ന്യൂഡൽഹി: വിമാനയാത്രക്കിടെ കോക്‌പിറ്റിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച് യാത്രക്കാരൻ. ബംഗളൂരുവിൽ നിന്ന് വാരാണസിയിലേയ്ക്ക് പോവുകയായിരുന്ന എയർ ഇന്ത്യ എക്‌സ്‌പ്രസ് ഫ്ളൈറ്റ് IX-1086ൽ ആണ് സംഭവം നടന്നത്. രാവിലെ എട്ടുമണിക്കാണ് ബംഗളൂരു വിമാനത്താവളത്തിൽ നിന്ന് വിമാനം പറന്നുയർന്നത്. യാത്രക്കിടെ ഒരാൾ കോക്‌പിറ്റിന്റെ സമീപമെത്തി വാതിൽ തുറക്കാൻ ശ്രമിക്കുകയായിരുന്നു.
കോക്‌പിറ്റിന്റെ വാതിലിന് കനത്ത സുരക്ഷയാണുള്ളത്. പാസ്‌കോഡ് നൽകിയാൽ മാത്രമേ വാതിൽ തുറക്കാൻ സാധിക്കുകയുള്ളൂ. പാസ്‌കോഡ് നൽകിക്കഴിഞ്ഞ് പൈലറ്റിന് പ്രവേശനം അനുവദിക്കുകയോ നിരസിക്കുകയോ ചെയ്യാം. അനധികൃതമായി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരന് പാസ്‌കോഡ് ശരിയായി നൽകാൻ കഴിഞ്ഞില്ല. പിന്നാലെ ജീവനക്കാർ ഇയാളെ തിരികെ സീറ്റിൽ ഇരുത്തുകയായിരുന്നു.
യാത്രക്കാരൻ എന്തിനാണ് കോക്‌പിറ്റിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചത് എന്നത് വ്യക്തമല്ല. എട്ടുപേർ ഇയാളുടെ ഒപ്പമുണ്ടായിരുന്നു. വിമാനം വാരാണസിയിൽ എത്തിയതിന് പിന്നാലെ ജീവനക്കാർ ഇയാളെ സിഐഎസ്‌എഫിന് കൈമാറി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി എയർ ഇന്ത്യ അറിയിച്ചു. ടോയ്‌ലറ്റ് തിരയുന്നതിനിടെ യാത്രക്കാരൻ കോക്‌പിറ്റിന്റെ വാതിൽ തുറക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് എയർ ഇന്ത്യ പറഞ്ഞത്. വിമാനയാത്രയിൽ ശക്തമായ സുരക്ഷയും സുരക്ഷാ പ്രോട്ടോക്കോളുകളും നിലവിലുണ്ടെന്നും അതിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും എയർ ഇന്ത്യ വ്യക്തമാക്കി. ലാൻഡിംഗിന് പിന്നാലെ ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിച്ചു. നിലവിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കമ്പനി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |