
ഗുവാഹത്തി: വ്യത്യസ്‌തങ്ങളായ കൂടിച്ചേരലുകളുടെയും ആഘോഷങ്ങളുടെയും നാടാണ് ഇന്ത്യ. എന്നാൽ നമ്മുടെ രാജ്യത്തെ ആഘോഷങ്ങളിൽ നിന്നും സ്‌ത്രീകൾ പാർശ്വവൽക്കരിക്കപ്പെടുന്നു എന്ന് കാലങ്ങളായി വാദങ്ങൾ ഉയരുന്നുണ്ട്. ആഘോഷങ്ങൾ പലതും മാറി നിന്ന് കാണുക മാത്രമാണ് ബഹുഭൂരിപക്ഷം സ്‌ത്രീകളും ചെയ്യുന്നത്. ക്ഷേത്രോത്സവങ്ങളുടെ ഭാഗമായി നടക്കുന്ന സ്‌റ്റേജ് പരിപാടികളിൽ പോലും ആൾക്കൂട്ടത്തിനിടയിലേക്ക് ഇറങ്ങി ചുവട് വയ്‌ക്കുന്ന സ്ത്രീകളുടെ എണ്ണം വളരെ കുറവാണ്. ആൾക്കൂട്ടങ്ങൾക്കിടയിൽ സ്‌ത്രീകൾ നേരിടേണ്ടി വരുന്ന അതിക്രമങ്ങൾ തന്നെയാണ് അതിന് കാരണം.
ഇപ്പോഴിതാ, ഇന്ത്യയിൽ നടക്കുന്ന പരിപാടികളിൽ സ്‌ത്രീകൾ സുരക്ഷിതരല്ലെന്ന് തുറന്ന് പറയുകയാണ് ഒരു ബ്രിട്ടീഷ് ട്രാവൽ ഇൻഫ്ലുവൻസർ. സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്‌സ് ഉള്ള ബാങ്കോക്ക് സ്വദേശി എമ്മയാണ് ആഘോഷങ്ങൾക്കിടെയിലെ സ്‌ത്രീകളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക പങ്കുവച്ചത്. ഗുവാഹത്തിയിൽ അമേരിക്കൻ റാപ്പർ പോസ്‌റ്റ് മാലോണിന്റെ സംഗീത പരിപാടിക്കിടെ തനിക്കും തന്റെ സഹയാത്രികയ്‌ക്കും നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തിക്കൊണ്ടാണ് യുവതി സോഷ്യൽ മീഡിയയിൽ പോസ്‌റ്റ് പങ്കുവച്ചത്.
'ഇന്ത്യയിലെ പരിപാടികൾ സ്ത്രീകൾക്ക് സുരക്ഷിതമല്ല' എന്ന അടിക്കുറിപ്പോടെയായിരുന്നു എമ്മയുടെ പോസ്‌റ്റ്. പരിപാടിയിൽ നല്ല തിരക്കുണ്ടായിരുന്നെന്നും തന്നെയും തന്റെ സഹയാത്രികയായ ആമിനയെയും അനുവാദമില്ലാതെ ആരോ ദേഹത്ത് സ്‌പർശിച്ചെന്നും എമ്മ പറയുന്നു. പിന്നീട് സുരക്ഷിതമായി അനുഭവപ്പെടാത്തതിനാൽ വെറും പത്ത് മിനിറ്റിനുള്ളിൽ അവിടെ നിന്നും പുറത്തിറങ്ങേണ്ടി വന്നെന്നും അതിനാൽ പരിപാടി ആസ്വദിക്കാൻ കഴിഞ്ഞില്ലെന്നും അവർ കുറിച്ചു.
പരിപാടിയിലെ തിരക്കിനിടയിൽ നിന്നുള്ള വീഡിയോയും എമ്മ പങ്കുവച്ചു. 'ഇത് സാധാരണ ജനക്കൂട്ടം തള്ളിക്കയറുന്ന രീതിയല്ല. പൊതു ഇടങ്ങളിൽ സ്‌ത്രീകൾ നേരിടുന്ന അതിക്രമങ്ങളെ നിസാരവത്‌ക്കരിക്കുന്നുവെന്ന വലിയ പ്രശ്‌നത്തിന്റെ ഭാഗമാണിത്. പരിപാടി ആസ്വദിക്കുക അല്ലെങ്കിൽ ശരീരത്തെ സംരക്ഷിക്കുക ഇതിലേതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാൻ സ്‌ത്രീകളെ ഒരിക്കലും നിർബന്ധിക്കരുത്' അവർ വീഡിയോയ്‌ക്ക് താഴെ കുറിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |