ചെന്നെെ: കുട്ടികളുടെ മരണത്തിനിടയാക്കിയ ചുമ മരുന്ന് കോൾഡ്രിഫ് സിറപ്പ് ഉത്പാദകരായ ശ്രേസൻ ഫാർമസ്യൂട്ടിക്കൽസ് കമ്പനി ഉടമ അറസ്റ്റിൽ. ഒളിവിലായിരുന്ന ജി രംഗനാഥനാണ് പിടിയിലായത്. മദ്ധ്യപ്രദേശ് പൊലീസ് ഇന്ന് രാവിലെ ചെന്നെെയിലെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി. മദ്ധ്യപ്രദേശിൽ വിഷ സിറപ്പ് കഴിച്ചതിനെ തുടർന്ന് 20 കുട്ടികളാണ് മരിച്ചത്.
ശ്രേസൻ ഫാർമസ്യൂട്ടിക്കൽസിന് തമിഴ്‌നാട് സർക്കാരിന്റെ നേരത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. കോൾഡ്രിഫ് സിറപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ അഞ്ച് ദിവസത്തിനകം സമർപ്പിക്കണമെന്നാണ് നോട്ടീസിൽ വ്യക്തമാക്കിയത്. ആകെ ഉത്പാദിപ്പിച്ച മരുന്നിന്റെ അളവ്, അസംസ്‌കൃത വസ്തുക്കളുടെ സർട്ടിഫിക്കറ്റുകളും ബില്ലുകളും, പ്രൊപൈലിൻ ഗ്ലൈക്കോൾ വാങ്ങിയതിന്റെ ബില്ല്, മരുന്നിന്റെ മാസ്റ്റർ ഫോർമുല തുടങ്ങിയവയാണ് നൽകേണ്ടത്.
ശ്രേസൻ ഫാർമസ്യൂട്ടിക്കൽസിന്റെ കാഞ്ചീപുരത്തെ ഫാക്ടറിയിൽ നടത്തിയ പരിശോധനയിൽ 350ലേറെ വീഴ്ചകൾ കണ്ടെത്തിയിരുന്നു. അടിസ്ഥാനസൗകര്യങ്ങളും യോഗ്യതയുള്ള ജീവനക്കാരും സ്ഥാപനത്തിലില്ലെന്ന് കണ്ടെത്തി. മതിയായ രേഖകളില്ലാത്ത 50 കിലോഗ്രാം ഡൈഎത്തിലിൻ ഗ്ലൈക്കോളും കണ്ടെത്തി.
പഞ്ചാബ്, ജാർഖണ്ഡ് സംസ്ഥാനങ്ങളും കോൾഡ്രിഫിന്റെ വിൽല്പനയും ഉപയോഗവും നിരോധിച്ചു. രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമ, ജലദോഷം എന്നിവയ്ക്കുള്ള മരുന്നുകൾ കുറിക്കുകയോ നൽകുകയോ ചെയ്യരുതെന്ന് കർണാടക ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. ചുമ മരുന്നുകളുടെ കയറ്റുമതിയും ഇറക്കുമതിയും വിലക്കിയിട്ടുമുണ്ട്. രാജസ്ഥാനും മദ്ധ്യപ്രദേശിനും പുറമെ കേരളം, തമിഴ്‌നാട്, തെലങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളും കോൾഡ്രിഫ് സിറപ്പിന്റെ വിൽപന നിരോധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |