
ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിംഗ് തടയുന്ന നിയമ വ്യവസ്ഥകൾ കർശനമായും പാലിക്കണമെന്ന് സുപ്രീകോടതി നിർദ്ദേശിച്ചു. ക്യാമ്പസുകളിൽ മാനസികാരോഗ്യ വിദഗ്ദ്ധരുടെ സേവനമുണ്ടാകണം. ജാതിവിവേചനം, റാഗിംഗ്, ലിംഗവിവേചനം, ലൈംഗികാതിക്രമം, പഠനഭാരം തുടങ്ങിയ കാരണങ്ങൾ കൊണ്ട് കലാലയങ്ങളിൽ ഇനിയൊരു ജീവൻ നഷ്‌ടപ്പെടരുതെന്ന ഉദ്ദേശ്യത്തോടെ പത്തംഗ ദേശീയ ദൗത്യസേനയെ (എൻ.ടി.എഫ്) 2025 മാർച്ചിൽ രൂപീകരിച്ചിരുന്നു. സുപ്രീംകോടതി റിട്ട. ജഡ്‌ജി എസ്. രവീന്ദ്ര ഭട്ട് അദ്ധ്യക്ഷനായ സമിതി സമർപ്പിച്ച ശുപാർശകൾ പരിശോധിച്ച ശേഷമാണ് കോടതി നിർദ്ദേശം നൽകിയത്.
ക്യാമ്പസുകളിൽ വിദ്യാർത്ഥികളുടെ ആത്മഹത്യകൾ തടയാൻ എൻ.ടി.എഫ് മാതൃകാ പ്രോട്ടോക്കോൾ തയ്യാറാക്കണമെന്നും നിർദ്ദേശിച്ചു. വിദ്യാർത്ഥി ആത്മഹത്യകളുണ്ടായാൽ അധികൃതർ ഉടനടി പൊലീസിനെ വിവരമറിയിക്കണം. തങ്ങളുടെ സ്ഥാപനം സുരക്ഷിതവും,സമത്വമുള്ളതും,പഠനത്തിന് അനുകൂല സാഹചര്യവുമുള്ള ഇടമാണെന്ന് ഉറപ്പാക്കാനുള്ള അടിസ്ഥാന ഉത്തരവാദിത്വത്തിൽ നിന്ന് അധികൃതർക്ക് ഒഴിഞ്ഞുമാറാനാകില്ല.
വിദ്യാർത്ഥി ആത്മഹത്യകൾ, ദുരൂഹമരണങ്ങൾ എന്നിവ സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ യു.ജി.സിക്ക് വാർഷിക റിപ്പോർട്ട് സമർപ്പിക്കണമെന്നും ക്യാമ്പസുകളിൽ വിദ്യാർത്ഥികളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ഹർജികളിൽ കോടതി നിർദ്ദേശിച്ചു.
തുല്യ അവസര
സെല്ലുകൾ വേണം
പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിൽ നിന്നും ഗ്രാമങ്ങളിൽ നിന്നും വരുന്ന വിദ്യാർത്ഥികൾ, ട്രാൻസ്ജെൻഡേഴ്സ്, ഭിന്നശേഷിക്കാർ തുടങ്ങിയവർക്ക് പിന്തുണ നൽകാൻ ക്യാമ്പസുകളിൽ 'തുല്യ അവസര സെല്ലുകൾ' ആവശ്യമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ ദളിത് ഗവേഷക വിദ്യാർത്ഥിയായിരുന്ന രോഹിത് വെമുലയുടെയും, മുംബയിലെ ടി.എൻ. ടോപ്പിവാല നാഷണൽ മെഡിക്കൽ കോളേജിൽ പട്ടികവർഗ വിദ്യാർത്ഥിനി പായൽ തഡ്‌വിയുടെയും അടക്കം മരണം രാജ്യത്തെ അക്കാഡമിക് മേഖലയിൽ ഏറെ ചർച്ചയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |