
ബാങ്കോക്ക്: തായ്‌ലാൻഡും കംബോഡിയയും അതിർത്തിയിൽ ഏറ്റുമുട്ടൽ തുടരുന്നതിനിടെ, തായ് പാർലമെന്റ് പിരിച്ചുവിട്ട് പ്രധാനമന്ത്രി അനുതിൻ ചരൺവിരാകുൽ. മൂന്ന് മാസത്തെ ഭരണത്തിനുശേഷമാണ് അനുതിന്റെ നീക്കം. ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ തിരഞ്ഞെടുപ്പ് നടക്കും. രാജാവ് മഹാ വജിരലോംഗ്കോണിന്റെ അംഗീകാരത്തോടെ പ്രതിനിധി സഭ പിരിച്ചുവിട്ടെന്ന് അനുതിൻ ഇന്നലെ അറിയിച്ചു. നടപടി റോയൽ ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെ ഉത്തരവ് പ്രാബല്യത്തിലായി.
രാജകീയ അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ 45 മുതൽ 60 ദിവസം വരെയാണ് തിരഞ്ഞെടുപ്പ് നടത്താനുള്ള കാലയളവ്. ഇതിനകം നടപടികൾ പൂർത്തിയാക്കണം. ഈ കാലയളവിൽ അനുതിൻ ഒരു കാവൽ സർക്കാരായിരിക്കും. എന്നാൽ പുതിയ ബജറ്റ് അംഗീകരിക്കാനാവില്ല.
കംബോഡിയയുമായി അതിർത്തിയിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിലാണ് ഈ നീക്കമെന്ന് രാഷ്ട്രീയ വിദഗ്ദ്ധർ പറയുന്നുണ്ടെങ്കിലും അനുതിന്റെ ഭുംജൈതായ് പാർട്ടിക്ക് തിരഞ്ഞെടുപ്പ് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. കംബോഡിയ്ക്കെതിരെ നിലവിൽ അനുതിൻ സ്വീകരിച്ച നടപടികൾക്ക് നല്ല ജനപിന്തുണയാണുള്ളത്. സംഘർഷത്തിൽ ഇതുവരെ ഒരു തായ് സിവിലയൻ പോലും കൊല്ലപ്പെട്ടിട്ടില്ല, സൈന്യയതിന് പൂർണ അധികാരം നൽകിയതിനാലും പിന്തുണ വർദ്ധിക്കാൻ സാധിച്ചു. കൂടാതെ വടക്കുകിഴക്കൻ തായ്‌ലൻഡിലെ ചില പ്രവിശ്യകൾ (പോരാട്ടത്തിന് സമീപമുള്ളവ) ഭുംജൈതായിക്ക് സമ്പന്നമായ വോട്ട് ബാങ്കാണ്.
അതേസമയം, നിയമസഭാംഗങ്ങളുടെ അധികാരങ്ങൾ വിപുലീകരിക്കാൻ അനുത് ശ്രമിച്ചതിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന ഭീഷണി മുന്നിലുള്ളതിനാലാണ് ഈ നീക്കമെന്നും റിപ്പോർട്ടുമുണ്ട്. അതിനിടെ യു.എസ് പ്രസിഡന്റ് ട്രംപുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും അനുതിൻ പറഞ്ഞു. തായ് - കംബോഡിയ സംഘർഷത്തിൽ കുറഞ്ഞത് 20 പേർ കൊല്ലപ്പെടുകയും 260ലധികം പേർക്ക് പരിക്കേൽക്കുകയും ലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്യുകയും ചെയ്തു.
ഭരണഘടനാ
പരിഷ്‌കരണത്തിലേക്ക്
മുൻ പ്രധാനമന്ത്രി പായ്‌തോംഗ്താൻ ഷിനവത്ര അഴിമതി വിവാദങ്ങളിൽ പെട്ടതിനാൽ സർക്കാർ ഒരു വർഷമേ തുടർന്നുള്ളൂ. ഷിനവത്ര പദവി ഒഴിഞ്ഞതിനെത്തുടർന്ന് സെപ്തംബറിൽ പാർലമെന്റ് അനുതിനെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. ഈ സർക്കാർ മൂന്നു മാസം തികച്ചതേയുള്ളൂ. അനുതിന് അധികാരം നേടുന്നതിൽ പ്രധാന പങ്കുവഹിച്ചത് പ്രതിപക്ഷമായ പീപ്പിൾസ് പാർട്ടിയുടെ പിന്തുണയായിരുന്നു. അവരുടെ പിന്തുണയ്ക്ക് ലഭിക്കാൻ ഉപാധികൾ വച്ചിരുന്നു. രാജ്യത്ത് നാല് മാസത്തിനകം പാർലമെന്റ് പിരിച്ചുവിടണം. മാത്രമല്ല തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ ഉൾപ്പെടുത്തി പുതിയ ഭരണഘടനയെ കുറിച്ച് ഒരു റഫറണ്ടം നടത്തുകയും വേണം. എന്നിങ്ങനെയായിരുന്നു ഉപാധി. സൈനിക ഭരണകാലത്ത് രൂപപ്പെടുത്തിയ ഭരണഘടനയാണ് തായ്ലാൻഡിൽ നിലനിൽക്കന്നത്. ഇതിൽ ജനാധിപത്യ വിരുദ്ധമായ വ്യവസ്ഥകളുണ്ടെന്ന് ആരോപിച്ച് പീപ്പിൾസ് പാർട്ടി വർഷങ്ങളായി ഭരണഘടനാ പുനഃരുദ്ധാരണത്തിനായി പ്രചാരണ രംഗത്തുണ്ട്. അതവർ കരാറിലെ മുഖ്യ ഇനമാക്കി. എന്നാൽ ഇതിനിടെ, അനുതിന്റെ ഭുംജൈതായ് പാർട്ടി ഒരു ഭരണഘടനാ ഭേദഗതിക്ക് അനുകൂലമായി വോട്ട് ചെയ്തത് പീപ്പിൾസ് പാർട്ടിയുമാള്ള കരാറിന് വെല്ലുവിളി ഉയർത്തി. പുതിയ ബില്ല് തങ്ങളുടെ കരാറിന്റെ ആത്മാവിനും ലക്ഷ്യത്തിനും വിരുദ്ധമാണ് എന്ന് ആരോപിച്ചു. അവിശ്വാസ പ്രമേയം കൊണ്ടു വരാൻ നീക്കം തുടങ്ങി. പ്രതിനിധിസഭയിൽ ഏറ്റവും കൂടുതൽ സീറ്റുകൾ പീപ്പിൾസ് പാർട്ടിക്കാണുള്ളത്. ഭുംജൈതായ്ക്കെതിരായ പ്രധാന വെല്ലുവിളിയായി അവർ നിലകൊള്ളുന്നു. ഈ സാഹചര്യമാണ് അനുതിനെ പെട്ടെന്ന് പാർലമെന്റ് പിരിച്ചുവിടാനുള്ള തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചതെന്ന് രാഷ്ട്രീയ വിശകലനങ്ങൾ പറയുന്നു. രാജ്യത്ത് യുദ്ധ സാഹചര്യമാണ് നിലനിൽക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |