ബംഗളൂരു: ആർഎസ്എസിന്റെ ശതാബ്ദി പരിപാടിയിൽ പങ്കെടുത്ത സർക്കാർ ഉദ്യോഗസ്ഥന് സസ്പെൻഷൻ. കർണാടകയിലെ പഞ്ചായത്ത് ഓഫീസറെയാണ് സസ്പെൻഡ് ചെയ്തത്. റായ്ച്ചൂർ ജില്ലയിലെ സിർവാർ താലൂക്കിലെ പഞ്ചായത്ത് ഡെവലപ്‌മെന്റ് ഓഫീസർ (പിഡിഒ) പ്രവീൺ കുമാർ കെപിയെയാണ് റൂറൽ ഡെവലപ്‌മെന്റ് ആൻഡ് പഞ്ചായത്ത് രാജ് (ആർഡിപിആർ) വകുപ്പ് വെള്ളിയാഴ്ച സസ്പെൻഡ് ചെയ്തത്.
ഒക്ടോബർ 12ന് ലിംഗ്സുഗൂരിൽ നടന്ന ആർഎസ്എസ് റൂട്ട് മാർച്ചിൽ യൂണിഫോം ധരിച്ചും വടിയേന്തിയുമാണ് കുമാർ പങ്കെടുത്തത്. പഞ്ചായത്ത് രാജ് കമ്മീഷണർ അരുന്ധതി ചന്ദ്രശേഖർ പുറത്തിറക്കിയ സസ്പെൻഷൻ ഉത്തരവിൽ, അദ്ദേഹത്തിന്റെ നടപടി രാഷ്ട്രീയ നിഷ്പക്ഷതയും അച്ചടക്കവും ആവശ്യപ്പെടുന്ന സിവിൽ സർവീസ് പെരുമാറ്റച്ചട്ടങ്ങൾ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി. വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഓഫീസർ സസ്പെൻഷനിൽ തുടരണം.
പൊതു ഇടങ്ങളിലെ ആർഎസ്എസ് പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള ചട്ടം സംസ്ഥാനത്തെ കോൺഗ്രസ് സർക്കാർ കൊണ്ടുവന്നതിന് തൊട്ടുപിന്നാലെയാണ് നടപടി. തീരുമാനത്തെ അപലപിച്ച ബിജെപി ഇത് കോൺഗ്രസിന്റെ ഹിന്ദു വിരുദ്ധ മനോഭാവത്തെ സൂചിപ്പിക്കുന്നതെന്ന് വിമർശിച്ചു.
കർണാടക സിവിൽ സർവീസസ് (കണ്ടക്ട്) റൂൾസ്, 2021-ലെ റൂൾ 3 ആണ് ഉദ്യോഗസ്ഥൻ ലംഘിച്ചതെന്ന് ഉത്തരവിൽ പറയുന്നു. സർക്കാർ ജീവനക്കാർ രാഷ്ട്രീയ നിഷ്പക്ഷതയും സത്യസന്ധതയും തങ്ങളുടെ സ്ഥാനത്തിന് യോജിച്ച പെരുമാറ്റവും പാലിക്കണമെന്ന് ഈ നിയമം അനുശാസിക്കുന്നു.
അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഒരു പൊതുസേവകനിൽ നിന്ന് പ്രതീക്ഷിക്കുന്ന നിലവാരത്തിന് നിരക്കുന്നതല്ലെന്നും ഉത്തരവിൽ കൂട്ടിച്ചേർത്തു. സസ്പെൻഷൻ നടപടിയിൽ കോൺഗ്രസിനെതിരെ രൂക്ഷമായ വിമർശനമുയർത്തിക്കൊണ്ട് ബിജെപി കർണാടക അദ്ധ്യക്ഷൻ വിജയേന്ദ്ര യെദ്യൂരപ്പ രംഗത്തെത്തി. സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് രാജ്യത്തിനെതിരായ ആക്രമണമാണിതെന്നും അദ്ദേഹം ചൂണ്ടികാണിച്ചു.
'കർണാടക കോൺഗ്രസ് പാർട്ടിയുടെ വികലമായ ഹിന്ദു വിരുദ്ധ മനോഭാവമല്ലാതെ മറ്റൊന്നുമല്ല ഇത്. നിങ്ങൾ സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യാൻ തുടങ്ങിയിരിക്കുന്നു; അത് നേരെയാക്കാനുള്ള തന്ത്രം ഞങ്ങൾക്കറിയാം. സസ്പെൻഷൻ ഉടൻ പിൻവലിച്ച് മാപ്പ് പറയണം. അല്ലെങ്കിൽ ജനാധിപത്യ വ്യവസ്ഥയിൽ ഭരണഘടനാപരമായ മാർഗങ്ങളിലൂടെ ഉചിതമായ മറുപടി നൽകും,' അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാർ പൊതുഇടങ്ങളിൽ പരിപാടികൾ നടത്തുന്നതിന് എല്ലാ സംഘടനകൾക്കും മുൻകൂർ അനുമതി നിർബന്ധമാക്കിയതിനെ തുടർന്ന് കോൺഗ്രസും ബിജെപിയും കർണാടകയിൽ ഏറെ നാളായി പോരിലാണ്. പൊതുഇടങ്ങളിൽ ആർഎസ്എസ് പ്രവർത്തനങ്ങൾ നിരോധിക്കണമെന്ന് സംസ്ഥാന മന്ത്രി പ്രിയങ്ക് ഖാർഗെ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പുതിയ നിയമം നടപ്പിലാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |