
ന്യൂഡൽഹി: മാച്ച് വിന്നിംഗ് ബൗളർ എന്നതിനേക്കാൾ മികച്ച എന്റർടെയ്‌നർ എന്ന നിലയിലും ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയാണ് ഇന്ത്യൻ പേസർ അർഷ്‌ദീപ് സിംഗ്. രസകരമായ ഒട്ടേറെ റീലുകളാണ് അദ്ദേഹം തന്റെ യൂട്യൂബ് ചാനലിൽ പലപ്പോഴും പോസ്റ്റ് ചെയ്യാറുള്ളത്.
ഇപ്പോഴിതാ യൂട്യൂബ് ചാനൽ തുടങ്ങാനിടയായ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. കരിയറിലെ ഏറ്റവും മോശം സമയത്തായിരുന്നു യൂട്യൂബ് ചാനലിന് വഴിതുറന്നതെന്നെന്നാണ് അർഷ്ദീപ് മനസ് തുറന്നത്. ജിയോഹോട്ട്സ്റ്റാറിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
' 2025 ചാമ്പ്യൻസ് ട്രോഫി നടന്നപ്പോൾ ടൂർണമെന്റിലെ ആദ്യ കളിയിൽ ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചിരുന്നില്ല. ടീമിൽ നിന്ന് പുറത്തായപ്പോഴാണ് യൂട്യൂബ് ചാനൽ തുടങ്ങാമെന്ന ആശയം ഉദിച്ചത്. മത്സരങ്ങളിലുടനീളം സ്പിന്നർമാരെ കൂടുതൽ ഉൾപ്പെടുത്തിയാണ് ഇന്ത്യ കളിച്ചത്. അതുകൊണ്ട് തന്നെ മിക്ക കളികളിലും പുറത്തിരിക്കേണ്ടി വന്നു. എന്നാൽ കളിക്കാൻ കഴിയാത്തതിന്റെ പേരിൽ വിഷമിച്ചിരിക്കാൻ തയ്യാറായില്ല. മുറിയിൽ തനിച്ചിരുന്ന് മടുത്തപ്പോഴാണ് യൂട്യൂബ് ചാനൽ തുടങ്ങാൻ തീരുമാനിച്ചത്'. അർഷ്ദീപ് പറഞ്ഞു.
'എന്തൊക്കെ നിരാശ തോന്നിയാലും അതിൽ നല്ല വശം കണ്ടെത്താനാണ് ഞാൻ ശ്രമിക്കാറ്. ഈ നിലയിലെങ്കിലും കളിക്കാൻ കഴിയുന്നുണ്ടെങ്കിൽ ആദ്യം ദൈവത്തോടാണ് നന്ദി പറയണ്ടേത്. നമുക്ക് കിട്ടാനുള്ള അവസരങ്ങൾക്ക് ക്ഷമയോടെ കാത്തിരിക്കണം. അവസരം ലഭിച്ചാൽ അത് പരമാവധി ഉപയോഗിക്കുക,' അർഷ്ദീപ് കൂട്ടിച്ചേർത്തു. അതേസമയം വിരാട് കൊഹ്‌ലിയുമൊത്തുള്ള അദ്ദേഹത്തിന്റെ റീലാണ് ഇതിൽ ഏറ്റവും കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയത്. ഇതിനോടകം 13 ലക്ഷത്തിലധികം പേരാണ് ആ റീൽ കണ്ടുകഴിഞ്ഞത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയുടെ അവസാന ഏകദിനത്തിലായിരുന്നു റീലിലെ രസകരമായ സംഭവം. വിശാഖപട്ടണത്ത് നടന്ന മത്സരത്തിൽ 271 റൺസ് അനായാസമാണ് ഇന്ത്യ പിന്തുടർന്ന് ജയിച്ചത്. എന്നാൽ 65 റൺസുമായി പുറത്താകാതെ നിന്ന കൊഹ്‌ലിക്ക് മൂന്നാം സെഞ്ച്വറി നേടാൻ കഴിഞ്ഞിരുന്നില്ല. ഇക്കാര്യം ചൂണ്ടികാണിച്ചാണ് അർഷ്ദീപ് കൊഹ്‌ലിയോട് തമാശ രൂപേണ ഒരു കാര്യം പറയുന്നത്.
'ഭയ്യാ ഇന്ന് റൺസ് കുറഞ്ഞുപോയി സെഞ്ച്വറി ഉറപ്പായിരുന്നല്ലോ.' ഉടൻ തന്നെ ചിരി പടർത്തിക്കൊണ്ട് കൊഹ്‌ലിയുടെ മറുപടിയുമെത്തി 'ടോസ് നമ്മൾ ജയിച്ചത് നന്നായി, ഇല്ലെങ്കിൽ മഞ്ഞുവീഴ്ച കാരണം നിന്റെ വിക്കറ്റും ഉറപ്പായിരുന്നു!' കൊഹ്‌ലിയുടെ മറുപടി എല്ലാവരെയും ചിരിപ്പിക്കുകയും അർഷ്ദീപിന്റെ റീൽ വൈറലാവുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |