ചെന്നൈ: കേന്ദ്രസർക്കാരുമായുള്ള അസ്വാരസ്യങ്ങൾ തുടരവേ സംസ്ഥാന ബഡ്‌ജറ്റിൽ രൂപയുടെ ചിഹ്നത്തിന് മാറ്റം വരുത്തി തമിഴ്‌നാട് സർക്കാർ. വെള്ളിയാഴ്‌ച അവതരിപ്പിക്കുന്ന സംസ്ഥാന ബഡ്‌ജറ്റിന്റെ പ്രചാരണ വസ്തുക്കളിലാണ് രൂപയുടെ ചിഹ്നമായ '₹' പകരമായി തമിഴ് അക്ഷരമായ 'രു' (ரூ) നൽകിയിരിക്കുന്നത്. മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് സമൂഹമാദ്ധ്യമത്തിലൂടെ പുതിയ ലോഗോ അവതരിപ്പിച്ചത്.
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള ത്രിഭാഷാ പദ്ധതിയിലൂടെ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങൾക്കെതിരായുള്ള പോരാട്ടത്തിന്റെ ഭാഗമാണ് തമിഴ്‌നാട് സർക്കാരിന്റെ പുതിയ നീക്കം. എന്നാൽ ചിഹ്നത്തിന്റെ മാറ്റം സംബന്ധിച്ച ഔദ്യോഗിക വിശദീകരണമൊന്നും പുറത്തുവന്നിട്ടില്ല. എന്നാൽ പുതിയ മാറ്റം അനധികൃതമായ കാര്യമല്ലെന്ന് ഡിഎംകെ നേതാവ് ശരവണൻ അണ്ണാദുരൈ പറഞ്ഞു. ഇതൊരു ഏറ്റുമുട്ടൽ അല്ല, നമ്മൾ തമിഴിന് പ്രാധാന്യം നൽകുന്നു, അതുകൊണ്ടാണ് സർക്കാർ ഇങ്ങനെയൊരു മാറ്റവുമായി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ ഡിഎംകെ സർക്കാരിന്റെ പുതിയ നീക്കത്തിനെതിരെ ബിജെപി രംഗത്തെത്തി. ചിഹ്നത്തിന്റെ മാറ്റം ഇന്ത്യയിൽ നിന്ന് വ്യത്യസ്തമാണെന്നും തങ്ങളുടെ പരാജയങ്ങൾ മറയ്ക്കാനുള്ള ശ്രമമാണെന്നും പാർട്ടിയുടെ സംസ്ഥാന വക്താവ് നാരായണൻ തിരുപ്പതി ആരോപിച്ചു. സർക്കാരിന്റെ പുതിയ നീക്കം വിഡ്ഡിത്തരമാണന്നാണ് തമിഴ്‌നാട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ പരിഹസിച്ചത്. രൂപയുടെ ചിഹ്നത്തിന് രൂപം നൽകിയത് മുൻ ഡിഎംകെ എംഎൽഎയുടെ മകനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |