
ദുബായ് : മുസ്താഫിസുർ റഹ്മാനെ ഐ.പി.എല്ലിൽ നിന്ന് ഒഴിവാക്കിയതിനെത്തുടർന്നുണ്ടായ വിഷയത്തിൽ ഇന്ത്യയിലേക്ക് ലോകകപ്പിന് വരില്ലെന്ന കടുംപിടുത്തം തുടരുന്ന ബംഗ്ളാദേശ് ക്രിക്കറ്റ് ബോർഡിനെ നേരിട്ടുകണ്ട് ചർച്ച നടത്താൻ ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിൽ. ഒരാഴ്ചയിലേറെയായി തുടരുന്ന ഓൺലൈൻ ചർച്ചകളിൽ പ്രശ്നപരിഹാരം സാദ്ധ്യമാകാത്തതിനാലാണ് പ്രതിനിധി സംഘത്തെ ബംഗ്ളാദേശിലേക്ക് അയയ്ക്കാൻ ഐ.സി.സി തീരുമാനിച്ചത്. ചെയർമാൻ ജയ് ഷാതന്നെയാണ് സംഘത്തെ നയിക്കുകയെന്നറിയുന്നു.
ബംഗ്ളാദേശിൽ ഹിന്ദുക്കൾക്ക് എതിരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ബംഗ്ളാ താരങ്ങളെ ഐ.പി.എല്ലിൽ കളിപ്പിക്കരുതെന്ന് ചില ഇന്ത്യൻ സംഘടനകൾ നിലപാട് സ്വീകരിച്ചിരുന്നു. ഇവരുടെ പ്രതിഷേധം കടുത്തതോടെ ഈ സീസണിൽ കൊൽക്കത്ത ടീമിലെത്തിയ ബംഗ്ളാ പേസർ മുസ്താഫിസുർ റഹ്മാനെ ഒഴിവാക്കാൻ ബി.സി.സി.ഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ ഷാറൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള ടീമിനോട് ആവശ്യപ്പെടുകയായിരുന്നു. ക്ളബ് ഇത് അനുസരിച്ചതോടെയാണ് ബംഗ്ളാദേശ് ക്രിക്കറ്റ് ബോർഡ് പ്രശ്നങ്ങൾ ഉണ്ടാക്കിത്തുടങ്ങിയത്.
ഇന്ത്യയിൽ തങ്ങളുടെ താരങ്ങൾക്ക് സുരക്ഷയില്ലെന്നും അതിനാൽ തങ്ങളുടെ ലോകകപ്പ് മത്സരങ്ങളുടെ വേദി ഇന്ത്യയിൽ നിന്ന് ഒഴിവാക്കി ശ്രീലങ്കിലേക്ക് മാറ്റണമെന്നാണ് ബി.സി.ബി ആവശ്യപ്പെട്ടത്. ഇന്ത്യയിൽ അത്തരമൊരു സുരക്ഷാപ്രശ്നം ഇല്ലെന്നും വേദി മാറ്റം നടക്കില്ലെന്നും ഐ.സി.സി നിലപാടെടുത്തു. എന്നാൽ ബംഗ്ളാ സർക്കാർ തന്നെ താരങ്ങളെ ഇന്ത്യയിലേക്ക് അയയ്ക്കാൻ കഴിയില്ലെന്ന നിലപാടിൽ ഉറച്ചതോടെ പ്രശ്നപരിഹാരം നീണ്ടുപോയി.അതിനിടെ ലോകകപ്പ് വേദിയുടെ കാര്യത്തിൽ ഇന്ത്യയുമായി പ്രശ്നങ്ങൾ വേണ്ടെന്ന നിലപാട് സ്വീകരിച്ച താരങ്ങളെ ബി.സി.ബി ഡയറക്ടർ ഇന്ത്യൻ ഏജന്റെന്ന് വിളിച്ചതിന്റെ പേരിൽ ബംഗ്ളാ കളിക്കാരുടെ യൂണിയൻ ബംഗ്ളാ പ്രിമിയർ ലീഗ് മത്സരങ്ങൾ ബഹിഷ്കരിക്കുന്നതിലേക്കുമെത്തി. ഡയറക്ടറെ ബി.സി.ബി സസ്പെൻഡ് ചെയ്തതോടെയാണ് ബഹിഷ്കരണം അവസാനിപ്പിച്ചത്.
ഫെബ്രുവരി ഏഴുമുതൽ മാർച്ച് എട്ടുവരെ ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ട്വന്റി-20 ലോകകപ്പ് നടക്കുന്നത്.വെസ്റ്റ് ഇൻഡീസ്, ഇറ്റലി, ഇംഗ്ലണ്ട്, നേപ്പാൾ ടീമുകൾ ഉൾപ്പെട്ട ഗ്രൂപ്പ് സി-യിലാണ് ബംഗ്ലാദേശ്. ഗ്രൂപ്പ് ഘട്ടത്തിൽ ബംഗ്ലദേശിന്റെ നാലു മത്സരങ്ങളാണ് ഇന്ത്യയിൽ നടക്കുന്നത്. ഇതിൽ മൂന്നെണ്ണം കൊൽക്കത്ത ഈഡൻ ഗാർഡൻസിലും ഒരെണ്ണം മുംബയ് വാങ്കഡെ സ്റ്റേഡിയത്തിലുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |