ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിലെ ജഡ്ജ് അഡ്വക്കേറ്റ് ജനറല്‍ തസ്തികയില്‍ ഏര്‍പ്പെടുത്തിയിരുന്ന സംവരണ നയം റദ്ദാക്കി സുപ്രീം കോടതി. പുരുഷ -വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഏര്‍പ്പെടുത്തിയിരുന്ന 2:1 സംവരണ നയത്തിലാണ് നടപടി. ഒഴിവുകള്‍ പുരുഷന്മാര്ക്കായി സംവരണം ചെയ്യാന്‍ കഴിയില്ല, അതുപോലെ തന്നെ സ്ത്രീകള്‍ക്കായി പരിമിതപ്പെടുത്താനും കഴിയില്ല. അത്തരത്തിലുള്ള നടപടികള്‍ തുല്യതയ്ക്കുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു.
സ്ത്രീകളുടെ അവസരം പരിമിതപ്പെടുത്തുന്നത് തുല്യതയ്ക്കമേലുള്ള കടന്നുകയറ്റമാണെന്ന് നിരീക്ഷിച്ച കോടതി ഏറ്റവും യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുകയാണ് കേന്ദ്രം ചെയ്യേണ്ടതെന്നും നിര്‍ദേശിച്ചു. ജസ്റ്റിസ് മന്‍മോഹന്‍, ജസ്റ്റിസ് ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റേതാണ് സുപ്രധാനമായ വിധി. പുരുഷന്മാരെയും സ്ത്രീകളെയും ഉള്‍പ്പെടുത്തി എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കുമായി ഒരുമിച്ച് മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും നിയമനം നടത്തുകയും ചെയ്യണമെന്ന് സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു.
2023 മുതല്‍ 50-50 എന്ന അനുപാദത്തിലാണ് നിയമനം നടത്തുന്നതെന്ന സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയുടെ വാദം കോടതി അംഗീകരിച്ചില്ല. ജഡ്ജ് അഡ്വക്കേറ്റ്‌സ് കോര്‍പ്‌സ് എന്നറിയപ്പെടുന്നത് സൈന്യത്തിന്റെ നിയമ വിഭാഗമാണ്. സൈന്യത്തിന്റെ ഭാഗമായി സേവനം അനുഷ്ഠിക്കുന്നവരാണ് ഈ അഭിഭാഷകര്‍. പുരുഷ ഉദ്യോഗാര്‍ത്ഥികളെക്കാള്‍ മികച്ച റാങ്ക് നേടിയിട്ടും അനുപാദത്തിന്റെ പേരില്‍ നിയമനം ലഭിച്ചില്ലെന്ന് ആരോപിച്ച് രണ്ട് വനിതാ ഉദ്യോഗാര്‍ത്ഥികളാണ് സുപ്രീം കോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |