ന്യൂഡൽഹി:ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച് സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാന്റെ പ്രസ്താവനയിൽ വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷം. ഓപ്പറേഷൻ സിന്ദൂറിനിടെ നഷ്ടമെത്ര വന്നു എന്നതല്ല, തന്ത്രപരമായ പിശകുകൾ കണ്ടെത്താനായതാണ് പ്രധാനമെന്നും തെറ്റ് തിരുത്തി തിരിച്ചടി നൽകിയെന്നുമായിരുന്നു ജനറൽ ചൗഹാൻ വ്യക്തമാക്കിയത്. യുദ്ധവിമാനം ഏതെങ്കിലും നഷ്ടമായോ എന്നതിൽ വ്യക്തത വരുത്തിയുമില്ല.
വിഷയം പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ച് സർക്കാർ വിശദീകരിക്കണമെന്ന് കോൺഗ്രസും സി.പി.എമ്മും ആവശ്യപ്പെട്ടു.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം കേന്ദ്രസർക്കാർ വിളിച്ച സർവകക്ഷി യോഗത്തിൽ വിമാനങ്ങളുടെ കാര്യം എന്തുകൊണ്ട് ഒളിച്ചുവച്ചെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ചോദിച്ചു. യോഗത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇക്കാര്യം പ്രതിപക്ഷത്തെ അറിയിക്കേണ്ടതായിരുന്നു. ജനറൽ ചൗഹാൻ സിംഗപ്പൂരിൽ ഒരു ടെലിവിഷൻ അഭിമുഖത്തിൽ ഇക്കാര്യം പറയുന്നത് വരെ ജനങ്ങൾക്ക് കാത്തിരിക്കേണ്ടി വന്നു.
കാർഗിൽ യുദ്ധത്തിന് ശേഷം അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയി രൂപീകരിച്ച അവലോകന സമിതിയുടെ റിപ്പോർട്ട് പാർലമെന്റിൽ അവതരിപ്പിച്ചിരുന്നു. യുദ്ധങ്ങളിൽ സൈന്യത്തിന് മാത്രം ചർച്ച ചെയ്യാൻ കഴിയുന്ന പ്രശ്നങ്ങളുണ്ട്, രാഷ്ട്രീയ പ്രശ്നങ്ങളുമുണ്ട്. ഓപ്പറേഷൻ സിന്ദൂർ സമയത്ത് വ്യക്തമായ ചൈനപാകിസ്ഥാൻ അവിശുദ്ധ ബന്ധം അടക്കം പ്രധാനമന്ത്രി വെളിപ്പെടുത്തേണ്ടതുണ്ട്. ജനറൽ ചൗഹാൻ ഉന്നയിച്ച വിഷയങ്ങൾ സൈനിക തന്ത്രത്തെ മാത്രമല്ല, വിദേശനയം, സാമ്പത്തിക തന്ത്രം, നയതന്ത്ര തന്ത്രം എന്നിവയെയും ബാധിക്കുന്നു.
ജനറൽ ചൗഹാന്റെ വെളിപ്പെടുത്തൽ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന പ്രതിപക്ഷ ആവശ്യം ന്യായീകരിക്കുന്നുവെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി പറഞ്ഞു. വെടിനിർത്തലിന് മധ്യസ്ഥ ചർച്ച നടത്തിയെന്ന യു.എസ് പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനയിലും വ്യക്തത വരേണ്ടതുണ്ട്. പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാം തുറന്നു പറയണമെന്നും എം.എ.ബേബി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |