
ന്യൂഡൽഹി: രണ്ട് പതിറ്റാണ്ടുകൊണ്ട് ബിജെപിയുടെ ആസ്തിയിലുണ്ടായത് വമ്പൻ വർദ്ധനയെന്ന് വിവരം. രാജ്യസഭാംഗവും കോൺഗ്രസ് ട്രഷററുമായ അജയ് മാക്കൻ രാജ്യസഭയിൽ നടത്തിയ പ്രസംഗത്തിലാണ് അമ്പരപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി രാഷ്‌ട്രീയ പാർട്ടികളുടെ ആസ്‌തി കണക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിടാറുണ്ട്. ഇത്തരത്തിൽ ഓരോ തിരഞ്ഞെടുപ്പിന് മുൻപുമുള്ള ബിജെപിയുടെയും കോൺഗ്രസിന്റെയും ആസ്‌തിവിവരങ്ങളാണ് മാക്കൻ പറഞ്ഞത്.
2004ൽ വെറും 88 കോടിയായിരുന്നു ബിജെപിയുടെ ബാങ്ക് ബാലൻസ്. കോൺഗ്രസിന്റേതാകട്ടെ 38 കോടിയും. ഇത് 2024 ആയപ്പോൾ ബിജെപിക്ക് 10,107 കോടിയായി ഉയർന്നു. കോൺഗ്രസിന് 133 കോടിയായി. 2009 തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 150 കോടിയുടെ ബാങ്ക് ബാലൻസും കോൺഗ്രസിന് 221 കോടിയുമാണ് ഉണ്ടായത്.
2014ൽ മോദി അധികാരത്തിലേറിയ തിരഞ്ഞെടുപ്പിൽ 295 കോടിയാണ് ബിജെപിയുടെ ആസ്‌തി ഉണ്ടായിരുന്നത്. 2019 ആയപ്പോഴേക്കും അത് 3562 കോടിയായി കുത്തനെ ഉയർന്നു. കോൺഗ്രസിനാകട്ടെ ആസ്‌തി 315 കോടിയായി. എന്നാൽ പിന്നീട് 2024 ആയപ്പോഴേക്കും കോൺഗ്രസിന് ആസ്‌തി കുത്തനെ കുറഞ്ഞു. 133 കോടി മാത്രമായി അവരുടെ ആസ്‌തി. ഈ സമയം ബിജെപിയുടെ ആസ്‌തി 10,000 കോടി കവിഞ്ഞെന്നാണ് മാക്കന്റെ ആരോപണം.
കോൺഗ്രസിന് ഫണ്ട് കിട്ടാൻ പ്രയാസം നേരിടുകയാണെന്നും പ്രതിപക്ഷ പാർട്ടികൾക്ക് പണം കിട്ടാൻ ബിജെപി തടസം നിൽക്കുകയാണെന്നും മാക്കൻ ആരോപിച്ചു. ഈ സമയം ബിജെപിക്ക് വാരിക്കോരി സംഭാവനകൾ ലഭിക്കുന്നു. 2009ൽ ഭരണ-പ്രതിപക്ഷ പാർട്ടി ആസ്‌തി അനുപാതം 60:40 ആയിരുന്നെങ്കിൽ ഇപ്പോഴത് 99: 1 ആയെന്നും അജയ് മാക്കൻ ആരോപിക്കുന്നു. ഇങ്ങനെയായാൽ പ്രതിപക്ഷം എങ്ങനെ ഭരണപക്ഷവുമായി മത്സരിക്കുമെന്നും അദ്ദേഹം ചോദിച്ചു.
രാഷ്‌ട്രീയ കക്ഷികൾക്ക് പണം ലഭിക്കുന്ന പ്രോഗ്രസ് ഇലക്‌ടറൽ ട്രസ്റ്റ് പ്രകാരം 2024-25ൽ 915 കോടിരൂപ പലപാർട്ടികളായി നേടി. ഇതിൽ 83 ശതമാനം നേടിയത് ബിജെപിയാണ്. 2024ലെ ഇലക്ഷന് തൊട്ടുമുൻപ് കോൺഗ്രസിന് 210 കോടി രൂപയുടെ നോട്ടീസ് അയച്ചതായി അജയ് മാക്കൻ ആരോപിച്ചു. 135 കോടിരൂപ പിന്നെ പിടിച്ചെടുത്തു. ഇതുകാരണം ആദായ നികുതി റിട്ടേൺ സമർപ്പണം വൈകിപ്പോയി. ഈ സമയം ആദായ നികുതി വകുപ്പ് 135 കോടി പിടിച്ചെടുത്തു. പാർട്ടി എംപിമാരും എംഎൽഎമാരും 14.45 ലക്ഷം പണമായി വാങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |