളുണ്ടായിരുന്നു. നയതന്ത്ര ചർച്ചകളിൽ പങ്കെടുക്കുമ്പോൾ മറ്റു രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നവർ പലപ്പോഴും ക്യാബിനറ്റ് റാങ്കുള്ളവരായിരിക്കും. അവിടെ പ്രോട്ടോക്കോൾ പ്രശ്നമുണ്ടാകാതിരിക്കാനായിരുന്നു ഈ തീരുമാനം. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ ഡോവലിനേക്കാൾ താരതമ്യേന ജൂനിയറായതും മറ്റൊരു കാരണമായിരുന്നു.
ഉത്തരാഖണ്ഡിലെ പൗരിഗഡ് വാളിൽ 1945 ജനുവരി 20നാണ് ഡോവലിന്റെ ജനനം. അച്ഛൻ മേജർ ജി.എൻ.ഡോവൽ ആർമി ഓഫീസറായിരുന്നു. സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടിയ ഡോവലിന് സ്ട്രാറ്റജിക്, സെക്യൂരിറ്റി രംഗങ്ങളിലും കൗണ്ടർ ടെററിസത്തിലുമുള്ള പ്രാഗത്ഭ്യം കണക്കിലെടുത്ത് ആഗ്ര സർവകലാശാലയടക്കം ഡോക്ടറേറ്റ് നൽകിയിട്ടുണ്ട്. ഭാര്യയും രണ്ടു മക്കളുമുണ്ട്.
ഓരോ നിമിഷവും ശേഷിക്കുന്ന ജീവിതത്തിലെ ആദ്യ നിമിഷമായിക്കണ്ട് ജീവിക്കണമെന്നാണ് ഡോവലിന്റെ പ്രമാണം. റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് സ്ഥാപക ഡയറക്ടറായ രാം നാഥ് കാവോയെക്കുറിച്ചുള്ള 'ആർ.എൻ.കാവോ, ജെന്റിൽമാൻ സ്പൈ മാസ്റ്റർ" എന്ന പുസ്തകത്തിനെഴുതിയ അവതാരികയിൽ കാവോ മരണത്തിനുമുമ്പ് അദ്ദേഹത്തിന്റെ അനുഭവങ്ങൾ റെക്കോർഡ് ചെയ്ത് സൂക്ഷിച്ചതിനെ അഭിനന്ദിക്കുകയും അത് വരും തലമുറകൾക്ക് മുതൽക്കൂട്ടായി മാറുമെന്നും ഡോവൽ പറഞ്ഞിട്ടുണ്ട്. ഡോവലിന്റെ ഉള്ളിലെ രഹസ്യങ്ങളുടെ ചെപ്പിൽ എന്തെല്ലാം ഇന്റലിജൻസ് ഓപ്പറേഷനുകളുടെ ബ്ളൂ പ്രിന്റുകളുണ്ടാവും. കാവോയ്ക്കുശേഷം ഇന്ത്യ കണ്ട ഏറ്റവും പ്രഗത്ഭനായ സ്പൈ മാസ്റ്റർ ആണ് അജിത് ഡോവൽ.
ഇന്ത്യയുടെ 007
ഇന്ത്യയുടെ 007 (ജെയിംസ് ബോണ്ട് ) എന്നൊക്കെ പല വിശേഷണങ്ങളും ഡോവലിനുണ്ട്. ഇന്ത്യ മുഴുവൻ തരംഗം സൃഷ്ടിച്ച 'ഉറി ദ സർജിക്കൽ സ്ട്രൈക്കിന്റെ" സംവിധായകൻ ആദിത്യ ധറിനെ ഒരിക്കൽ കണ്ടപ്പോൾ ചിത്രത്തിന്റെ മേക്കിംഗിനെക്കുറിച്ച് അദ്ദേഹം വാചാലനായി. എന്നാൽ ചിത്രീകരണം തുടങ്ങുന്നതിനുമുമ്പ് അജിത് ഡോവലുമായി ചർച്ച നടത്തിയിരുന്നോ എന്ന ചോദ്യത്തിന് അർത്ഥഗർഭമായ ചിരിയോടെ 'നോ കമന്റ്സ്" എന്ന മറുപടിയാണ് നൽകിയത്. ചിത്രത്തിൽ പരേഷ് റാവൽ അവതരിപ്പിച്ച 'സുരക്ഷാ ഉപദേഷ്ടാവ് ഗോവിന്ദ് ഭരദ്വാജ്" എന്ന കഥാപാത്രം ഡോവലിനെ അനുസ്മരിപ്പിക്കുന്നതായിരുന്നുവെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |