ന്യൂഡൽഹി: മുംബയ് ട്രെയിൻ സ്‌ഫോടനക്കേസിലെ 12 പ്രതികളെ കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. ജസ്റ്റിസുമാരായ എംഎം സുന്ദരേഷ്, എൻ കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് നിരീക്ഷണം നടത്തിയത്. പ്രതികളെ വീണ്ടും ജയിലാക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് മഹാരാഷ്ട്ര സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി പരിഗണിക്കുന്നതിനിടെയാണ് ഈ സംഭവവികാസങ്ങൾ ഉണ്ടായത്. കേസിലെ എല്ലാ പ്രതികൾക്കും നോട്ടീസ് അയച്ചു.
മഹാരാഷ്ട്ര സർക്കാരിനുവേണ്ടി സുപ്രീംകോടതിയിൽ ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും കുറ്റവിമുക്തരാക്കപ്പെട്ടവരുടെ മോചനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടില്ല. പ്രതികൾക്കെതിരായി കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി ചൂണ്ടിക്കാട്ടിയാണ് ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. പ്രോസിക്യൂഷൻ തെളിവുകൾ പര്യാപ്‌തമല്ലെന്ന് ജസ്റ്റിസുമാരായ അനിൽ കിലോർ, ശ്യാം ചന്ദക് എന്നിവരടങ്ങിയ ഹൈക്കോടതി പ്രത്യേക ബെഞ്ച് വ്യക്തമാക്കിയിരുന്നു. 2015ൽ വിചാരണക്കോടതി പ്രതികളിൽ അഞ്ചുപേർക്ക് വധശിക്ഷയും ബാക്കിയുള്ളവർക്ക് ജീവപര്യന്തവും ശിക്ഷ വിധിച്ചിരുന്നു.
2006 ജൂലായ് 11ന് ഉണ്ടായ സ്‌ഫോടന പരമ്പരയിൽ 189 പേർക്കാണ് ജീവൻ നഷ്ടമായത്. 11 മിനിട്ടിനിടെ വിവിധ മുംബയ് ലോക്കൽ ട്രെയിനുകളിലായി ഏഴ് ബോംബുകളാണ് പൊട്ടിയത്. സ്‌ഫോടനത്തിന്റെ ആക്കം കൂട്ടുന്നതിനായി പ്രഷർ കുക്കറുകളും ഉപയോഗിച്ചിരുന്നു. സംഭവദിവസം വൈകിട്ട് 6.24നാണ് ആദ്യത്തെ പൊട്ടിത്തെറിയുണ്ടായത്, അവസാനത്തേത് 6.35നും. ചർച്ച്‌ഗേറ്റിൽ നിന്നുള്ള ട്രെയിനുകളിലെ ഫസ്റ്റ് ക്ളാസ് കമ്പാർട്ടുമെന്റുകളിലാണ് ബോംബുകൾ സ്ഥാപിച്ചിരുന്നത്. മതുംഗ റോഡ്, മാഹിം ജംഗ്ഷൻ, ബാന്ദ്ര, ഖാർ റോഡ്, ജോഗേശ്വരി, ബയന്താർ, ബോരിവാലി എന്നീ സ്റ്റേഷനുകൾക്ക് സമീപത്തായാണ് സ്‌ഫോടനമുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |