
ന്യൂഡൽഹി: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്യസഭാംഗത്വം ഏറ്റെടുക്കുമ്പോൾ ഉപമുഖ്യമന്ത്രിയാകുമെന്ന് കരുതുന്ന മകൻ നിഷാന്ത് കുമാർ നാളെ ജെ.ഡി.യു അംഗത്വമെടുക്കും. കുടുംബ വാഴ്ചയെ എതിർത്ത നിതീഷിന് സോഫ്‌റ്റ്‌വെയർ എൻജിനിയറായ മകൻ രാഷ്‌ട്രീയത്തിൽ ഇറങ്ങുന്നതിൽ താത്പര്യമില്ലായിരുന്നു. എതിരാളി ആർ.ജെ.ഡി നേതാവ് ലാലു പ്രസാദിനെ കുടുംബവാഴ്‌ചയുടെ പേരിൽ വിമർശിച്ച നിതീഷിന് ഇനി തിരുത്തേണ്ടി വരും. ഇന്നലെ പാട്‌നയിൽ മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന നിർണായക യോഗത്തിന് ശേഷം കേന്ദ്രമന്ത്രിയും എം.പിയുമായ രാജീവ് രഞ്ജൻ സിംഗും (ലാലൻ) എം.പി സഞ്ജയ് ഝായുമാണ് നിഷാന്തിന്റെ രാഷ്‌ട്രീയ രംഗപ്രവേശം സ്ഥിരീകരിച്ചത്. പാർട്ടി അംഗത്വമെടുത്ത ശേഷം നിഷാന്ത് സംസ്ഥാനത്ത് ഒരു യാത്ര നടത്തുമെന്നും നേതാക്കൾ അറിയിച്ചു. നിഷാന്ത് മന്ത്രിസഭയിൽ ചേരുമോയെന്ന കാര്യം അവർ വെളിപ്പെടുത്തിയില്ല. മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കാനുള്ള നിതീഷിന്റെ തീരുമാനത്തിൽ യോഗത്തിൽ നിരവധി നേതാക്കൾ നിരാശ പ്രകടിപ്പിച്ചു. രാജ്യസഭാംഗമായാലും താൻ പട്നയിൽ ഉണ്ടാകുമെന്നും പാർട്ടിയിൽ മേൽനോട്ടവും മാർഗനിർദ്ദേശം നൽകലും തുടരുമെന്നും നിതീഷ് ഉറപ്പു നൽകി.
നിതീഷിന്റെ പുതിയ റോൾ: ജെ.ഡി.യുവിൽ എതിർപ്പ്
ന്യൂഡൽഹി: മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് നിതീഷ് കുമാർ രാജ്യസഭയിലേക്ക് പോകുന്നത് സംസ്ഥാനത്ത് പാർട്ടിയെ ദുർബലപ്പെടുത്തുമെന്ന് വാദിച്ച് ഒരു വിഭാഗം ജെ.ഡി.യു നേതാക്കൾ. മകൻ നിഷാന്തിന് രാഷ്‌ട്രീയ വഴി തുറക്കുമെന്ന് നിതീഷ് കരുതുന്നുണ്ടെങ്കിലും ആത്മഹത്യാപരമെന്നാണ് ചില നേതാക്കളുടെ അഭിപ്രായം.
സംസ്ഥാനത്ത് പിടിമുറുക്കാൻ ജെ.ഡി.യു നേതാക്കളായ രാജീവ് രഞ്ജനെയും സഞ്ജയ് ഝായെയും കൂട്ടുപിടിച്ച് ബി.ജെ.പി നടത്തിയ ഗൂഢാലോചനയാണ് നിതീഷിന്റെ രാജ്യസഭാംഗത്വമെന്നണ് ഒരുവിഭാഗം കരുതുന്നത്. നിതീഷിനെ ഡൽഹിയിലയച്ച് പാർട്ടിയുടെ നിയന്ത്രണം കൈക്കലാക്കാമെന്നാണ് സഞ്ജയ് ഝായും രാജീവ് രഞ്ജനും കരുതുന്നതെന്നും അവർ ആരോപിക്കുന്നു. അനുഭവമില്ലാത്ത നിഷാന്തിനെ ഉപമുഖ്യമന്ത്രിയാക്കുന്നത് തിരിച്ചടിക്കുമെന്ന അഭിപ്രായമാണ് അവർക്കുള്ളത്. രാജീവ് രഞ്ജനും സഞ്ജയ് ഝായും പാർട്ടിയെ തകർക്കാൻ കൂട്ടുനിൽക്കുകയാണെന്ന് നിതീഷിന്റെ സഹോദരീഭർത്താവ് അനിൽ കുമാർ തുറന്നടിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |