
ബംഗളൂരു: കേരളത്തിനും തമിഴ്നാടിനും പുറമേ കർണാടക നിയമസഭയിലും ഗവർണർ-സർക്കാർ പോര്. നയപ്രഖ്യാപന പ്രസംഗം രണ്ട് വരി മാത്രം വായിച്ച് ഇറങ്ങിപ്പോയ ഗവർണർ താവർചന്ദ് ഗെലോട്ടിനെ കോൺഗ്രസ് എം.എൽ.എമാർ തടയാൻ ശ്രമിച്ചതോടെ സഭയിൽ നാടകീയ സംഭവങ്ങൾ. 'സംസ്ഥാനത്തിന്റെ സാമ്പത്തിക, സാമൂഹിക, ഭൗതിക വികസനം ഇരട്ടിയാക്കാൻ എന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ജയ് ഹിന്ദ്, ജയ് കർണാടക" എന്നുമാത്രം പറഞ്ഞിറങ്ങിയ ഗവർണറെ കോൺഗ്രസ് എം.എൽ.എമാർ തടഞ്ഞു. പ്രസംഗം വെട്ടിക്കുറച്ചതിൽ കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയും 'ലജ്ജിക്കുന്നു' എന്ന മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഗവർണറുടെ പിന്നാലെ കൂടുകയും തടയാൻ ശ്രമിക്കുകയും ചെയ്തു. മാർഷലുകൾ ഇടപെട്ടാണ് ഗെലോട്ടിനെ പുറത്തെത്തിച്ചത്.
ഗവർണർ ഭരണഘടനാ മര്യാദകൾ ലംഘിക്കുകയാണെന്നും കേന്ദ്ര നിർദ്ദേശപ്രകാരം പ്രവർത്തിക്കുകയാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. ജനാധിപത്യ ചരിത്രത്തിലെ കറുത്ത ദിനമാണിന്നെന്ന് കർണാടക നിയമമന്ത്രി എച്ച്.കെ പാട്ടീൽ പറഞ്ഞു.
വിബി ജി റാം ജി
പദ്ധതിക്കെതിരെ
നയപ്രഖ്യാപനത്തിലെ 11 ഖണ്ഡികകളും കേന്ദ്രത്തെ വിമർശിച്ചുള്ളതായിരുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിക്കുപകരം വിബി ജി റാം ജി പദ്ധതി കൊണ്ടുവന്നതിനെതിരെയും കർണാടകയ്ക്കുള്ള നികുതി വിഹിതത്തിലും ഫണ്ട് വിഹിതത്തിലും ഉണ്ടായ കുറവുകളെക്കുറിച്ചും പരാമർശമുണ്ട്.
സഭാ സമ്മേളനത്തെ അഭിസംബോധന ചെയ്യേണ്ടത് ഗവർണറുടെ കടമയാണ്. മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിന് പകരം സ്വന്തമായി തയ്യാറാക്കിയ പ്രസംഗമാണ് ഗവർണർ നടത്തിയത്. ഇത് ഭരണഘടനാ ലംഘനമാണ്. ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റുന്നതിൽ ഗെലോട്ട് പരാജയപ്പെട്ടു. നിയമപരമായ നടപടികൾ സ്വീകരിക്കും
-സിദ്ധരാമയ്യ
കർണാടക മുഖ്യമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |