
രണ്ട് പേർക്ക് പരിക്ക്
ചുരാചന്ദ്പൂരിൽ ഇന്ന് ബന്ദ്
ന്യൂഡൽഹി: മണിപ്പൂരിൽ കഴിഞ്ഞദിവസം സത്യപ്രതിജ്ഞ ചെയ്‌തു അധികാരമേറ്റ യുംനാം ഖേംചന്ദ് സിംഗ് സർക്കാരിനെതിരെ കുക്കി വിഭാഗം തെരുവിൽ. കുക്കി സ്വാധീനമേഖലയായ ചുരാചന്ദ്പൂരിൽ അർദ്ധരാത്രിയിലും സുരക്ഷാ സേനയുമായി സംഘർഷമുണ്ടായി. ഇതിനിടെ സുരക്ഷ സേന ലാത്തി വീശി. പ്രവർത്തകർ പൊലീസിന് നേരെ കല്ലെറിഞ്ഞതാണ് പ്രകോപനത്തിന് വഴിവച്ചത്. സംഘർഷത്തിൽ രണ്ട് കുക്കി പ്രവർത്തർക്ക് പരിക്കേറ്റു.
അതേസമയം,കുക്കികൾക്ക് പ്രത്യേക ഭരണകൂടം വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കുക്കി സോ കൗൺസിൽ അടക്കം സംഘടനകൾ. കുക്കി എം.എൽ.എമാർ മന്ത്രിസഭയിൽ ചേരരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ,ബി.ജെ.പിയിലെ കുക്കി വിഭാഗം വനിതാ നേതാവ് നെംച കിപ്ഗെൻ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റതാണ് ഇപ്പോഴത്തെ പ്രകോപനത്തിന് കാരണം. നെംചയ്‌ക്ക് ലോക്ഭവനിൽ എത്താതെ, ഡൽഹിയിലെ മണിപ്പൂർ ഭവനിലിരുന്ന് ഓൺലൈനായി സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നു. മണിപ്പൂർ ഭവനു മുന്നിൽ കുക്കി സോ പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ ചുരാചന്ദ്പൂരിൽ കുക്കിവിഭാഗക്കാർ തെരുവിലിറങ്ങിയത്. നെംചയ്‌ക്കെതിരെ മുദ്രാവാക്യം മുഴക്കി. തെരുവുകളിൽ ടയറുകൾ കൂട്ടിയിട്ടു കത്തിച്ചു.
നൂറുകണക്കിന് കുക്കികൾ പലായനം ചെയ്യപ്പെട്ട് ക്യാമ്പുകളിൽ കഴിയുമ്പോഴാണ് ഇത്തരത്തിലുള്ള രാഷ്ട്രീയ നിയമനങ്ങളെന്ന് പ്രതിഷേധക്കാർ പറഞ്ഞു. അതേസമയം, ഉപമുഖ്യമന്ത്രിയുടെ സ്വന്തം സ്ഥലമായ കാങ്‌പോക്പിയിൽ പ്രതിഷേധമുയർന്നില്ലെന്നാണ് റിപ്പോർട്ടുകൾ. ചുരാചന്ദ്പൂരിൽ ഇന്ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഗോത്രസംഘടനയായ ജോയിന്റ് ഫോറം ഒഫ് സെവൻ ബന്ദിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്. മന്ത്രിസഭയിൽ ചേരുന്ന എം.എൽ.എമാരെ ബഹിഷ്‌ക്കരിക്കാൻ കുക്കി സോ കൗൺസിൽ ആഹ്വാനം ചെയ്‌തു.
ക്രമസമാധാനപാലനം
പ്രഥമ പരിഗണന
മണിപ്പൂർ സർക്കാരിന്റെ പ്രഥമ പരിഗണന ക്രമസമാധാനപാലനത്തിനാണെന്ന് ഗവർണർ അജയ് കുമാർ ഭല്ല നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കി. പുതിയ സർക്കാർ അധികാരമേറ്രതിനു പിന്നാലെ ഇന്നലെ നിയമസഭാ സമ്മേളനത്തിന് തുടക്കമിട്ടിരുന്നു. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനും, പൊതുസുരക്ഷ ഉറപ്പാക്കാനുമുള്ള ശ്രമം തുടരും. കേന്ദ്രസർക്കാരിന്റെ സഹായത്തോടെ കലാപബാധിതരെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കുമെന്നും ഗവർണർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |