ന്യൂഡൽഹി: ഭരണവിരുദ്ധ വികാരം തണുപ്പിക്കുന്നതിന്റെ ഭാഗമായി ഗുജറാത്തിലെ ഭുപേന്ദ്രഭായ് പട്ടേൽ സർക്കാർ 25 മന്ത്രിമാരുമായി പുനഃസംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം രാജിക്കത്ത് നൽകിയ 16 പേരിൽ ആറു പേരെ നിലനിറുത്തി. പഴയ മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രി ഹർഷ് സംഘ്‌വി ഉപമുഖ്യമന്ത്രിയായി. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ നടന്ന ചടങ്ങിൽ ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രത് സത്യവാചകം ചൊല്ലിക്കൊടുത്തു. മന്ത്രിസഭയിൽ നിലനിറുത്തിയ ഋഷികേശ് പട്ടേൽ, കനുഭായ് ദേശായി, കുൻവർജി ബവാലിയ, പ്രഫുൽ പൻസേരിയ, പർഷോത്തം സോളങ്കി എന്നിവർ സത്യപ്രതിജ്ഞ ചെയ്‌തില്ല. വകുപ്പുകളിലും മാറ്റമില്ല. എട്ട് ഒ.ബി.സിക്കാരും ആറ് പട്ടീദാറുകളും നാല് ഗോത്രവർഗക്കാരും മൂന്ന് പട്ടികജാതിക്കാരും, രണ്ട് ക്ഷത്രിയരും ബ്രാഹ്മണ, ജൈന (ലഘുമതി) സമുദായങ്ങളിൽ നിന്ന് ഒരാൾ വീതവും പുതിയ മന്ത്രിസഭയിൽ ഉൾപ്പെടുന്നു. ഇതോടെ മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിസഭയിലെ അംഗസംഖ്യ 26 ആയി.182 അംഗ നിയമസഭയുള്ള ഗുജറാത്തിൽ പരമാവധി 27 മന്ത്രിമാർ വരെയാകാം.
അന്തരിച്ച മുൻമുഖ്യമന്ത്രി വിജയ് രൂപാണിയുടെ പിൻഗാമിയായി 2021ലാണ് ഭൂപേന്ദ്ര പട്ടേൽ മുഖ്യമന്ത്രിയായത്. 2022ൽ അധികാര തുടർച്ച നേടി. അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും മുന്നിൽ കണ്ടാണ് പുതുമുഖങ്ങളെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിച്ചത്.
പുതുമുഖങ്ങൾ
കഴിഞ്ഞ വർഷം കോൺഗ്രസിൽ നിന്നെത്തിയ അർജുൻ മോദ്‌വാദിയ, ത്രികം ചാങ്, സ്വരൂപ്ജി താക്കൂർ, പ്രവീൺ മാലി, പി.സി. ബരാന്ദ, ദർശന വഗേല, കാന്തിലാൽ അമൃതിയ, പ്രദ്യുമ്ൻ വജ, കൗശിക് വെക്കാരിയ, ജിതേന്ദ്രഭായ് വഗാനി, രമൺഭായ് സോളങ്കി, കമലേഷ് ഭായ് പട്ടേൽ, സഞ്ജയ് സിംഗ് മഹിദ, പ്രവീൺ ഭായ് കതാര, മനീഷ വക്കീൽ, ഈശ്വര്‍സിംഗ് പട്ടേൽ, ഡോ. ജയറാംഭായ് ഗാമിത്, നരേഷ്ഭായ് പട്ടേൽ എന്നിവരാണ് പുതുമുഖങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |