SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.09 PM IST

വോട്ടും  കോർട്ടും  പിടിമുറുക്കി , യുവതീ  പ്രവേശനത്തിൽ നിലപാട്  തിരുത്തൽ

Increase Font Size Decrease Font Size Print Page
sabarimala

ന്യൂഡൽഹി: സുപ്രീംകോടതിയിൽ ശബരിമല യുവതീപ്രവേശന കേസും സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പും ഒന്നിച്ച് അഭിമുഖീകരിക്കേണ്ടി വന്നതോടെ, വിശ്വാസികൾക്കൊപ്പം എന്ന നിലപാടിലേക്ക് എൽ.ഡി.എഫ് സർക്കാർ. ലക്ഷക്കണക്കിന് വിശ്വാസികളുടെ വികാരം കണക്കിലെടുത്ത് ശബരിമലയിൽ ആചാരം സംരക്ഷിക്കണമെന്ന നിലപാട് സുപ്രീംകോടതിയിൽ സർക്കാർ സ്വീകരിക്കുമെന്ന സൂചനകൾ പുറത്തുവന്നു.

വിശ്വാസം സംരക്ഷിക്കാൻ നിൽക്കുന്നവരാണ് തങ്ങളെന്നും ഏതു വിശ്വാസമായാലും അതിനൊപ്പം നിൽക്കുമെന്നും നിയമമന്ത്രി പി.രാജീവ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത് ഈ പശ്ചാത്തലത്തിലെന്ന് വിലയിരുത്തൽ. യുവതീപ്രവേശനത്തിന് അനുമതി നൽകിയ 2018 സെപ്‌തംബ‌ർ 28ലെ വിധി പുനഃപരിശോധിക്കരുതെന്നാണ് സർക്കാ‌ർ സുപ്രീംകോടതിയിൽ സ്വീകരിച്ചിരുന്ന നിലപാട്. ഇതുവരെയുള്ള നിലപാട് എന്നാണ് അതിനെ അഭിഭാഷകനായ ജയദീപ് ഗുപ്ത ഇന്നലെ സുപ്രീംകോടതിയിൽ വിശേഷിപ്പിച്ചത്.

ഏപ്രിൽ മദ്ധ്യത്തോടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനാണ് സാദ്ധ്യത. പുനഃപരിശോധനാ ഹർജികളിൽ ഏപ്രിൽ ഏഴുമുതൽ ഒൻപതംഗ വിശാല ബെഞ്ച് വാദം കേൾക്കണമെന്നാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വിപുൽ എം.പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ച് ഇന്നലെ ഉത്തരവായത്. മാർച്ച് 14നകം വാദങ്ങൾ എഴുതി നൽകാൻ നിർദ്ദേശിച്ചതോടെ സംസ്ഥാന സർക്കാരിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും വിഷയം നീട്ടിക്കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയായി.

വാദം പറയേണ്ട ദിവസങ്ങളിൽ മറ്റെന്ത് തിരക്കുണ്ടെങ്കിലും മാറ്റിവച്ച് കോടതിയിലെത്തണമെന്ന കർശന നിർദ്ദേശം ജഡ്ജിമാർ നൽകിയതോടെ സർക്കാരിനു മുന്നിൽ പഴുതുകൾ ഇല്ലാതായി. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ സർക്കാർ വിശ്വാസികൾക്കൊപ്പം നിൽക്കണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഇതേ നിലപാടിലാണ്.

വിധി പുനഃപരിശോധിക്കണമെന്ന ഹ‌ർജികളെ അനുകൂലിക്കുന്നതായും പുനഃപരിശോധിക്കേണ്ടതാണെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇന്നലെ സുപ്രീംകോടതിയെ അറിയിച്ചത് ബി.ജെ.പിയുടെ നിലപാടിന്റെ സൂചനയായി. 9 അംഗ ബെഞ്ച് പുനഃസംഘടിപ്പിച്ച് ചീഫ് ജസ്റ്റിസ് താമസിയാതെ ഉത്തരവിറക്കും.

ആ എട്ടുദിനം നിർണായകം

# ഏപ്രിൽ 7ന് രാവിലെ 10.30ന് വാദം കേൾക്കൽ ആരംഭിക്കും. 22ന് പൂർത്തിയാക്കും.

# എൻ.എസ്.എസ് അടക്കം പുനഃപരിശോധനാഹ‌ർജി സമ‌ർപ്പിച്ചവരെ ഏപ്രിൽ 7 മുതൽ 9വരെ കേൾക്കും

# പുനഃപരിശോധനയെ എതിർക്കുന്നവർക്ക് 14 മുതൽ 16വരെ വാദം പറയാം

# മറുവാദം പറയാൻ ഇരുഭാഗത്തിനും 21ന് അവസരം

#അമിക്കസ് ക്യൂറിയെ 22ന് കേൾക്കും

അമിക്കസ് ക്യൂറി മലയാളി

മലയാളിയായ മുതിർന്ന അഭിഭാഷകൻ കെ.പരമേശ്വറാണ് അമിക്കസ് ക്യൂറി. അദ്ദേഹത്തെ സഹായിക്കാൻ അഡ്വ. ശിവം സിംഗിനെ ചുമതലപ്പെടുത്തി. അഡ്വ. കൃഷൻ കുമാർ സിംഗിനെ നോഡൽ കോൺസലായി നിയോഗിച്ചു. അദ്ദേഹം അഭിഭാഷകരുമായി കൂടിയാലോചിച്ച് വാദംകേൾക്കൽ സമയബന്ധിതമായി പൂർത്തിയാക്കാൻ ക്രമീകരണം ഏർപ്പെടുത്തണം.

ഭരണഘടന അടിസ്ഥാനമാക്കി
ഏഴ് വിഷയങ്ങൾ പരിശോധിക്കും

പേജ് 16

TAGS: NEWS 360, NATIONAL, NATIONAL NEWS, SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY