പഹൽഗാം ആക്രമത്തെ തുടർന്ന് പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടിയെയും അതിന്റെ പരിസമാപ്തിയെയും അനുസ്മരിപ്പിക്കുന്നതാണ് പശ്ചിമേഷ്യയിലെ ഇസ്രയേൽ - ഇറാൻ സംഘർഷവും, അമേരിക്കയുടെ ഇറാൻ ആക്രമണവും, ട്രംപിന്റെ വെടിനിറുത്തൽ വെളിപ്പെടുത്തലും. പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളും സൈനിക താവളങ്ങളുമാണ് അതിർത്തി ഭേദിക്കാതെ ഇന്ത്യ ആക്രമിച്ചത്. ഇന്ത്യൻ മിസൈലുകൾ അവിടെയുണ്ടാക്കിയ നാശം ലോകമറിഞ്ഞു.
പാക് പ്രത്യാക്രമണങ്ങളെ തുരത്തി ഇന്ത്യൻ വ്യോമപ്രതിരോധം അജയ്യമായി നിലകൊണ്ടു. പാക് ഷെല്ലാക്രമണങ്ങളിലാണ് അതിർത്തി ഗ്രാമങ്ങളിൽ ജീവനാശമുണ്ടായത്. ഇന്ത്യയോ പാകിസ്ഥാനോ പറയും മുമ്പ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് വെടിനിറുത്തൽ കാര്യം പുറത്തുവിട്ടത്. താനാണ് അതിന് പിന്നിലെന്നായിരുന്നു അവകാശവാദം. ഇന്ത്യ ഇക്കാര്യം നിഷേധിച്ചു. പിന്നീടും പാകിസ്ഥാൻ ചില സാഹസങ്ങൾ കാണിച്ചെങ്കിലും ഇന്ത്യ പ്രതികരിച്ചില്ല. സംഘർഷവുമടങ്ങി.
പശ്ചിമേഷ്യൻ സംഘർഷവും സമാന ശൈലിയിലാണ്. ഇസ്രയേലിനെതിരെ ഭീകരാക്രമണം നടത്തുന്ന ഹമാസ്, ഹിസ്ബുള്ള, ഹൂതി സംഘടനകളുടെ തലതൊട്ടപ്പനായ ഇറാന്റെ സൈനിക താവളങ്ങളെയും ആണവകേന്ദ്രങ്ങളെയും അപ്രതീക്ഷിതമായി ഇസ്രയേൽ ആക്രമിച്ചു. സൈനിക നേതൃത്വത്തെയും ആണവവിദഗ്ദ്ധരെയും കൊന്നു. ഇറാന്റെ മിസൈൽ പ്രത്യാക്രമണം ഇസ്രയേലിലെ ജനവാസ മേഖലകളിലുൾപ്പെടെ ചെറിയ നാശങ്ങളുമുണ്ടാക്കി. ഇതിനിടയിലാണ് കഴിഞ്ഞദിവസം അമേരിക്കൽ സ്റ്റെൽത്ത് പോർവിമാനങ്ങൾ ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളെ ആക്രമിച്ചത്. സംഘർഷം ഇറാനും മേഖലയ്‌ക്കും ആഗോള സാമ്പത്തിക വ്യവസ്ഥയ്‌ക്കും ഗുണകരമല്ലാത്തതിനാൽ അതവസാനിപ്പിക്കേണ്ടത് അത്യാവശ്യമായിരുന്നു. അതിന്റെ ഭാഗമാകാം അമേരിക്കയുടെ ഇടപെടൽ.
ഖത്തറിലെ അമേരിക്കൻ താവളത്തിലേക്കും ട്രംപിന്റെ പ്രഖ്യാപനത്തിന് ശേഷം ഇസ്രയേലിലേക്കും ഇറാൻ മിസൈലുകൾ തൊടുത്തെങ്കിലും കാര്യമായ നാശമുണ്ടായിട്ടില്ല. അതുകൊണ്ട് കടുത്ത പ്രത്യാക്രമണത്തിനും സാദ്ധ്യതയില്ല. ഇനി സംഘർഷം തണുക്കാനുള്ള സമയമാണ്. മൂന്നു രാജ്യങ്ങൾക്കും അതിനെക്കുറിച്ച് ബോദ്ധ്യമുണ്ടാകും.
ഇറാനുണ്ടായത് വലിയ നാശം
സംഘർഷത്തിൽ അമേരിക്കയ്ക്ക് പ്രത്യേകിച്ച് നഷ്ടമൊന്നുമില്ല. ആ ഇടപെടലിലൂടെ ഇസ്രയേലിനൊപ്പം നിൽക്കാനും ഇറാന്റെ ആണവ ഭീഷണി വച്ചുപൊറുപ്പിക്കില്ലെന്ന് ബോദ്ധ്യപ്പെടുത്താനും അവർക്കായി. ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനം അജയ്യമാണെന്ന വിശ്വാസത്തിനും കോട്ടമുണ്ടായി. നാശനഷ്ടങ്ങളും ആൾനാശവും അവർക്കുണ്ടായി. പക്ഷേ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കും സൈന്യത്തിനുമുണ്ടായത് വലിയ നാശമാണ്. വിലപ്പെട്ട നേതൃനിരയ്‌ക്കും ജീവനാശമുണ്ടായി. അതിലേറെ ഇറാനെ ബുദ്ധിമുട്ടിലാക്കുക ദുർബലമായ മതാധിഷ്ഠിത ഭരണ നേതൃത്വത്തിനെതിരെ ഉയരാവുന്ന ആസന്നമായ വിമത പ്രക്ഷോഭമാണ്. അവരെ അടിച്ചമർത്തുക പഴയതുപോലെ എളുപ്പമാകില്ല, ഹമാസിനെയും ഹിസ്ബുള്ളയെയും ഉന്മൂലനം ചെയ്‌ത ശേഷമാണ് ഇസ്രയേലും അമേരിക്കയും ഇറാനെതിരെ തിരിഞ്ഞത്. യെമനിലെ ഹൂതികളിലേക്ക് ഇനി ശ്രദ്ധയൂന്നാനാകും ഇസ്രയേലിന്റെ നീക്കം. പശ്ചിമേഷ്യയിൽ സമാധാനം അകലെ തന്നെയാണ്. അടുത്ത സംഘർഷമേഖല ഇനി യെമനാകാനാണ് സാദ്ധ്യത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |