ന്യൂഡൽഹി:ഭൂമി ഇടിഞ്ഞു താഴുകയും കെട്ടിടങ്ങൾ തകരുകയും ചെയ്യുന്ന ജോഷിമഠിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നതിനിടയിൽ പ്രദേശത്തെ നാല് വാർഡുകളിൽ പ്രവേശനം നിരോധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുമായി സ്ഥിതിഗതികൾ അവലോകനം ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിതിഗതികൾ വിലയിരുത്തി.
അതേസമയം, പ്രദേശത്ത് വിള്ളലുകളുണ്ടായ വീടുകളുടെ എണ്ണം 561ൽ നിന്ന് 610 ആയി ഉയർന്നു. 68 കുടുംബങ്ങളെ താത്‌കാലിക ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. അപകട മേഖലയിലുളളവരെ അടിയന്തിരമായി ഒഴിപ്പിക്കുകയാണെന്ന് ജില്ല ഭരണകൂടം അറിയിച്ചു. ദുരിത ബാധിതരായ കുടുംബങ്ങൾക്ക് റേഷൻ വിതരണവും ധനസഹായവും നല്കുന്നുണ്ട്.
സിങ്ധർ, ഗാന്ധിനഗർ, മനോഹർബാഗ്, സുനിൽ എന്നീ വാർഡുകളിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഈ പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പ്രദേശം സന്ദർശിച്ച വിദഗ്ദ്ധ സംഘങ്ങളുടെ നിർദ്ദേശാനുസരണം ഭൂമി ഇടിയുന്ന അപകട മേഖലകളെ വിവിധ മേഖലകളായി തിരിച്ചാണ് ഒഴിപ്പിക്കൽ നടപടി തുടരുന്നത്.
സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ദ്ധ സംഘം ജോഷിമഠിലെത്തിയിട്ടുണ്ട്. പ്രദേശത്ത് പരിശോധന നടത്തിയ സംഘം ഉടൻ സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നല്കും. ഇന്നലെ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ദേശീയ ദുരന്ത നിവാരണ അതോറിട്ടി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തി. നിലവിലെ കണക്കു പ്രകാരം ജോഷിമഠിലെ 25 ശതമാനം പ്രദേശത്തെയാണ് ഭൂമിയുടെ ഇടിച്ചിൽ ബാധിച്ചിട്ടുള്ളത്.
ആദ്യം 1976 ൽ
47 വർഷങ്ങൾക്ക് മുമ്പ് തന്നെ ജോഷിമഠിൽ വീടുകൾക്ക് വിള്ളൽ കണ്ടെത്തിയിരുന്നു. അന്ന് സർക്കാർ ഒരു കമ്മിറ്റിയെ നിയോഗിച്ച് അന്വേഷണം നടത്തുകയും ചെയ്തതാണ്. സമിതി നൽകിയ റിപ്പോർട്ട് പ്രകാരം പ്രദേശത്ത് കനത്ത നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ലെന്ന് അന്ന് മുന്നറിയിപ്പും നല്കിയിട്ടുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |