ന്യൂഡൽഹി: പ്രിയങ്കാ ഗാന്ധി അടക്കം എം.പിമാർ പാർലമെന്റിൽ ഇന്നലെ എത്തിയത് 'മിന്റാ ദേവി' എന്നെഴുതിയ വെള്ള ടീ ഷർട്ട ധരിച്ചാണ്. ടീ ഷർട്ടിന് പിന്നിൽ '124 നോട്ട് ഔട്ട്' എന്നെഴുതിയിരുന്നു. ബീഹാർ വോട്ടർ പട്ടികയിൽ ആദ്യമായി പേരുചേർത്ത മിന്റാ ദേവിയുടെ വയസ് 124 എന്ന് രേഖപ്പെടുത്തിയതാണ് പ്രതിപക്ഷം ഏറ്റെടുത്തത്. ഇത്രയും പ്രായമുള്ള ആദ്യ കന്നി വോട്ടർ ആദ്യമായാണെന്ന് പ്രതിപക്ഷം പരിസഹിച്ചു. ഇത്തരം നിരവധി കേസുകൾ ബീഹാറിലുണ്ടെന്നും ഇനിയും വരാനിരിക്കുന്നുവെന്നും കോൺഗ്രസ് എംയപി രാഹുൽ ഗാന്ധി പറഞ്ഞു. വോട്ടർ പട്ടികയിലെ വിലാസങ്ങളും ബന്ധുക്കളുടെ പേരുകളും മറ്റും വ്യാജമാണെന്ന് പ്രിയങ്കാ ഗാന്ധി ചൂണ്ടിക്കാട്ടി.
ടീ ഷർട്ട് ധരിച്ച എം.പിമാർ പാർലമെന്റിന് പുറത്ത് 'വോട്ട് അവകാശം, വോട്ട് യുദ്ധം' എന്നെഴുതിയ ബാനറുമായി പ്രകടനവും നടത്തി. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, കോൺഗ്രസ് പാർലമെന്ററി പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, തൃണമൂൽ നേതാവ്, ഡെറിക് ഒബ്രയാൻ, ഡി.എം.കെ നേതാവ് ടി.ആർ ബാലു, എൻ.സി.പി (എസ്.പി) നേതാവ് തുടങ്ങിയവരും പങ്കെടുത്തു. അതേസമയം മിന്റാ ദേവിക്ക് യഥാർത്ഥത്തിൽ 35 വയസാണെന്നും അപേക്ഷാ ഫോമിൽ തെറ്റു പറ്റിയതാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥൻ വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |