ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുന്‍ നായകനും ലോകകപ്പ് ഹീറോയുമായ പോള്‍ കോളിംഗ്‌വുഡ് മാസങ്ങളായി ഒളിവിലാണ്. ഒന്നിലധികം സ്ത്രീകളുമായി രണ്ട് മണിക്കൂറോളം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് പറയുന്ന ഓഡിയോ ക്ലിപ്പ് പുറത്ത് വന്നതാണ് താരത്തിന് വിനയായത്. ഇതിന് പിന്നാലെ നികുതി വെട്ടിപ്പ് കേസില്‍ താരത്തിന് പിഴ ചുമത്താനും ഉത്തരവിട്ടിരുന്നു. സഹതാരമായിരുന്ന ഗ്രേം സ്വാന്‍ ഒരു പോഡ്കാസ്റ്റില്‍ ഇതേക്കുറിച്ച് സംസാരിച്ചതാണ് ഇപ്പോള്‍ സംഭവം വീണ്ടും ചര്‍ച്ചയായതിന് പിന്നില്‍.
ഇംഗ്ലണ്ടിന് ആദ്യമായി ഒരു ലോകകപ്പ് സമ്മാനിച്ച ക്യാപ്റ്റനാണ് പോള്‍ കോളിംഗ്‌വുഡ്. 2010ല്‍ കോളിംഗ്‌വുഡ് നായകനായിരുന്നപ്പോഴാണ് ഇംഗ്ലണ്ട് ട്വന്റി 20 ലോകചാമ്പ്യന്‍മാരായത്. പിന്നീട് ഇംഗ്ലണ്ട് ദേശീയ ടീമിന്റെ പരിശീലക സംഘത്തിലുണ്ടായിരുന്ന കോളിംഗ്‌വുഡ് ഈ വര്‍ഷം മേയ് മാസത്തോടെ പദവിയില്‍ നിന്ന് അവധിയെടുക്കുകയും ചെയ്തു. ഇതിന് ശേഷം താരം പൊതുവേദികളിലൊന്നും പ്രത്യക്ഷപ്പെട്ടിട്ടില്ല. 2023 ഏപ്രില്‍ മുതലാണ് കോളിംഗ്‌വുഡ് ഓഡിയോ ടേപ്പ് വിവാദങ്ങളില്‍പ്പെട്ടുതുടങ്ങിയത്.
ഓഡിയോ ടേപ്പിനെക്കുറിച്ച് നിരവധി താരങ്ങള്‍ക്ക് അറിവുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം ഗ്രേം സ്വാന്‍ വെളിപ്പെടുത്തിയതോടെയാണ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചത്. കോളിംഗ്‌വുഡിന് മാത്രം കഴിയുന്ന കാര്യങ്ങള്‍ എന്ന് പറഞ്ഞാണ് സ്വാന്‍ തന്റെ മുന്‍ നായകനെ കളിയാക്കിയത്. നികുതി വെട്ടിപ്പ് കേസില്‍ രണ്ട് കോടിയോളം രൂപയാണ് പിഴ വിധിച്ചത്. 49കാരനായ താരം വിവാഹമോചിതനാണ്. മുമ്പും കോളിംഗ്‌വുഡ് വിവാദങ്ങളില്‍പ്പെട്ടിരുന്നു.
2007ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ട്വന്റി20 ലോകകപ്പിനിടെ കോളിംഗ്‌വുഡിനെ കേപ്ടൗണ്‍ സ്ട്രിപ് ക്ലബില്‍ കണ്ടതായി വാര്‍ത്തകളുണ്ടായിരുന്നു. ക്ലബില്‍ നിന്ന് താരം നേരത്തെ ഇറങ്ങിയെന്ന് വാദിച്ചെങ്കിലും 1000 പൗണ്ടാണ് അന്ന് ഇംഗ്ലിഷ് ക്രിക്കറ്റ് ബോര്‍ഡ് പിഴ ഈടാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |