
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കവെ ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.
സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തിലെത്തിയാൽ ജനങ്ങൾക്ക് മാംസാഹാരം കഴിക്കാൻ കഴിയില്ലെന്ന് മമത ആരോപിച്ചു.
ബംഗാളിലെ പുരുലിയയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മമത.
'ബി.ജെ.പി കലാപത്തിനു ശ്രമിക്കുന്നവരാണ്. അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മത്സ്യം കഴിക്കാറില്ല. ബി.ജെ.പി അധികാരത്തിലെത്തിയാൽ നിങ്ങൾക്ക് മത്സ്യം, മാംസം, മുട്ട എന്നിവ കഴിക്കാനാകില്ല. അവരുടെ നിലപാടുകൾ ഏകപക്ഷീയമാണ്. അവർ ഒരു മതത്തിലും വിശ്വസിക്കുന്നില്ല. അവർ കലാപങ്ങൾക്ക് പ്രേരിപ്പിച്ചും ആളുകളെ കൊലപ്പെടുത്തിയുമാണ് അധികാരത്തിലെത്തിയത്. ഗോത്രവർഗക്കാർക്കും സ്ത്രീകൾക്കുമെതിരായി ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടക്കുന്നത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. ബംഗാളി സംസാരിക്കുന്ന നമ്മുടെ ആളുകൾ മറ്റ് സംസ്ഥാനങ്ങളിൽ ആക്രമിക്കപ്പെടുന്നു. ഞങ്ങൾ ആരെയും അടിച്ചമർത്തുന്നില്ല'-മമത പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളിലെ ബംഗാളി കുടിയേറ്റ തൊഴിലാളികൾക്കെതിരായ ആക്രമണങ്ങളിൽ തൃണമൂൽ കോൺഗ്രസ് നിരവധി തവണ ബി.ജെ.പിയെ വിമർശിച്ചിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണവും ഈ വിഷയമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |