SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.31 PM IST

മണിപ്പൂരിൽ വീണ്ടും സംഘർഷം, വീടുകൾക്ക് തീയിട്ടു; ഉഖ്‌റുലിൽ നിരോധനാജ്ഞ

Increase Font Size Decrease Font Size Print Page
d

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷം. ഉഖ്‌റുൽ ജില്ലയിലെ തംഗ്ഖുലിയിൽ ഞയറാഴ്ച രാത്രി നടന്ന സംഘർഷങ്ങൾക്ക് പിന്നാലെ ഇന്നലെ ഉച്ചകഴിഞ്ഞ് കുക്കി വിഭാഗത്തിലുള്ളവരുടെ വീടുകൾക്ക് നാഗകൾ തീയിട്ടു. പിന്നാലെ കുക്കി സായുധസംഘങ്ങൾ വെടിയുതിർത്തു. ഉപമുഖ്യമന്ത്രിയുടെ സന്ദർശനത്തിനിടെയാണ് ‌ സംഘർഷം വീണ്ടും രൂക്ഷമായത്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ഫെബ്രുവരി ഏഴിന് സരൈഖോംഗിൽ മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കലാപത്തിലേക്ക് നയിച്ചത്. തർക്കത്തിനിടെ സ്റ്റെർലിംഗ് എന്ന തംഖ്‌‌ഗുൽ നാഗ യുവാവിന് മർദ്ദനമേൽക്കുകയും ഗുരുതര പരിക്കുകളോടെ ഇംഫാലിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതോടെ ഞായറാഴ്ച രാത്രി 11.30ന് ലിതാൻ ബസാറിൽ അക്രമികൾ വീടുകൾക്കും വാഹനങ്ങൾക്കും നാല് സർക്കാർ ക്വാർട്ടേഴ്സുകൾക്കും തീയിട്ടു. 25 വീടുകൾ പൂർണമായി കത്തി നശിച്ചു. വെടിവയ്പും കല്ലേറും സ്ഥലത്തുണ്ടായി. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.

അതിനിടെ,ഇന്നലെ സംഘർഷ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ഉപമുഖ്യമന്ത്രി ലോസി ദിഖോ ലിറ്റാനിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ചേരുന്നതിനിടെയാണ് കുക്കി മേഖലയിൽ വ്യാപക ആക്രമണമുണ്ടായത്. ഉച്ചയോടെ നാഗകൾ കുക്കികളുടെ വീടുകൾക്ക് തീയിട്ടതോടെ ലിതാൻ,മങ്കോട്ട് ഗ്രാമങ്ങളിൽ നിന്നുള്ളവർ ഗ്രാമം വിട്ട് പലായനം ചെയ്യുകയാണ്. അതേസമയം, സംഘർഷ സാഹചര്യം കണക്കിലെടുത്ത് മേഖലയിൽ ബി.എസ്.എഫ്,സി.ആർ.പി.എഫ്,അസം റൈഫിൾസ് എന്നിവർക്ക് പുറമെ ബീഹാർ റെജിമെന്റ്, മഹാർ റെജിമെന്റ് എന്നിവരെയും വിന്യസിച്ചു.

കൂടുതൽ ആക്രമങ്ങളിലേക്ക് പോകരുതെന്ന് മുഖ്യമന്ത്രി യുമാൻ ഖേംചന്ദ് സിംഗ് അഭ്യർത്ഥിച്ചു. പ്രശ്നം പരിഹരിക്കാൻ ഇരു വിഭാഗം നേതാക്കളെയും ഉൾപ്പെടുത്തി യോഗം ചേരാനാണ് ആലോചന. ഇംഫാലിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ചെറിയ വാണിജ്യ പട്ടണമാണ് ലിതാൻ. തംഗ്ഖുൽ നാഗ, കുക്കി സമുദായങ്ങളാണ് ഇവിടെ താമസിക്കുന്നത്. അയൽഗ്രാമങ്ങളുടെയും പ്രാദേശിക വ്യാപാര കേന്ദ്രമായിട്ടാണ് ലിതാൻ പ്രവർത്തിക്കുന്നത്.

സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി

ഉഖ്‌റുലിലെ സംഘർഷത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച മുഖ്യമന്ത്രി വൈ ഖേംചന്ദ് സിംഗ് സംയമനവും സമാധാനം പാലിക്കാണമെന്ന് അഭ്യർത്ഥിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കുന്നതിന് ആവശ്യമായ എല്ലാ വൈദ്യസഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.

TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY