കൊൽക്കത്ത: ബംഗാൾ രാജ്ഭവനിലും അനുബന്ധ വകുപ്പുകളിലും പ്ലാസ്റ്റിക് ഉപഭോഗം കുറയ്ക്കുന്നതിനുള്ള കർമ്മ പദ്ധതിക്ക് അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനത്തിൽ ഗവർണർ ഡോ. സി.വി ആനന്ദബോസ് തുടക്കം കുറിച്ചു. ആദ്യപടിയായി രാജ്ഭവനിലെയും അനുബന്ധ വകുപ്പുകളിലെയും എല്ലാ ജീവനക്കാരോടും അംഗങ്ങളോടും പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം ഉപേക്ഷിക്കാനും പരിസ്ഥിതിസൗഹൃദ ബദൽ മാർഗങ്ങൾ അവലംബിക്കാനും ഗവർണർ ആഹ്വാനം ചെയ്തു.
തുണി,ചണം,കടലാസ് ബാഗുകൾ അടക്കമുള്ള സുസ്ഥിര ബദലുകൾ സ്വീകരിക്കാനാണ് ഗവർണർ നിർദ്ദേശിച്ചത്. പ്ലാസ്റ്റിക് മലിനീകരണത്തിന്റെ അപകടങ്ങളെക്കുറിച്ചും പരിസ്ഥിതി സൗഹൃദ ശീലങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും കുടുംബങ്ങളിലും സമൂഹങ്ങളിലും അവബോധം സൃഷ്ടിക്കണം. വർത്തമാനകാലത്തിന്റെ സംരക്ഷകരും ഭാവിയുടെ കാര്യസ്ഥരും എന്ന നിലയിൽ, വരും തലമുറകൾക്കായി ഭൂമിയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ടെന്ന് ഗവർണർ ഓർമിപ്പിച്ചു. വൃത്തിയും ശുചിത്വവും പച്ചപ്പുമുള്ള ആരോഗ്യകരമായ പശ്ചിമ ബംഗാളിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |