
ന്യൂഡൽഹി: ഇന്ന് ജറുസലേം കിംഗ് ഡേവിഡ് ഹോട്ടലിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ നടക്കുന്ന ഉഭയകക്ഷി കൂടിക്കാഴ്ചയ്‌ക്കു ശേഷം പ്രതിരോധ,സാങ്കേതികവിദ്യാ കരാറുകളിൽ ഒപ്പിടും. ഇരു നേതാക്കളും സംയുക്ത പ്രസ്താവനയും നടത്തും. പ്രാദേശിക സമയം ഇന്നലെ ഉച്ചയ്‌ക്ക് 12.45ന് ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രോട്ടോക്കോൾ മാറ്റിവച്ച് സ്വീകരിക്കാനെത്തി. നെതന്യാഹുവിന്റെ ഭാര്യ സാറയും ഒപ്പമുണ്ടായിരുന്നു. ഇസ്രയേൽ സൈന്യത്തിന്റെ ഗാർഡ് ഓഫ് ഹോണർ പ്രധാനമന്ത്രി സ്വീകരിച്ചു.
തുടർന്ന് ഇരു പ്രധാനമന്ത്രിമാരും വിമാനത്താവളത്തിൽ അൽപ നേരം ആനുകാലിക വിഷയങ്ങൾ ചർച്ച ചെയ്‌തു. ഒമ്പത് വർഷത്തിന് ശേഷമുള്ള ഇസ്രയേൽ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുമെന്ന് മോദി എക്‌സിൽ കുറിച്ചു. ഇതിനായുളള നിരവധി വിഷയങ്ങൾ നെതന്യാഹുവുമായി ചർച്ച ചെയ്തു. സാങ്കേതികവിദ്യ,ജലവിഭവ മാനേജ്മെന്റ്,കൃഷി,മാനവശേഷി സഹകരണം തുടങ്ങിയ മേഖലകളിലെ സഹകരണം കൂട്ടുന്നതും ചർച്ച ചെയ്‌തെന്ന് അദ്ദേഹം പറഞ്ഞു.
വൈകിട്ട് പ്രാദേശിക സമയം 4.30ന് ഇസ്രയേൽ പാർലമെന്റായ നെസറ്റിനെ അഭിസംബോധന ചെയ്യാൻ പുറപ്പെടും മുൻപ് പ്രധാനമന്ത്രി തിരുവാതിരക്കളി അടക്കം ഇന്ത്യൻ കലാപരിപാടികൾ വീക്ഷിച്ചു. നെസെറ്റിൽ പ്രസംഗിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഈജിപ്ഷ്യൻ പ്രസിഡന്റ് അൻവർ സാദത്ത്, അർജന്റീനൻ പ്രസിഡന്റ് ജാവിയർ മിലേ എന്നിവരാണ് നെസറ്റിൽ പ്രസംഗിച്ച മറ്റ് ലോക നേതാക്കൾ.
വൈകിട്ട് ഇരു നേതാക്കളും ക്വാണ്ടം കംപ്യൂട്ടിംഗ്,എ.ഐ എന്നിവ ചർച്ച ചെയ്‌ത പരിപാടിയിലും പങ്കെടുത്തു. നെതന്യാഹു ജറുസലേം കിംഗ് ഡേവിഡ് ഹോട്ടലിൽ മോദിക്കായി അത്താഴ വിരുന്നൊരുക്കിയിരുന്നു. ഇന്ന് രാവിലെ പ്രധാനമന്ത്രി മോദി ഹോളികോസ്റ്റ് സ്‌മാരകമായ യാദ് വഷേം സന്ദർശിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |