SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.26 PM IST

രാജ്യസഭയിൽ പ്രതിപക്ഷത്തിന് വിമർശനം:  കോൺഗ്രസ് സർക്കാരിന്റെ തെറ്റുകൾ തിരുത്തുന്നതാണ് മുഖ്യജോലി:മോദി

Increase Font Size Decrease Font Size Print Page
d

ന്യൂഡൽഹി: പഴയ കോൺഗ്രസ് സർക്കാരുകളുടെ തെറ്റു തിരുത്താനാണ് ഏറെ സമയം ചെലവിടേണ്ടി വരുന്നതെന്ന് പ്രധാനമന്ത്രി. രാജ്യസഭയിൽ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള ചർച്ചയ്‌ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം വാക്കൗട്ട് നടത്തി.

ലോക്‌സഭയിൽ മറുപടി പ്രസംഗം മുടങ്ങിയത് വേദനാജനകമാണെന്നും കോൺഗ്രസ് രാഷ്ട്രപതിയെയും ഗോത്രവർഗക്കാരെയും ഭരണഘടനയെയും അപമാനിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലോക്‌സഭയിലെ കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങൾ പ്രതിപക്ഷത്തിന്റെ നിലവാര തകർച്ച സൂചിപ്പിക്കുന്നതാണ്. ചർച്ചയുടെ നിലവാരം കുറച്ചുകൂടി കൂടണമായിരുന്നു. എസ്.ഐ.ആറിനെതിരെ പ്രതിഷേധിക്കുന്ന തൃണമൂൽ കുടിയേറ്റക്കാർക്ക് വേണ്ടി നിലകൊള്ളുന്നുവെന്നും പശ്ചിമ ബംഗാളുകാരുടെ ഭാവി ഇരുട്ടിലാക്കുന്നുവെന്നും മോദി പറഞ്ഞു. അധികാരമല്ലാതെ അവർക്ക് മറ്റൊരു അഭിലാഷവുമില്ല.

മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റുവും ഇന്ദിരാഗാന്ധിയും ഇന്ത്യയിലെ ജനസംഖ്യയെ പ്രശ്നമായാണ് കണ്ടതെങ്കിൽ തന്റെ സർക്കാരിന് അവർ ശക്തിയാണ്. കോൺഗ്രസ് സർക്കാരുകളുടേത് 'റിമോട്ട് കൺട്രോൾ' ഭരണമായിരുന്നെങ്കിൽ താൻ 140 കോടി ജനങ്ങളുടെ റിമോട്ടിലാണ് പ്രവർത്തിക്കുന്നത്.

മോഷണം കുടുംബ തൊഴിലാക്കിയ ചിലർ ഗുജറാത്തിയായ മഹാത്മാഗാന്ധിയുടെ പേര് മോഷ്ടിച്ചെന്ന് ഗാന്ധി കുടുംബത്തെ പരിഹസിച്ചുകൊണ്ട് മോദി പറഞ്ഞു. കേന്ദ്ര മന്ത്രി രവനീത് സിംഗ് ബിട്ടുവിനെ രാഹുൽ ഗാന്ധി വഞ്ചകൻ എന്ന് വിളിച്ച സംഭവം ചൂണ്ടിക്കാട്ടി 'യുവരാജാവ്' സിക്കുകാരെ അപമാനിച്ചെന്നും മോദി പറഞ്ഞു.

പ്രതിപക്ഷത്തു നിന്ന് ദിവസം രണ്ടു കിലോ വീതം അപമാനം ഏറ്റുവാങ്ങുന്നു. അതാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യം-ട്രഷറി ബെഞ്ചിൽ ചിരി പടർത്തിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

പ്രതിപക്ഷം ജനാധിപത്യത്തിന്റെ മേലങ്കി അണിഞ്ഞുകൊണ്ട് വിദ്വേഷം വളർത്തുകയാണ്. 'മോദി തേരി കബർ ഖുദേഗി' (മോദിയുടെ കുഴി തോണ്ടും), 'മൊഹബ്ബത്ത് കി ദുകാൻ'(സ്‌നേഹത്തിന്റെ കട) എന്നീ മുദ്രാവാക്യങ്ങൾ വിദ്വേഷം പ്രചരിപ്പിക്കുന്നവയാണ്.

സദാനന്ദൻ മാസ്റ്റർക്ക് അഭിനന്ദനം

കേരളത്തിൽ നിന്നുള്ള നോമിനേറ്റഡ് അംഗം സദാനന്ദൻ മാസ്റ്ററെയും പ്രധാനമന്ത്രി പരാമർശിച്ചു. രാഷ്ട്രീയക്കലി മൂലം രണ്ട് കാലുകളും നഷ്ടപ്പെട്ട അദ്ദേഹം കൃത്രിമ കൈകാലുകളുമായാണ് ജീവിച്ചത്. എന്നിട്ടും പൊതുജീവിതത്തിൽ സദാനന്ദൻ മാസ്റ്റർ അസാധാരണമായ അന്തസ്സും മൂല്യങ്ങളും സംയമനവും പാലിച്ചെന്നും മോദി പറഞ്ഞു.

'ഖാർഗെയ്‌ക്ക് വയ്യ, ഇരുന്ന്

മുദ്രാവാക്യം വിളിക്കട്ടെ'

രാജ്യസഭയിൽ പ്രസംഗം തുടങ്ങിയപ്പോൾ പ്രതിഷേധിക്കുകയായിരുന്ന കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയോട് ഇരുന്ന് മുദ്രാവാക്യം വിളിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് ട്രഷറി ബെഞ്ചിൽ ചിരി പടർത്തി. ഖാർഗെയ്‌ക്ക് പ്രായമായതിനാൽ അസ്വസ്ഥതയുണ്ടാകാമെന്നും ഇരുന്ന് മുദ്രാവാക്യം വിളിക്കാൻ അനുവദിക്കണമെന്ന് അദ്ധ്യക്ഷനോട് അഭ്യർത്ഥിക്കുന്നതായും മോദി പറഞ്ഞു.

മോദിയുടെ പ്രസംഗം തുടങ്ങിയപ്പോൾ മുതൽ പ്രതിപക്ഷം മുദ്രാവാക്യം വിളിയുമായി നടുത്തളത്തിലുണ്ടായിരുന്നു. അൽപ നേരം കഴിഞ്ഞ് പ്രതിപക്ഷം സഭവിട്ടിറങ്ങി.

TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY