ബീജിംഗ്: ഉഭയക്ഷി ബന്ധം ശക്തമാക്കൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും തമ്മിൽ നടന്ന ചർച്ചയിൽ ധാരണയായെന്ന് വിവരം. ബീജിംഗിൽ ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) മന്ത്രിതല യോഗത്തിന് മുന്നോടിയായാണ് ജയശങ്കർ ഷീയെ കണ്ടത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെയും ആശംസകൾ ഷീയെ അറിയിച്ചതായി ജയശങ്കർ എക്സിൽ കുറിച്ചു. ഷങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷനിലെ അംഗങ്ങളും ജയശങ്കറിനൊപ്പമുണ്ടായിരുന്നു.
അതേസമയം എസ്.സി.ഒ യോഗത്തിൽ പഹൽഗാമിലെ ഭീകരാക്രമണം ജയശങ്കർ ഉന്നയിച്ചു. അയൽരാജ്യങ്ങൾ എസ്.സി.ഒയുടെ സ്ഥാപക ലക്ഷ്യങ്ങളോട് സത്യസന്ധത പുലർത്തണമെന്നും ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
2020ൽ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽവീണതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ഗാൽവാൻ താഴ്വരയിലെ നിയന്ത്രണരേഖയിലുണ്ടായ സംഘർഷത്തിന് പിന്നാലെയാണ് ചൈനയും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളായത്. ഇതിന് ശേഷം ആദ്യമായാണ് ജയശങ്കർ ചൈന സന്ദർശിക്കുന്നത്. കഴിഞ്ഞ ദിവസം ബീജിംഗിൽ ചൈനീസ് വൈസ് പ്രസിഡന്റ് ഹാൻ ഹാൻ ഷെങ്ങുമായുള്ള കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ പുരോഗതിയുണ്ടെന്ന് ജയശങ്കർ വ്യക്തമാക്കിയിരുന്നു.
അതിർത്തിയിലെ തർക്കം പരിഹരിക്കണമെന്നും വ്യാപാര രംഗത്ത് ചൈന ഇന്ത്യയ്ക്കു മേൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നും ജയശങ്കർ കഴിഞ്ഞ ദിവസം ചൈനീസ് വിദേശകാര്യമന്ത്രിയുമായുള്ള ചർച്ചയിൽ ആവശ്യപ്പെട്ടിരുന്നു. അതേസമയം, എസ്.സി.ഒ ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്തംബറിൽ ചൈന സന്ദർശിക്കുമെന്ന റിപ്പോർട്ടുമുണ്ട്.
എസ്.സി.ഒയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ശേഷം അയൽരാജ്യങ്ങളുമായുള്ള സഹകരണം മെച്ചപ്പെടുത്തിയെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് എസ്.സി.ഒ കോൺക്ലേവിൽ അവകാശപ്പെട്ടു. കഴിഞ്ഞ വർഷം ഒക്ടോബറിൽ കസാനിൽ നടന്ന ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈന പ്രസിഡന്റ് ജിൻപിംഗും കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വികസിച്ചുതുടങ്ങിയത്. പിന്നാലെ ലഡാക്കിലെ രണ്ട് ഫാഷ് പോയിന്റുകളിൽ സൈന്യത്തെ വിന്യസിക്കാൻ ഇന്ത്യയും ചൈനയും തീരുമാനിക്കുകയും ചെയ്തു. ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്.സി.ഒ) കോൺക്ലേവിൽ പങ്കെടുക്കാനായാണ് വിദേശകാര്യ മന്ത്രി തിങ്കളാഴ്ച ചൈനയിൽ എത്തിയത്.
ഇടവേളയ്ക്ക് ശേഷം ഷീ
ഒരു ഇടവേളയ്ക്ക് ശേഷം ആദ്യമായിയാണ് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് ഒരു പൊതുവേദിയിൽ എത്തുന്നത് അതും ലോകനേതാക്കൾ പങ്കെടുക്കുന്ന എസ്.സി.ഒ കോൺക്ലേവിൽ. ഇതോടെ ഏതാനും ആഴ്ചകളായി ഷീയെ പൊതുപരിപാടികളിൽ കാണാനില്ലെന്ന റിപ്പോർട്ടുകൾ അഭ്യൂഹങ്ങൾക്കും വിരമമായിരിക്കുകയാണ്. കൂടാതെഎസ്.സി.ഒയിലെ 10 രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായും അംഗങ്ങളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
ഷീയെ കാണാനില്ലയെന്ന വാർത്തയെ തുടർന്ന് കഴിഞ്ഞ ജൂലായ് 7നാണ് ഷിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ പാർട്ടി മുഖപത്രമായപീപ്പിൾസ് ഡെയ്‌ലി പുറത്തുവിട്ടിരുന്നു. അതിനു പിന്നാലെയാണ് എസ്.സി.ഒ കോൺക്ലേവിലെ ഷീയുടെ സാന്നിദ്ധ്യം. ബ്രസീലിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ നിന്ന് വിട്ടുനിന്നതോടെയാണ് ഊഹാപോഹം ശക്തമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |