ഭോപ്പാൽ: മേഘാലയയിൽ ഹണിമൂൺ ആഘോഷിക്കാൻ പോയി കാണാതായ ബിസിനസുകാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.
പിന്നാലെ ഭാര്യക്കായുള്ള അന്വേഷണം തുടരുന്നു. ഇൻഡോർ സ്വദേശികളായ രാജ രഘുവംശിയേയും ഭാര്യ സോനമിനേയും മേയ് 23നാണ് കാണാതായത്. 11 ദിവസങ്ങൾക്ക് ശേഷം തിങ്കളാഴ്ചയാണ് രാജ രഘുവംശിയുടെ മൃതദേഹം കണ്ടെത്തിയത്. കാണാതാവുന്നതിന് മുമ്പ് സോന ഭർതൃമാതാവുമായി വാട്ട്സാപ്പിൽ സംസാരിച്ചെന്ന് കരുതുന്ന ഓഡിയോ പുറത്ത് വന്നു.
ഹണിമൂണിനിടെ വാടകയ്‌ക്കെടുത്ത സ്‌കൂട്ടറിൽ മൗലഖിയാത് ഗ്രാമത്തിലെത്തിയ ദമ്പതികൾ മലയിടുക്കിലൂടെ യാത്ര നടത്തുന്നതിനിടെ സോനം അമ്മായിയമ്മയുമായി വാട്ട്സ്ആപ്പിൽ ചാറ്റ് ചെയ്തിരുന്നതായാണ് പുറത്ത് വരുന്ന വിവരം. വ്രതമെടുക്കുന്നതിനെപ്പറ്റി സംസാരിക്കുകയും ഇതിനിടെ എന്താണ് നീ കിതക്കുന്നതെന്ന് ഭാര്യാമാതാവ് ചോദിക്കുന്നതും പുറത്തുവന്ന ശബ്ദ സന്ദേശത്തിലുണ്ട്. യാത്രക്കിടെ താൻ വ്രതം എടുത്തുവെന്ന് സോനം പറയുന്നുണ്ട്. ഭക്ഷണം കഴിക്കാൻ ഭാര്യാമാതാവ് പറഞ്ഞതിന് ആ സമയത്ത് താൻ ട്രെക്കിംഗ് നടത്തുകയായിരുന്നെന്ന് പറഞ്ഞ സോനം, 'കാട്ടിൽ ഒന്നും ലഭിക്കില്ല' എന്ന് പറയുന്നതും ഓഡിയോയിൽ ഉണ്ട്.
അതേസമയം ഓഡിയോ ക്ലിപ്പിന്റെ ആധികാരികത പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. മരിച്ച നിലയിൽ കണ്ടെത്തിയ 30കാരനായ രാജ രഘുവംശി വ്യവസായിയാണ്. മേയ് 11 ന് വിവാഹിതരായ രാജവും സോനവും മെയ് 20 നാണ് ഗുവാഹത്തിയിലേക്ക് പോയതെന്ന് ബന്ധുക്കൾ പറഞ്ഞു. മേയ് 23ന് ചിറാപുഞ്ചിയിലെത്തി ദമ്പതികൾ വീട്ടിൽ വിളിച്ച് സംസാരിച്ചിരുന്നു. പിന്നീട് ഒരു വിവരവും ഇല്ല. ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ദമ്പതികളെ തട്ടിക്കൊണ്ടുപോയതാവാമെന്ന സംശയം ബന്ധുക്കൾ ഉന്നയിച്ചിരുന്നു. എന്താണ് സംഭവിച്ചതെന്ന വ്യക്തമായ സൂചനകൾ ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല.
പൊലീസ് പറയുന്നതനുസരിച്ച്, ദമ്പതികൾ മെയ് 22 ന് മൗലഖിയാത് ഗ്രാമത്തിൽ എത്തി. തുടർന്ന് രാത്രി അവിടെ താമസിച്ച നോൻഗ്രിയാത്തിലേക്ക് പോയി. പിറ്റേന്ന് രാവിലെ അവർ ഹോംസ്റ്റേ വിട്ടു. മെയ് 24 ന്, ഷില്ലോങ്ങിൽ നിന്ന് ചിറാപുഞ്ചി എന്നറിയപ്പെടുന്ന സൊഹ്രയിലേക്കുള്ള റോഡരികിലെ ഒരു കഫേയ്ക്ക് പുറത്ത് നിന്നാണ് അവരുടെ സ്‌കൂട്ടർ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നോൻഗ്രിയാത് ഗ്രാമത്തിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയുള്ള ഒരു മലയിടുക്കിൽ നിന്നാണ് രാജ രഘുവംശിയുടെ മൃതദേഹം കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |