ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽപ്പെട്ട എല്ലാവരുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. അഹമ്മദാബാദ് സിവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ഗുജറാത്ത് ഭുജ് സ്വദേശി അനിൽ ലാൽജി ഖിമാനിയുടെ (32) മൃതദേഹമാണ് ഒടുവിൽ തിരിച്ചറിഞ്ഞത്. 241 യാത്രക്കാരും ജീവനക്കാരും പരിസരത്തുണ്ടായിരുന്ന 19 പേരും അടക്കം 260 പേരാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. മരിച്ചവരിൽ 181 പേരും ഇന്ത്യക്കാരാണ്. 52 പേർ യു.കെ, ഏഴ് പേർ പോർച്ചുഗൽ, ഒരാൾ കാനഡ. വിമാനം തകർന്നുവീണ ഹോസ്റ്റൽ കെട്ടിടത്തിനുള്ളിലും സമീപത്തുമുണ്ടായിരുന്നവരാണ് കൊല്ലപ്പെട്ട 19 പേർ. ആറു പേരുടേത് ബന്ധുക്കൾ നേരിട്ട് തിരിച്ചറിയുകയായിരുന്നു.
ഹോസ്റ്റൽ കെട്ടിടത്തിലും പരിസരത്തും ഉണ്ടായിരുന്ന അഞ്ച് പേരെ ഗുരുതര പരിക്കുകളോടെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിൽ നാലു പേരും മരിച്ചു. ഒരാൾ കഴിഞ്ഞ ദിവസം ഡിസ്‌ചാർജായി.
പ്രതീകാത്മക
സംസ്‌കാരം
ഏറെ നാളെടുത്താണ് മലയാളി രഞ്ജിത അടക്കമുള്ളവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. അപ്പോഴും അനിലിന്റേത് അവശേഷിച്ചു. ബന്ധുക്കളുടെ സാമ്പിളുകൾ വച്ച് നടത്തിയ ആദ്യ രണ്ട് പരിശോധനകളിലും ഫലം ലഭിച്ചില്ല. അപകടം നടന്ന് 16 ദിവസങ്ങൾക്ക് ശേഷം 27ന് മൂന്നാം പരിശോധനയിലാണ് തിരിച്ചറിഞ്ഞത്. മൃതദേഹം ലഭിക്കാൻ വൈകിയതോടെ അനിൽ ലാൽജിയുടെ വീട്ടുകാർ പ്രതീകാത്മക സംസ്‌കാരം നടത്തി. ഇന്നലെ മൃതദേഹം വിട്ടുകൊടുത്തു. സംസ്‌കാര ചടങ്ങ് വീണ്ടും നടത്തും.
ആഘോഷം: ഉദ്യോഗസ്ഥരെ
പിരിച്ചുവിട്ടു
ദുരന്തത്തിന്റെ ഞെട്ടൽ വിട്ടും മാറും മുമ്പ് ഓഫീസിൽ ആഘോഷം നടത്തിയ സംഭവത്തിൽ എയർ ഇന്ത്യ സഹോദര സ്ഥാപനമായ എയർപോർട്ട് സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ (എ.ഐ.എസ്.എ.ടി.എസ്) നാല് മുതിർന്ന എക്സിക്യൂട്ടീവുകളെ പിരിച്ചുവിട്ടു. മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകി.
ഗുഡ്‌ഗാവ് ഓഫീസിൽ നടന്ന പാർട്ടിയിൽ ജീവനക്കാർ പാട്ടുപാടി നൃത്തം ചെയ്യുന്ന വീഡിയോ വൈറലായിരുന്നു. എയർ ഇന്ത്യയ്‌ക്ക് വിമാനത്താവളത്തിൽ ടിക്കറ്റ് പരിശോധന, ഭക്ഷണ വിതരണം തുടങ്ങിയ സേവനങ്ങൾക്ക് സഹായം നൽകുന്ന സ്ഥാപനമാണിത്. അതിനാൽ വൻ വിവാദമായി. തുടർന്ന് നടപടിയെടുക്കുകയായിരുന്നു.സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച എ.ഐ.എസ്.എ.ടി.എസ്, ദാരുണ സംഭവത്തിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്കൊപ്പമാണെന്ന് വ്യക്തമാക്കി. ആഘോഷം കമ്പനിയുടെ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നില്ല. സഹാനുഭൂതി, പ്രൊഫഷണലിസം, ഉത്തരവാദിത്വം എന്നിവ കമ്പനിയുടെ പ്രതിബദ്ധതയാണ്. അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |