SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.32 PM IST

സ്‌പീക്കർക്കെതിരായ അവിശ്വാസ പ്രമേയം: മാർച്ച് 9ന് ചർച്ച

Increase Font Size Decrease Font Size Print Page
e

ന്യൂഡൽഹി: ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്‌ക്കെതിരെ പ്രതിപക്ഷം നൽകിയ അവിശ്വാസ പ്രമേയം പാർലമെന്റിൽ ബഡ്‌ജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിനായി വീണ്ടും ചേരുന്ന മാർച്ച് 9ന് ചർച്ചയ്‌ക്കെടുക്കുമെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു.ഇത്തരം പ്രമേയങ്ങൾ സഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ പരിഗണിക്കുന്നതാണ് ചട്ടമെന്ന് കിരൺ റിജിജു വ്യക്തമാക്കി. ചർച്ചയ്ക്ക് ശേഷം വോട്ടെടുപ്പ് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്‌സഭയിൽ ഭരണപക്ഷത്തിന് ഭൂരിപക്ഷമുള്ളതിനാൽ പ്രമേയം വോട്ടെടുപ്പിൽ തള്ളാനാണ് സാദ്ധ്യത.

ഓം ബിർള ഭരണപക്ഷത്തിനുവേണ്ടി പക്ഷപാതപരമായി പ്രവർത്തിച്ചെന്ന് ആരോപിച്ചാണ് 120 ഓളം പ്രതിപക്ഷ എം.പിമാർ ഒപ്പിട്ട പ്രമേയം കഴിഞ്ഞയാഴ്‌ച നൽകിയത്. സ്‌പീക്കർ ആരോപണ വിധേയനായതിനാൽ ലോക്‌സഭാ സെക്രട്ടറി ജനറലാണ് പ്രമേയത്തിനുള്ള നോട്ടീസ് സ്വീകരിച്ചത്. നോട്ടീസിൽ 2026ന് പകരം 2025 എന്ന് തെറ്റിച്ച് നൽകിയെങ്കിലും ലോക്‌‌സഭാ സെക്രട്ടേറിയറ്റ് തള്ളിയിരുന്നില്ല. പിന്നീട് തെറ്റു തിരുത്തി പ്രമേയം വീണ്ടും സമർപ്പിച്ചു.

പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ:

1.മുൻ കരസേനാ മേധാവി ജനറൽ നരാവനെയുടെ ഓർമ്മക്കുറിപ്പിലെ പരാമർശങ്ങൾ ഉന്നയിക്കാൻ

ശ്രമിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗം തടഞ്ഞു.

2. പ്രതിഷേധിച്ച എട്ട് പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്‌തു.

3. വനിതാ എം.പിമാർ പ്രധാനമന്ത്രിയെ ഖരാവോ ചെയ്യാൻ പദ്ധതിയിട്ടെന്ന് ആരോപിച്ചു.

4. മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്‌റുവിനെ അടക്കം അധിക്ഷേപിച്ച ബി.ജെ.പി

എം.പി നിഷികാന്ത് ദുബെയ്‌ക്കെതിരെ നടപടി എടുത്തില്ല.

രാഹുലിനെതിരായ പ്രമേയം

അതേസമയം രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം ആജീവനാന്ത കാലം തടയണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എംപി നിഷികാന്ത് ദുബേ നൽകിയ നോട്ടീസ് സഭയുടെ പരിഗണനയിലുണ്ട്. ഈ പ്രമേയം ഉള്ളതിനാലാണ് രാഹുലിനെതിരെ അവകാശ ലംഘന നോട്ടീസ് കൊണ്ടുവരാനുള്ള ആലോചന കേന്ദ്രസർക്കാർ മരവിപ്പിച്ചത്. ഇക്കാര്യത്തിൽ സ‌്‌പീക്കറുമായി ആലോചിച്ച് വേണ്ട നടപടിയെടുക്കുമെന്ന് കിരൺ റിജിജു പറഞ്ഞു. ബഡ്‌ജറ്റ് ചർച്ചയ്‌ക്കിടെ 'പ്രധാനമന്ത്രി ഇന്ത്യയെ വിറ്റു' എന്ന പരാമർശത്തിന്റെ പേരിലാണ് രാഹുലിനെതിരായ നടപടി നീക്കം.

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY