
ന്യൂഡൽഹി: പാട്ടത്തിനിനെടുത്ത ചെറിയ ഖനിഭൂമിയിൽ നിന്ന് ലക്ഷങ്ങൾ വിലയുള്ള വജ്ര കല്ലുകൾ കണ്ടെത്തി സുഹൃത്തുക്കൾ. മദ്ധ്യപ്രദേശിലെ പന്നയിലാണ് സംഭവം. 24 വയസുകാരനായ സതീഷ് ഖാതി, 23 കാരനായ സാജിത്ത് മുഹമ്മദ് എന്നിവർ ചേർന്നാണ് വജ്രക്കല്ലുകൾ കണ്ടെത്തിയത്. 20 ദിവസം മുൻപ് 200 രൂപ ഡെപ്പോസിറ്റ് നൽകിയാണ് ഇവർ സ്ഥലം പാട്ടത്തിനെടുത്തത്. കൃഷ്‌ണ കല്യാൺപൂരിൽ ആറുചതുരശ്ര മീറ്റർ വിസ്‌തീർണത്തിലാണ് ഇവർ ഖനി പാട്ടത്തിനെടുത്തത്.
സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി ഒരു രത്നം കണ്ടെത്താമെന്നുള്ള പ്രതീക്ഷയിലാണ് ഇരുവരും വജ്രഭുമി പാട്ടത്തിനെടുത്ത് കുഴിക്കാനാരംഭിച്ചത്. ഇവിടെ നിന്നും വിലപിടിപ്പുള്ള വജ്രം കണ്ടെത്തിയതിലൂടെ തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമായെന്ന് ആശ്വസിക്കുകയാണ് യുവാക്കൾ.
15.34 കാരറ്റുള്ള രണ്ട് വജ്രക്കല്ലുകളാണ് ഇവർ കണ്ടെത്തിയത്. ഖനനം ചെയ്‌ത് കിട്ടിയ വജ്രം ഇരുവരും അധികാരികളെ ഏൽപ്പിച്ചു. രത്നത്തിന്റെ ഗുണനിലവാരം പരിശോധിച്ച ശേഷം ഓരോ കല്ലിനും 50 ലക്ഷം വീതം വില വരുമെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. വരാനിരിക്കുന്ന ലേലത്തിൽ ഇത് വിൽപനയ്‌ക്ക് വയ്‌ക്കുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.
പണം ലഭിച്ചാൽ പ്രഥമ പരിഗണന തങ്ങളുടെ സഹോദരിമാരുടെ വിവാഹം നടത്തുന്നതിനാണെന്ന് യുവാക്കൾ പറയുന്നു. ഇരുവരും പന്നയിലെ റാണിഗഞ്ചിലാണ് താമസിക്കുന്നത്. സതീഷ് ഒരു ചെറിയ ഇറച്ചിക്കട നടത്തുന്നുണ്ട്. സാജിദ് ജോലി ചെയ്യുന്നത് പഴക്കടയിലാണ്. സാജിദിന്റെ മുത്തച്ഛനും അച്ഛനുമെല്ലാം ഇത്തരത്തിൽ ഖനി പാട്ടത്തിനെടുത്ത് ഭാഗ്യം പരീക്ഷിച്ചിട്ടുണ്ട്. എന്നാൽ അവർക്ക് ഇത്രയും വിലകൂടിയ വജ്രങ്ങൾ ലഭിച്ചിട്ടില്ല.
വജ്രങ്ങളുടെ നഗരമായ പന്നയിൽ ഇത്തരത്തിൽ നിരവധി പേർ ഭാഗ്യം പരീക്ഷണം നടത്താറുണ്ട്. കഴിഞ്ഞ മാസം ആറോളം കർഷകർ ഇവിടെ നിന്ന് വജ്രങ്ങൾ കണ്ടെത്തിയിരുന്നു. അവയിൽ മൂന്നെണ്ണത്തിന് ഏകദേശം 12 ലക്ഷം രൂപയോളം വിലവരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |