
മംഗലപുരം : മൂഡബിദ്രിയിൽ ഇന്നലെ സമാപിച്ച അന്തർസർവകലാശാല അത്‌ലറ്റിക്സ് മീറ്റിൽ കേരളത്തിൽ നിന്നുള്ള യൂണിവേഴ്സിറ്റികളായ എം.ജിയും കാലിക്കറ്റും അത്യവശ്യം മെഡലുകൾ നേടി മുഖം രക്ഷിച്ചപ്പോൾ ഒറ്റ മെഡൽ പോലും നേടാനാകാതെ കേരള യൂണിവേഴ്സിറ്റി.
രണ്ട് വീതം സ്വർണവും വെള്ളിയും മൂന്ന് വെങ്കലങ്ങളും നേടിയ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഓവറാൾ പൊസിഷനിൽ നാലാം സ്ഥാനത്തെത്തി. രണ്ട് വീതം സ്വർണവും വെള്ളിയും ഒരു വെങ്കലവും നേടിയ എം.ജി ആറാം സ്ഥാനത്തായി. കാലിക്കറ്റിന് വേണ്ടി സ്വർണം നേടിയ രണ്ട് താരങ്ങളും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്നാണ്. 400 മീറ്റർ ഹഡിൽസിൽ ഡെൽന ഫിലിപ്പും ഷോട്ട്പുട്ടിൽ അനുപ്രിയയും. സ്റ്റീപ്പിൾ ചേസിൽ തൃശൂർ സെന്റ് തോമസ് കോളേജിലെ എം.മനോജ് കുമാറും 110 മീറ്റർ ഹഡിൽസിൽ പാലക്കാട് വിക്ടോറിയ കോളേജിലെ ഷാഹുലും വെള്ളിനേടി. ട്രിപ്പിൾജമ്പിൽ എം. ഡൊണാൾഡും പോൾവാട്ടിൽ നേഹ എൽദോയും 4-100 മീറ്റർ റിലേ ടീമും വെങ്കലം നേടി.
എം.ജിക്ക് വേണ്ടി ശ്രീന ,ഭവിക,രശ്മി,അമനിക എന്നിവർ അണിനിരന്ന 4-100 മീറ്റർ റിലേ ടീമും ട്രിപ്പിൾ ജമ്പിൽ അലീന ടി.സജിയുമാണ് സ്വർണം നേടിയത്. 5000 മീറ്ററിൽ എൻ.പൗർണമിക്കും 200 മീറ്ററിൽ ശ്രീനയ്ക്കും വെള്ളി ലഭിച്ചു.പുരുഷ 200 മീറ്ററിൽ എസ്.ആർ രോഹൻ വെങ്കലം നേടി.
യൂണിഫോമിന്പോലും പണം നൽകാതെ
കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് അത്‌ലറ്റിക്സ് ടീമിന് ട്രെയിൻ ടിക്കറ്റെടുത്ത് നൽകിയതല്ലാതെ മാർച്ച് പാസ്റ്റിൽ അണിയാനുള്ള ജഴ്സിക്കോ ഭക്ഷണത്തിനോ അഞ്ചുപൈസപോലും നൽകയിരുന്നില്ല. ഇക്കാര്യം ടീം യാത്ര തിരിക്കും മുന്നേ കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. സർവകലാശാലാ ഫിനാൻസ് കമ്മറ്റി പണം അനുവദിക്കാത്തതിനാലാണ് മംഗളുരുവിലെ മാർച്ച് പാസ്റ്റിൽ യൂണിഫോം അണിയാനില്ലാത്ത ഏക യൂണിവേഴ്സിറ്റിയായി കേരള മാറിയത്. പരിശീലകരും ടീം മാനേജർമാരും സ്വന്തം കയ്യിൽ നിന്ന് പണം മുടക്കിയാണ് കുട്ടികളെ മത്സരത്തിന് തയ്യാറാക്കിയത്. ഈ പട്ടിണിയും പരിവട്ടവുമാണ് കേരള യൂണിവേഴ്സിറ്റിയുടെ മെഡൽ സാദ്ധ്യതകൾക്കും തിരിച്ചടിയായത്.
കഴിഞ്ഞവർഷം 4-400 മീറ്റർ റിലേയിലും ലോംഗ്ജമ്പിലും കേരള യൂണി താരങ്ങൾ റെക്കാഡോടെ സ്വർണം നേടിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |