വാഷിംഗ്ടൺ: ടെക്സസ് നഗരത്തിൽ സ്ഥാപിച്ച ഹനുമാൻ പ്രതിമയ്ക്കെതിരെ രൂക്ഷ വിമർശമവുമായി റിപ്പബ്ലിക്കൻ നേതാവ് അലക്സാണ്ടർ ഡങ്കൻ. 90 അടി ഉയരമുള്ള സ്റ്റാച്യു ഒഫ് യൂണിയൻ എന്ന പേരിൽ അറിയപ്പെടുന്ന പ്രതിമ 2024ൽ ആണ് ടെക്സസിൽ അനാഛാദനം ചെയ്തത്. ‘എന്തിനാണ് ടെക്സസിൽ നമ്മൾ ഒരു കപട ഹിന്ദുദൈവത്തിൻറെ പ്രതിമ അനുവദിക്കുന്നത്? നമ്മൾ ക്രൈസ്തവ രാജ്യമാണ്,’ ഡങ്കൻ എക്സിലെ പോസ്റ്റിൽ പറഞ്ഞു. ടെക്സസിലെ ശ്രീ അഷ്ടലക്ഷ്മി ക്ഷേത്രത്തിലെ പ്രതിമയുടെ വീഡിയോ പങ്കുവെച്ചായിരുന്നു കുറിപ്പ്.
ഏകദൈവവിശ്വാസം നിഷ്‍കർഷിക്കുന്നതും വിഗ്രഹാരാധന വിലക്കുന്നതുമായ ബൈബിൾ ഉദ്ധരണികളും ഡങ്കൻ മറ്റൊരു പോസ്റ്റിൽ പങ്കുവെച്ചു. പ്രസ്താവനയിൽ പ്രതിഷേധവുമായി വിവിധ ഹൈന്ദവ സംഘടനകൾ രംഗത്തെത്തി. വിഷയം റിപ്പബ്ളിക്കൻ പാർട്ടിയുടെ ശ്രദ്ധയിൽ പെടുത്തി നടപടി ആവശ്യപ്പെടുമെന്നും ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ എക്സിലെ കുറിപ്പിൽ പറഞ്ഞു. ‘സ്റ്റാച്യു ഓഫ് യൂണിയൻ’ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ ഹിന്ദു സ്മാരകങ്ങളിൽ ഒന്നാണ്. ഹൈദാരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹൈന്ദവ ആത്മീയ ആചാര്യൻ ചിന്നജീയരുടെ നേതൃത്വത്തിലാണ് പ്രതിമ വിഭാവനം ചെയ്തത്. അമേരിക്കയിലെ മൂന്നാമത്തെ ഉയരം കൂടിയ പ്രതിമയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |