ന്യൂഡൽഹി: പാക് ഭീകര ക്യാമ്പുകൾ തകർത്ത ഓപ്പറേഷൻ സിന്ദൂറിലെ മികവിന് തൃശൂർ സ്വദേശിയായ മിലിട്ടറി ഓപ്പറേഷൻസ് ഡയറക്‌ടർ ജനറൽ(ഡി.ജി.എം.ഒ) വൈസ് അഡ്‌മിറൽ എ.എൻ. പ്രമോദിന് യുദ്ധസേവ മെഡൽ. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായ മറ്റ് യോദ്ധാക്കൾക്ക് യുദ്ധസമയത്തെ പരമോന്നത ബഹുമതിയായ സർവോത്തം യുദ്ധമെഡലും ഉത്തം സേവ, വീര ചക്ര, ശൗര്യചക്ര, സേനാമെഡലുകളും പ്രഖ്യാപിച്ചു. പാകിസ്ഥാനിൽ വ്യോമാക്രമണം നടത്തിയ പൈലറ്റുമാർക്കാണ് കൂടുതൽ മെഡലുകളും. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് രാഷ്ട്രപതിയുടെ പ്രഖ്യാപനം.
ഡി.ജി.എം.ഒമാരായ ലെഫ്‌റ്റനന്റ് ജനറൽ രാജീവ് ഘായ്, എയർമാർഷൽ എ.കെ. ഭാരതി, നോർത്തേൺ കമാൻഡ് മേധാവി ലെഫ്. ജനറൽ പ്രതീക് ശർമ്മ, ഉപവ്യോമസേന മേധാവി എയർമാർഷൽ നർമദേശ്വർ തിവാരി, വ്യോമസേന സതേൺകമാൻഡ് എ.ഒ.സി കമാൻഡന്റ് എയർമാർഷൽ നാഗേഷ് കപൂർ, വെസ്റ്റേൺ കമാൻഡ് മേധാവി എയർമാർഷൽ ജിതേന്ദ്ര മിശ്ര, നാവികസേന വെസ്റ്റേൺ കമാൻഡ് മുൻ മേധാവി വൈസ് അഡ്‌മിറൽ(റിട്ട) സഞ്ജയ് ജസ്ജിത് സിംഗ് എന്നിവർക്കാണ് സർവോത്തം യുദ്ധമെഡൽ.
നാലുപേർക്ക് കീർത്തി ചക്ര
വടക്കൻ സിക്കിമിലെ ഓപ്പറേഷനിടെ വീരമൃത്യുവരിച്ച 23കാരൻ ലെഫ്റ്റനന്റ് ശശാങ്ക് തിവാരി, പാരാ സ്‌പെഷൽ ഫോഴ്സസിലെ ക്യാപ്ടൻ ലാൽറിനാമാ സൈലോ, രാഷ്‌ട്രീയ റൈഫിൾസിലെ ലാൻസ് നായിക് മീനാച്ചി സുന്ദരം, ശിപായി ജൻജാൽ പ്രവീൺ പ്രഭാകർ എന്നിവർക്ക് സമാധാനകാലത്തെ രണ്ടാമത്തെ പരമോന്നത പുരസ്‌കാരമായ കീർത്തിചക്ര സമ്മാനിക്കും.
മലയാളിത്തിളക്കം
കരസേനാ ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ബ്രിഗേഡിയർ രാകേഷ് നായർക്ക്(ഗൂർഖാ റൈഫിൾസ്)യുദ്ധ സേവാ മെഡൽ.
കമാൻഡർ വിവേക് കുര്യാക്കോസിന് ധീരതയ്‌ക്കുള്ള നാവികസേനാ മെഡൽ. ഇരുവരും മലയാളികളാണ്.
127 ധീരത അവാർഡുകൾ
ന്യൂഡൽഹി: സായുധ സേനകൾക്കും കേന്ദ്ര സായുധ പൊലീസ് സേന ഉദ്യോഗസ്ഥർക്കുമായി 127 ധീരത അവാർഡുകളും 40 വിശിഷ്ട സേവന അവാർഡുകളുമാണ് രാഷ്ട്രപതി ദ്രൗപദി മുർമു പ്രഖ്യാപിച്ചത്. ഇതിൽ 15 വീരചക്ര, 16 ശൗര്യ ചക്ര, ധീരതയ്‌ക്ക് രണ്ടാമതായി ലഭിക്കുന്ന രണ്ടു സേനാമെഡലുകൾ, ധീരതയ്‌ക്കുള്ള 58 കരസേന, 6 നാവിക സേന, 26 വ്യോമസേന മെഡലുകൾ, ഏഴ് സർവോത്തം യുദ്ധസേവ മെഡലുകൾ, 9 ഉത്തം യുദ്ധസേവ മെഡലുകൾ, 24 യുദ്ധസേവ മെഡലുകൾ എന്നിവ ഉൾപ്പെടുന്നു. അഞ്ചു വ്യോമസേനാ പൈലറ്റ്മാർ അടക്കം 9പേർക്ക് ഉത്തം സേവ മെഡൽ. 16 ബി.എസ്.എഫ് ജവാൻമാർക്ക് ഓപ്പറേഷന്റെ ഭാഗമായി ധീരതയ്‌ക്കുള്ള പൊലീസ് മെഡലും നൽകും. അഗ്‌നിവീറുകളും മെഡൽ പട്ടികയിലുണ്ട്.
ഓപ്പറേഷൻ സിന്ദൂർ മികവിന് ഗ്രൂപ്പ് ക്യാപ്റ്റൻമാരായ ആർ എസ്. സിദ്ധു, മനീഷ് അറോറ, അനിമേഷ് പട്‌നി, കുനാൽ കൽറ, വിംഗ് കമാൻഡർ ജോയ് ചന്ദ്ര, സ്ക്വാഡ്രൺ ലീഡർമാരായ സാർത്തക് കുമാർ, സിദ്ധാന്ത് സിംഗ്, റിസ്വാൻ മാലിക്, ഫ്ലൈറ്റ് ലെഫ്റ്റനന്റ് എ.എസ്. താക്കൂർ എന്നിവർക്ക് വീര ചക്രയും വിംഗ് കമാൻഡർ അഭിമന്യു സിംഗിന് ശൗര്യ ചക്രയും ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |