
ന്യൂഡൽഹി: രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വി.സി, രജിസ്ട്രാർ അടക്കം സുപ്രധാന പദവികളിൽ ഒഴിവുണ്ടായാൽ ഒരുമാസത്തിനകം നിയമനം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി. സ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പിനാണിത്. റിട്ടയർമെന്റ് തീയതി മുൻകൂറായി അറിയാവുന്നതിനാൽ റിക്രൂട്ട്മെന്റ് നടപടികൾ നേരത്തെ ആരംഭിക്കണം. അങ്ങനെയെങ്കിൽ ഒരുമാസത്തിനകം ഒഴിവുകൾ നികത്താനാകും. ഇതൊരു ശീലമാക്കണമെന്ന് ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, ആർ.മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ആദ്യപടിയായി, പൊതു- സ്വകാര്യ സ്ഥാപനങ്ങളിലെ വി.സി, രജിസ്ട്രാർ, ഫാക്കൽറ്റി, മറ്റ് സുപ്രധാന ഭരണപദവികളിലെ ഒഴിവുകൾ നികത്താൻ നാലുമാസത്തെ സമയം അനുവദിച്ചു. അദ്ധ്യാപക- അദ്ധ്യാപകേതര ഒഴിവുകളും ഇതിനുള്ളിൽ നികത്തണം. സംവരണ തസ്‌തികകളിലേക്കുള്ള റിക്രൂട്ട്മെന്റിന് സ്‌പെഷ്യൽ ഡ്രൈവ് നടത്താം. എത്ര സംവരണ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു, എത്രയെണ്ണം നികത്തി, ഇല്ലെങ്കിൽ കാരണമെന്ത്, റിക്രൂട്ട്മെന്റിന് എത്രസമയമെടുത്തു തുടങ്ങിയവ സ്ഥാപനങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ അറിയിക്കണം.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥി ആത്മഹത്യകളുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവേയാണ് കോടതി നിർദ്ദേശം.
സ്‌കോളർഷിപ്പ്
വൈകരുത്
1.അർഹരായ വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് കുടിശികയുണ്ടെങ്കിൽ നാലുമാസത്തിനകം നൽകാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കണം. കഴിഞ്ഞില്ലെങ്കിൽ അക്കാര്യം രേഖാമൂലം രണ്ടുമാസത്തിനകം സ്ഥാപനങ്ങളെ അറിയിക്കണം. ഭാവിയിൽ വൈകില്ലെന്ന് ഉറപ്പാക്കണം
2.സ്കോളർഷിപ്പ് ലഭിക്കാത്തതുകാരണം ഫീസടയ്ക്കാൻ കഴിയാതെ വന്നാൽ വിദ്യാർത്ഥികളെ പരീക്ഷ എഴുതുന്നതിൽ നിന്ന് തടയരുത്. ഹോസ്റ്റലുകളിൽ നിന്ന് പുറത്താക്കരുത്. ക്ലാസിൽ കയറുന്നത് വിലക്കരുത്. മാർക്ക് ഷീറ്റുകളടക്കം തടഞ്ഞുവയ്‌ക്കരുത്. മറിച്ചുണ്ടായാൽ കടുത്ത നടപടിയുണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്ത് സ്ഥിരം
വി.സിമാർ മൂന്നിടത്ത്
സംസ്ഥാനത്ത് 14 സർവകലാശാലകളിൽ മൂന്നിടത്തുമാത്രമാണ് സ്ഥിരം വി.സിമാരുള്ളത്. സാങ്കേതികം, ആരോഗ്യം, ഡിജിറ്റൽ എന്നിവിടങ്ങളിൽ. കാലിക്കറ്റിൽ വി.സി നിയമനത്തിനുള്ള അഭിമുഖം ഉടൻതുടങ്ങും. സുപ്രീംകോടതി നിർദ്ദേശത്തോടെ സംസ്ഥാനത്തും വി.സി നിയമനത്തിന് വേഗത കൈവരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |