ന്യൂഡൽഹി: ജോഷിമഠിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ മന്ത്രിതല അവലോകന യോഗം ചേർന്നു. കേന്ദ്ര മന്ത്രിമാരായ നിഥിൻ ഗഡ്കരി, ആർ.കെ സിംഗ്, ഭൂപേന്ദ്ര യാദവ്, ഗജേന്ദ്ര സിംഗ് ഷെഖാവത്ത് എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. സ്ഥിതിഗതികൾ വിലയിരുത്തിയ യോഗം സംസ്ഥാനത്തിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.
മലരി ഇൻ, മൗണ്ട് വ്യൂ എന്നീ ഹോട്ടലുകൾ പൊളിക്കുന്ന നടപടികൾ ഇന്നലെ ആരംഭിച്ചെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് മണിക്കൂറുകൾക്ക് ശേഷം പൊളിക്കൽ നടപടി നിറുത്തിവച്ചതായും ഇന്ന് രാവിലെ പുനരാരംഭിക്കുമെന്നും എസ്.ഡി.ആർ.എഫ് കമാൻഡന്റ് മണികാന്ത് മിശ്ര അറിയിച്ചു.
അതേസമയം, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും പുനരധിവാസത്തിനുമായി രണ്ട് സമിതികൾ രൂപീകരിച്ചതായി ഉത്തരാഖണ്ഡ് സർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. സംഭവത്തെക്കുറിച്ച് പരിശോധിക്കാൻ ഉന്നതാധികാര സംയുക്ത സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതു താല്പര്യ ഹർജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ, ജസ്റ്റിസ് സുബ്രമോണിയം പ്രസാദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്.
കേന്ദ്ര-ഉത്തരാഖണ്ഡ് സർക്കാരുകൾ ചേർന്ന് ത്വരിത ഗതിയിലുള്ള നടപടികൾ സ്വീകരിച്ചതിനെ തുടർന്ന് പ്രദേശം പ്രതിസന്ധിയിയിൽ നിന്നും കരകയറുകയാണെന്ന് ഉത്തരാഖണ്ഡ് ഡപ്യൂട്ടി അഡ്വക്കറ്റ് ജനറൽ ജെ.കെ സേഥി കോടതിയിൽ പറഞ്ഞു. ദേശീയ - സംസ്ഥാന ദുരന്ത നിവാരണ സേനകളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
നിരവധി പേരെ മാറ്റി പാർപ്പിച്ചതായും പുനരധിവാസ പാക്കേജ് തയ്യാറാക്കുകയാണെന്നും ഡി.എ.ജി പറഞ്ഞു. ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ സമിതി വേണമെന്നും ദുരിതബാധിത പ്രദേശവുമായി ബന്ധപ്പെട്ട എല്ലാ മന്ത്രാലയങ്ങളുടെയും പ്രതിനിധികൾ സമിതിയിലുണ്ടാകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതേ വിഷയം സുപ്രീം കോടതി പരിഗണിക്കുകയാണെന്ന് ഉത്തരാഖണ്ഡ് സർക്കാർ പറഞ്ഞു. ഇനി ഫെബ്രുവരി രണ്ടിന് വാദം കേൾക്കും.
ദുരിതാശ്വാസത്തിന് 45 കോടി
ദുരിതാശ്വാസത്തിനായി ഉത്തരാഖണ്ഡ് സർക്കാർ 45 കോടി രൂപ അനുവദിച്ചെന്നും തുക നിശ്ചയിക്കാനും ഇടക്കാലാശ്വാസമായി 1.50 ലക്ഷം രൂപ വിതരണം ചെയ്യുന്നതിനുമായി 11 അംഗ കമ്മിറ്റി രൂപീകരിച്ചെന്നും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു. ചമോലി ജില്ല മജിസ്ട്രേറ്റ് ഹിമാൻഷു ഖുരാനയുടെ നേതൃത്വത്തിലാണ് കമ്മിറ്റി. ബുധനാഴ്ച ജോഷിമഠിലെത്തിയ മുഖ്യമന്ത്രി ഇന്നലെ ഉച്ചവരെ പ്രദേശത്ത് തുടർന്നു. ദുരിതാശ്വാസ ക്യാമ്പുകൾ അദ്ദേഹം സന്ദർശിച്ചു. കരസേന,ഐ.ടി.ബി.പി, എൻ.ഡി.ആർ.എഫ് അംഗങ്ങളുമായും ശാസ്ത്രജ്ഞരുമായും അദ്ദേഹം ചർച്ച നടത്തുകയും ചെയ്തു. 25 ശതമാനം വീടുകളിൽ മാത്രമാണ് വിള്ളലുണ്ടായിട്ടുള്ളതെന്നും തെറ്റായ പ്രചരണങ്ങൾ പ്രാദേശിക സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സൈനികരെ മാറ്റി
പ്രദേശത്തെ 25 സൈനിക കെട്ടിടങ്ങളിലും വിള്ളലുണ്ടായതിനെത്തുടർന്ന് സൈനികരെ അവിടെ നിന്ന് മാറ്റിയതായി മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും കരസേനാ മേധാവി മനോജ് പാണ്ഡെയും അറിയിച്ചു. ചൈന അതിർത്തിയിലെ യഥാർത്ഥ നിയന്ത്രണ രേഖക്കയ്ക്കടുത്തുള്ള സൈനികരെയാണ് മാറ്റിയതെന്നും സൈനികർ ഇവിടെ പ്രവർത്തന സജ്ജരാണെന്നും മനോജ് പാണ്ഡെ പറഞ്ഞു.ചൈനയുമായി 3,488 കിലോമീറ്റർ അതിർത്തി പങ്കിടുന്ന ഇവിടെ 20,000 ലേറെ സൈനികരും സൈനിക സംവിധാനങ്ങളും മിസൈലുകളുമാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |