ന്യൂഡൽഹി: ഹ്രസ്വദൂര ട്രെയിൻ യാത്രകൾ സുഗമമാക്കുന്നതിന് 100 പുതുതലമുറ മെയിൻലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് (മെമു) ട്രെയിനുകളും 50 നമോ ഭാരത് ട്രെയിനുകളും അവതരിപ്പിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്.
'മെമു ട്രെയിനുകൾ നിർമ്മിക്കാനുള്ള സുപ്രധാന തീരുമാനം എടുത്തുകഴിഞ്ഞു. നിലവിൽ പ്രവർത്തനക്ഷമമായ ട്രെയിനുകളിൽ എട്ട് മുതൽ 12 കോച്ചുകൾ വരെയാണ് ഉള്ളത്. എന്നാൽ, പുത്തൻ ട്രെയിനിൽ 16 മുതൽ 20 കോച്ചുകൾ വരെയുണ്ടാകും. തെലങ്കാനയിലെ കാസിപേട്ടിലുള്ള ഒരു പുതിയ ഫാക്ടറിയിലാണ് ഈ ട്രെയിനുകൾ നിർമ്മിക്കുന്നത്. അവ ഹ്രസ്വ, ഇടത്തരം റൂട്ടുകൾക്കായുള്ളതാണ്. പ്രത്യേകിച്ച് നഗരേതര, അർദ്ധ നഗര പ്രദേശങ്ങളിൽ. ഏറെ യാത്രക്കാരെ വഹിക്കാൻ കഴിയുന്ന ഈ ട്രെയിനുകൾ അവധിക്കാലത്ത് ഏറെ പ്രയോജനം ചെയ്യും.
അഹമ്മദാബാദ് - ഭുജ്, ജയനഗർ - പട്‌ന റൂട്ടുകളിൽ സർവീസ് നടത്തുന്ന രണ്ട് നമോ ഭാരത് ട്രെയിനുകൾക്ക് മികച്ച പ്രതികരണം ലഭിച്ചത് കണക്കിലെടുത്ത് 50 എണ്ണം കൂടി നിർമ്മിക്കാനും തീരുമാനമായി. ഹ്രസ്വ ദൂര യാത്രകൾക്ക്, പ്രത്യേകിച്ച് ഇന്റർസിറ്റി റൂട്ടുകളിൽ, അനുയോജ്യമായ പൂർണ്ണമായും എസി ട്രെയിനുകളാണ് നമോ ഭാരത് ട്രെയിനുകൾ ' - അശ്വിനി വൈഷ്‌ണവ് പറഞ്ഞു.
ഇതോടെ 150 പുതിയ പാസഞ്ചർ ട്രെയിനുകളാണ് ഇന്ത്യൻ റെയിൽവേ വരുംനാളുകളിൽ പുറത്തിറക്കാൻ പോകുന്നത്. 2024-25ൽ, ഇന്ത്യയിൽ ഏകദേശം 720 കോടി യാത്രക്കാർ ട്രെയിനുകളിൽ സഞ്ചരിച്ചതായി റെയിൽവേ മന്ത്രി ചൂണ്ടിക്കാട്ടി. യാത്രക്കാരുടെ ആവശ്യം നിറവേറ്റുന്നതിനായി കൂടുതൽ ജനറൽ കോച്ചുകൾ അവതരിപ്പിക്കാനുള്ള ശ്രമം രണ്ടര വർഷത്തിലേറെയായി തുടരുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |