ഷില്ലോംഗ്: മേഘാലയയിൽ ഹണിമൂണിനിടെ ഭാര്യയും കാമുകനും ചേർന്ന് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പുതിയ വഴിത്തിരിവ്. സോനം ഭർത്താവ് രാജ രഘുവംശിയെ കൊലപ്പെടുത്തിയത് ജാതകത്തിലെ മംഗല്യ ദോഷം മാറാനായിരുന്നുവെന്നാണ് യുവാവിന്റെ കുടുംബം ആരോപിക്കുന്നത്. ഭർത്താവ് മരിച്ചതിനുശേഷം കാമുകനായ രാജ് കുശ്‌വാഹയെ വിവാഹം കഴിക്കാൻ യുവതി പദ്ധതിയിട്ടുവെന്നും കുടുംബം ആരോപിക്കുന്നു.
രാജ രഘുവംശിക്കും ജാതകത്തിൽ മംഗല്യദോഷമുണ്ടായിരുന്നു. അതിനാൽ തന്നെ സോനത്തിലെ രാജയുമായി വിവാഹം കഴിപ്പിക്കാൻ യുവതിയുടെ വീട്ടുകാർ ആഗ്രഹിച്ചു. മകൾ രാജ് കുശ്‌വാഹയുമായി പ്രണയത്തിലാണെന്ന് അറിയാമായിരുന്നിട്ടും വിവാഹലോചനയുമായി സോനത്തിന്റെ മാതാപിതാക്കൾ തങ്ങളെ സമീപിക്കുകയായിരുന്നുവെന്നും രാജ രഘുവംശിയുടെ സഹോദരൻ സച്ചിൻ പറഞ്ഞു. മംഗല്യദോഷമുള്ള യുവതികളുടെ ആദ്യവിവാഹം വിജയകരമായിരിക്കില്ല. ഇവർക്ക് രണ്ടുവിവാഹം കഴിക്കേണ്ടതായി വരും. രണ്ടാമത്തെ വിവാഹം ആയിരിക്കും വിജയകരമാവുക. ഇക്കാരണത്താൽ സോനത്തിന്റെ മാതാപിതാക്കൾ വിവാഹാലോചനയുമായി തങ്ങളെ സമീപിക്കുകയായിരുന്നുവെന്ന് സച്ചിൻ പറഞ്ഞു.
തങ്ങളുടെ ബിസിനസിലെ സാധാരണ തൊഴിലാളിയായ രാജ് കുശ്‌വാഹയുമായി വിവാഹം നടത്താൻ വീട്ടുകാർ തയ്യാറായിരുന്നില്ല. രാജയുടെ മരണം മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമായിരുന്നു. കൊലപാതകത്തെക്കുറിച്ച് സോനത്തിന്റെ മാതാവിനും അറിയാമായിരുന്നു. ഇവരെയും ചോദ്യം ചെയ്യണമെന്നും സച്ചിൻ രഘുവംശി ആവശ്യപ്പെട്ടു.
ഇൻഡോറിൽ നിന്നുള്ള 24കാരിയായ സോനവും 29കാരനായ രാജയും മേയ് 11 നാണ് വിവാഹിതരായത്. വിവാഹത്തിന് ശേഷം രാജയും സോനവും ഹണിമൂണിനായി മേഘാലയയിലേക്ക് പോയി. മേയ് 23ന് നോംഗ്രിയത്ത് ഗ്രാമത്തിലെ ഒരു ഹോംസ്റ്റേയിൽ നിന്ന് ചെക്ക് ഔട്ട് ചെയ്ത ഇരുവരെയും പിന്നീട് കാണാതാവുകയായിരുന്നു. ജൂൺ രണ്ടിന് രാജയുടെ മൃതദേഹം 20 കിലോമീറ്റർ അകലെയുള്ള കൊക്കയിൽ നിന്ന് കണ്ടെത്തി. സോനത്തെ കണ്ടെത്തിയിരുന്നില്ല. അക്രമികൾ സോനത്തെയും ആക്രമിച്ചെന്നായിരുന്നു തുടക്കത്തിൽ പൊലീസ് കരുതിയത്. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെ ഗാസിപൂരിലെ ഒരു ധാബയിൽ നിന്ന് അവശനിലയിൽ സോനത്തെ കണ്ടെത്തുകയായിരുന്നു. ഭർത്താവിനെ കൊലപ്പെടുത്തിയത് താനണെന്ന് കഴിഞ്ഞദിവസം സോനം രഘുവംശി പൊലീസിനോട് സമ്മതിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |