ന്യൂഡൽഹി: അടിയന്തരാവസ്ഥയുടെ 50-ാം വാർഷിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അടിയന്തരാവസ്ഥയ്ക്ക്
എതിരെ പ്രമേയം പാസാക്കി. അടിയന്തരാവസ്ഥയെ ചെറുത്ത വ്യക്തികളെ അനുസ്മരിക്കാനും ആദരിക്കാനും തീരുമാനിച്ചു.
അടിയന്തരാവസ്ഥക്കാലത്ത് പീഡനങ്ങൾക്ക് വിധേയരായവർക്ക് ആദരമർപ്പിച്ച് രണ്ടു മിനിറ്റ് മൗനം ആചരിച്ചു കൊണ്ടാണ് യോഗം തുടങ്ങിയത്. ഭരണഘടന, ജനാധിപത്യം, ഫെഡറലിസം, മൗലികാവകാശങ്ങൾ, സ്വാതന്ത്ര്യം, അന്തസ്സ് എന്നിവയ്ക്ക് താത്കാലിക അന്ത്യം കുറിച്ച അദ്ധ്യായമാണത്.ഇന്ത്യൻ ഭരണഘടനയിലും ജനാധിപത്യ മൂല്യങ്ങളിലും ജനങ്ങൾ അചഞ്ചലമായ വിശ്വാസം പുലർത്തുന്നു. സ്വേച്ഛാധിപത്യ പ്രവണതകൾ ചെറുത്ത്, ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ ശ്രമിച്ചവരിൽ നിന്നു പ്രചോദനം ഉൾക്കൊള്ളേണ്ടതുണ്ട്. പുതുതലമുറയും ഇക്കാര്യത്തിൽ പ്രധാന പങ്കു വഹിക്കണം.ജനാധിപത്യത്തിന്റെ മാതാവായ ഇന്ത്യ, ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കുന്നതിന് മാതൃകയാണെന്നും പ്രമേയത്തിൽ പറയുന്നു.
ശ്രദ്ധാഞ്ജലി അർപ്പിച്ച്
പ്രധാനമന്ത്രി
ജനാധിപത്യ പ്രതിരോധത്തിനായി നിലകൊണ്ട എണ്ണമറ്റ ഇന്ത്യക്കാർക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു. പുരോഗതിയുടെ പുതിയ ഉയരങ്ങൾ താണ്ടാനും ദരിദ്രരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും കഴിയട്ടെ.വിവിധ മേഖലകളിലും പ്രത്യയശാസ്‌ത്രങ്ങളിലും നിന്നുള്ളവരാണ് ജനാധിപത്യം പുന:സ്ഥാപിക്കാനും വീണ്ടും തിരഞ്ഞെടുപ്പ് നടത്താനും കാരണമായത്. അവരുടെ കൂട്ടായ പോരാട്ടമാണ് കോൺഗ്രസിനെ പരാജയപ്പെടുത്തിയതെന്നും മോദി പറഞ്ഞു.
അടിയന്തരാവസ്ഥക്കാലത്തെ അനുഭവം
മോദിയുടെ 'ദി എമർജൻസി
ഡയറീസ് 'പുറത്തിറങ്ങി
ന്യൂഡൽഹി: അടിയന്തരാവസ്ഥക്കാലത്ത് ആർ.എസ്.എസ് പ്രചാരകനെന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട അനുഭവങ്ങൾ വിവരിക്കുന്ന 'ദി എമർജൻസി ഡയറീസ്' പുറത്തിറങ്ങി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പ്രകാശനം ചെയ്തത്.
അടിയന്തരാവസ്ഥക്കാലത്തെ അനുഭവങ്ങളും തന്നിലെ നേതാവിനെ അതെങ്ങനെ രൂപപ്പെടുത്തിയെന്നും പുസ്തകത്തിൽ പറയുന്നുയെന്ന് മോദി എക്‌സിൽ കുറിച്ചു. അടിയന്തരാവസ്ഥക്കാലത്തെ തന്റെ യാത്രയെ അത് വിവരിക്കുന്നു. അക്കാലത്ത് താനൊരു യുവ ആർ.എസ്.എസ് പ്രചാരകനായിരുന്നു. അടിയന്തരാവസ്ഥ വിരുദ്ധ പ്രസ്ഥാനം പഠനാനുഭവമായിരുന്നു. അത് നമ്മുടെ ജനാധിപത്യ ചട്ടക്കൂട് സംരക്ഷിക്കുന്നതിന്റെ ആവശ്യകത ഉറപ്പിച്ചു. രാഷ്ട്രീയത്തിലെ ആളുകളിൽ നിന്ന് ധാരാളം പഠിക്കാൻ കഴിഞ്ഞു. ആ അനുഭവങ്ങളിൽ ചിലത് പുസ്തക രൂപത്തിലാക്കിയതിൽ സന്തോഷമുണ്ട്.
അക്കാലത്ത് കഷ്ടത അനുഭവിച്ചവർ സമൂഹ മാദ്ധ്യമങ്ങളിൽ അനുഭവങ്ങൾ പങ്കിടണം. ലജ്ജാകരമായ ആ കാലഘട്ടത്തെക്കുറിച്ച് യുവതലമുറയ്ക്ക് അവബോധമുണ്ടാക്കാൻ അതുപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബ്ലൂക്രാഫ്റ്റ് ഡിജിറ്റൽ ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച പുസ്തകത്തിന് അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ച ജെ.ഡി.എസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡയാണ് ആമുഖമെഴുതിയത്.
ഭരണഘടനയുടെ ആത്മാവിനെ ലംഘിക്കുകയും പാർലമെന്റിന്റെ ശബ്ദം അടിച്ചമർത്തുകയും കോടതികളെ നിയന്ത്രിക്കാൻ ശ്രമിക്കുകയും ചെയ്ത രീതി ഒരു ഇന്ത്യക്കാരനും ഒരിക്കലും മറക്കില്ലെന്ന് അമിത് ഷാ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |